തകര്‍പ്പന്‍ ഫോമില്‍ ; പക്ഷെ ഒരു ടീമിലും റായുഡു ഇല്ല, കാരണമിതാണ്

തകര്‍പ്പന്‍ ഫോമിലാണെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീം അംഗമായ അമ്പാട്ടി റായുഡുവിനെ സെലക്ടര്‍മാര്‍ വീണ്ടും തഴഞ്ഞു 
തകര്‍പ്പന്‍ ഫോമില്‍ ; പക്ഷെ ഒരു ടീമിലും റായുഡു ഇല്ല, കാരണമിതാണ്

മുംബൈ : തകര്‍പ്പന്‍ ഫോമിലാണെങ്കിലും ഇന്ത്യന്‍ സീനിയര്‍ ടീം അംഗമായ അമ്പാട്ടി റായുഡുവിനെ സെലക്ടര്‍മാര്‍ വീണ്ടും തഴഞ്ഞു. ഇന്ത്യ എ, ബി ടീമുകളിലേക്കോ, ദുലീപ് ട്രോഫിക്കുവേണ്ടിയുള്ള ടീമുകളിലേക്കോ ഈ ഹൈദരാബാദുകാരനെ പരിഗണിച്ചില്ല. ടീമിലേക്ക് തെരഞ്ഞെടുക്കാന്‍ കളിക്കാര്‍ യോയോ എന്ന ഫിറ്റ്‌നസ് ടെസ്റ്റ് പാസ്സാകേണ്ടതുണ്ട്. ഈ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് മികച്ചഫോമില്‍ നില്‍ക്കുമ്പോഴും റായുഡുവിന് വിനയായത്. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്ന് 602 റണ്‍സ് നേടിയ റായുഡു, ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സാമാന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തായിരുന്നു. ധോണിയുടെ ടീമിന്റെ മികച്ച റണ്‍വേട്ടക്കാരനുമായിരുന്നു ഈ 32 കാരന്‍. പക്ഷെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും റായുഡു ഒഴിവാക്കപ്പെട്ടു. 

യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെയാണ് ഇത്. പകരം സുരേഷ് റെയ്‌നയാണ് ടീമില്‍ ഇടം നേടിയത്. നേരത്തെ ജൂണ്‍ 15നാണ് റായിഡു ബംഗളൂരുവില്‍ യോയോ ടെസ്റ്റില്‍ പങ്കെടുത്തത്. ഇത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആറാഴ്ച്ചക്ക് ശേഷം കഴിഞ്ഞ ദിവസം റായിഡു വീണ്ടും യോയോ ടെസ്റ്റില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിലും അദ്ദേഹത്തിന് വിജയിക്കാനായില്ല. 

ഇന്ത്യ എ, ഇന്ത്യ ബി ടീമുകള്‍, ദുലീപ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യ ബ്ലൂ, റെഡ്, ഗ്രീന്‍ ടീമുകളിലേക്കാണ് റായുഡുവിനെ പരിഗണിക്കാതിരുന്നത്. യോയോ ടെസ്റ്റ് വിജയിക്കാത്തവരെ ടീമിലേക്ക് തെരഞ്ഞെടുക്കരുതെന്ന് ബിസിസിഐ സെലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ജൂനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലുള്ള റായുഡു യോയോ ടെസ്റ്റില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ച സമയം നീട്ടി ചോദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com