'സച്ചിന്‍ ഒരു അഹങ്കാരിയും സ്വാര്‍ത്ഥനുമാണ്'; കേരള ക്യാപ്റ്റനെ മാറ്റണം എന്നാവശ്യപ്പെട്ട് സഹതാരങ്ങള്‍

സച്ചിന്‍ ബേബി സ്വാര്‍ഥനാണെന്നും അഹങ്കാരിയാണെന്നും പെട്ടെന്ന് ക്ഷോഭിക്കുന്നവനാണെന്നും ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും കത്തില്‍ പറയുന്നു
'സച്ചിന്‍ ഒരു അഹങ്കാരിയും സ്വാര്‍ത്ഥനുമാണ്'; കേരള ക്യാപ്റ്റനെ മാറ്റണം എന്നാവശ്യപ്പെട്ട് സഹതാരങ്ങള്‍

കോഴിക്കോട്: കേരളക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരേ സഹതാരങ്ങള്‍ രംഗത്ത്, സച്ചിന്‍ അഹങ്കാരിയും സ്വാര്‍ത്ഥനുമാണെന്നാണ് ടീമിലെ മറ്റ് അംഗങ്ങള്‍ പറയുന്നത്. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് സച്ചിനെ മാറ്റി പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കണമെന്നാണ് 13 അംഗങ്ങള്‍ ഒപ്പുവെച്ച കത്ത് കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറി. 

'പ്രതീക്ഷകളോടെ പുതിയ സീസണ്‍ നോക്കിക്കാണുന്ന അവസരത്തില്‍ ടീമെന്ന നിലയിലുള്ള ആശങ്കയാണിത്. ഓരോ കളിക്കാരോടുമുള്ള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പെരുമാറ്റം ടീമിന്റെ വിജയത്തിന് കോട്ടം വരുത്തുന്നതാണ്'. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ കത്തിലൂടെ വ്യക്തമാക്കി. സച്ചിന്‍ ബേബി സ്വാര്‍ഥനാണെന്നും അഹങ്കാരിയാണെന്നും പെട്ടെന്ന് ക്ഷോഭിക്കുന്നവനാണെന്നും ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും കത്തില്‍ പറയുന്നു. ടീം വിജയിച്ചാല്‍ എല്ലാ ക്രെഡിറ്റും ക്യാപ്റ്റനെടുക്കുന്നു. തോറ്റാല്‍ മറ്റു താരങ്ങളെ കുറ്റപ്പെടുത്തുന്നു. ക്യാപ്റ്റന്റെ ഈ സമീപനം താരങ്ങളെ വേദനിപ്പിക്കുന്നുണ്ട്. കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ ചരിത്ര വിജയത്തില്‍ പങ്കാളികളായ ടീമംഗങ്ങളില്‍ ചിലര്‍ മറ്റു സംസ്ഥാനങ്ങള്‍ക്കായി കളിക്കാന്‍ പോയെന്നും ഇതിന് കാരണവും സച്ചിന്‍ ബേബി തന്നെയാണെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഈ മാസം ആദ്യമാണ് താരങ്ങള്‍ കത്തുനല്‍കിയത്. 

കെ.സി.എ സെക്രട്ടറിയ്ക്ക് നല്‍കിയ കത്തില്‍ അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീന്‍, എം.ഡി നിധീഷ്, വി.ജി റൈഫി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവരാണ് ഒപ്പുവെച്ചത്. അതേസമയം, കത്തില്‍ പേരുണ്ടെങ്കിലും പി.രാഹുലും, വിഷ്ണു വിനോദും ഒപ്പിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com