വംശീയതയ്ക്കും ഫാസിസത്തിനുമെതിരേ ഓസില്‍ നേടിയ മനോഹര ഗോള്‍

ജര്‍മന്‍ താരം മെസുറ്റ് ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കലിന്റെ ഞെട്ടലിലാണ് ഫുട്‌ബോള്‍ ലോകം
വംശീയതയ്ക്കും ഫാസിസത്തിനുമെതിരേ ഓസില്‍ നേടിയ മനോഹര ഗോള്‍

ഇസ്താംബുള്‍: ജര്‍മന്‍ താരം മെസുറ്റ് ഓസിലിന്റെ അപ്രതീക്ഷിത വിരമിക്കലിന്റെ ഞെട്ടലിലാണ് ഫുട്‌ബോള്‍ ലോകം. വിരമിച്ചു എന്നതിനേക്കാള്‍ അതിനിടയാക്കിയ സംഭവങ്ങളാണ് ലോകം ഏറെ ചര്‍ച്ച ചെയ്യുന്നത്. വംശീയമായി അധിക്ഷേപിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഓസില്‍ ജര്‍മന്‍ കുപ്പായമഴിക്കാന്‍ 29ാം വയസില്‍ തീരുമാനിച്ചത്. ജര്‍മനിക്കായി കളിക്കുന്ന ഓസില്‍ തുര്‍ക്കി വംശജനാണ്. ലോകകപ്പിന് മുന്‍പ് ജര്‍മന്‍ ടീമിലെ മറ്റൊരു തുര്‍ക്കി വംശജനായ ഇല്‍കെ ഗുണ്ടകനൊപ്പം തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനെ സന്ദര്‍ശിച്ചതും അദ്ദേഹത്തിനൊപ്പം ഫോട്ടോയെടുത്തതുമടക്കമുള്ള വിഷയങ്ങളുടെ പേരില്‍ ജര്‍മന്‍ മാധ്യമങ്ങളും ഫുട്‌ബോള്‍ അധികൃതരും താരത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. ലോകകപ്പിലെ ആദ്യ റൗണ്ടില്‍ ജര്‍മനി പുറത്തായതിന്റെ കുറ്റം മുഴുവന്‍ ഓസിലിന്റെ തലയില്‍ കെട്ടിവച്ചും മാധ്യമങ്ങള്‍ പകവീട്ടി. ഇതില്‍ മനംമടുത്താണ് ഓസില്‍ ഞെട്ടിക്കുന്ന തീരുമാനം കൈക്കൊണ്ടത്. ജയിക്കുമ്പോള്‍ അവര്‍ക്ക് താന്‍ ജര്‍മനിക്കാരനും പരാജയപ്പെടുമ്പോള്‍ അവര്‍ക്ക് തുര്‍ക്കി വംശജനുമാണെന്ന് തുറന്നടിച്ചാണ് ഓസില്‍ ജര്‍മന്‍ ടീമിനോട് വിട പറഞ്ഞത്. 

വിഷയം ലോകമെമ്പാടും പല തരത്തിലുള്ള പ്രതികരണങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. തുര്‍ക്കി മന്ത്രിമാര്‍ ഒന്നടങ്കം ഓസിലിന് പിന്തുണയുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി. ഫാസിസമെന്ന വൈറസിനെതിരായ ഗോളാണ് മെസുറ്റ് ഓസില്‍ നേടിയതെന്ന് ഒരു മന്ത്രി വ്യക്തമാക്കി. ഫാസിസത്തിനും വംശീയതയ്ക്കും എതിരായ ഏറ്റവും മനോഹരമായ ഗോള്‍ നേടി ദേശീയ ടീമിനോട് വിട പറഞ്ഞ മെസുറ്റ് ഓസിലിനെ അഭിനന്ദിക്കുന്നതായി നിയമമന്ത്രി അബ്ദുല്‍ഹമിത് ഗുല്‍ ട്വിറ്ററില്‍ കുറിച്ചു. തുര്‍ക്കി രാജ്യത്തിന്റെ ആത്മര്‍ഥമായ പിന്തുണകള്‍ ഓസിലിനുണ്ടെന്ന് തുര്‍ക്കി കായിക മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com