18 റണ്‍സിന് ഓള്‍ഔട്ട്, 12 മിനിറ്റില്‍ വിജയം; റെക്കോഡ് ബുക്കില്‍ കയറി ക്രിക്കറ്റ് മത്സരം 

ചുരുങ്ങിയ സമയമായ 12 മിനിറ്റു കൊണ്ട് രണ്ടാമത് ബാറ്റ് ചെയ്ത ടീം ലക്ഷ്യത്തില്‍ എത്തിയാണ് റെക്കോഡിട്ടത്
18 റണ്‍സിന് ഓള്‍ഔട്ട്, 12 മിനിറ്റില്‍ വിജയം; റെക്കോഡ് ബുക്കില്‍ കയറി ക്രിക്കറ്റ് മത്സരം 

ക്രിക്കറ്റ് ബാറ്റ്‌സ്മാന്മാരുടെ കളിയാണ് എന്നാണ് അടുത്ത കാലത്തെ വിശേഷണം. അതിന് ചേര്‍ന്ന പ്രകടനങ്ങളാണ് മൈതാനങ്ങളില്‍ കണ്ടുവരുന്നത്. എന്നാല്‍ ബ്രിട്ടണിലെ ഒരു ക്ലബ് മത്സരം ഇതിന് ഒരു മറുവാദമായിരിക്കുകയാണ്. ബൗളര്‍മാരുടെ പറുദീസയായി മാറി ഈ മത്സരം. ഏറ്റവും നിരാശജനകമായ ബാറ്റിങിന് മൈതാനം സാക്ഷിയായി എന്ന് പറഞ്ഞാലും തെറ്റില്ല.

ബ്രിട്ടണിലെ ലീഗ് മത്സരമാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചത്. ചുരുങ്ങിയ സമയമായ 12 മിനിറ്റു കൊണ്ട് രണ്ടാമത് ബാറ്റ് ചെയ്ത ടീം ലക്ഷ്യത്തില്‍ എത്തിയാണ് റെക്കോഡിട്ടത്. ഇത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ്വ നേട്ടമായിട്ടാണ് വിലയിരുത്തുന്നത്.

ബെക്കന്‍ഹാം സിസിയും ബെക്‌സിലി സിസിയും തമ്മിലുളള ക്ലബ് മത്സരമാണ് ചരിത്രത്തില്‍ ഇടംപിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബെക്കന്‍ഹാം സിസിയുടെ എല്ലാം ബാറ്റ്‌സ്മാന്മാരും കേവലം 18 റണ്‍സിന്  കൂടാരം കയറി. 49 മിനിറ്റ് മാത്രമാണ് ഇത് നീണ്ടുനിന്നത്. അതിന് മുന്‍പ് 10 വിക്കറ്റുകളും നഷ്ടമായി. സ്‌കോട്ട്‌ലന്‍ഡിന് വേണ്ടി 57 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുളള കാലം മാക് ലിയോഡാണ് ബെക്കന്‍ഹാമിന് നാശംവിതച്ചത്. 9 റണ്‍സ് എടുക്കുന്നതിന് മുന്‍പ് നാലുവിക്കറ്റ് നഷ്ടപ്പെട്ട ബെക്കന്‍ഹാം ടീമിന്റെ ശേഷിച്ച വിക്കറ്റുകള്‍ കേവലം തുടര്‍ന്നുളള ഒന്‍പത് റണ്‍സില്‍ നഷ്ടമാകുന്ന കാഴ്ചയ്ക്കാണ് മൈതാനം സാക്ഷിയായത്.

തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ബെക്‌സിലി അനായാസം മത്സരം വിജയിക്കുന്നതാണ് കണ്ടത്. വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ട ബെക്‌സിലി ബാറ്റിങിനായി ചെലവഴിച്ചത് കേവലം 12 മിനിറ്റ് മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com