മൂന്ന് നിബന്ധനകള്‍ മുന്നില്‍ വെച്ച് മെസി, അംഗീകരിച്ചാല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാം

തന്റെ മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ തുടര്‍ന്നും അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമെന്നാണ് മെസി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനെ അറിയിച്ചിരിക്കുന്നത്
മൂന്ന് നിബന്ധനകള്‍ മുന്നില്‍ വെച്ച് മെസി, അംഗീകരിച്ചാല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാം

ലോക കിരീടം എന്ന പ്രതീക്ഷ റഷ്യയിലും അവസാനിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഇനിയും കളിക്കാന്‍ മെസി എത്തുമോ എന്ന ആശങ്കയായിരുന്നു ശക്തമായത്. വിരമിക്കില്ലെന്നും, ലോക കിരീടം ചൂടാതെ തൃപ്തനാവില്ലെന്നും റഷ്യയില്‍ വെച്ചു തന്നെ മെസി വ്യക്തമാക്കിയിരുന്നു. എങ്കിലും ആരാധകരുടെ ആശങ്ക അവസാനിച്ചിരുന്നില്ല. 

ഇപ്പോള്‍, തന്റെ മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ തുടര്‍ന്നും അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമെന്നാണ് മെസി അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷനെ അറിയിച്ചിരിക്കുന്നത് എന്നാണ് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് താപിയയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ മൂന്ന് ആവശ്യങ്ങള്‍ മെസി മുന്നോട്ട് വെച്ചതായാണ് അര്‍ജന്റീനിയന്‍ ദിനപത്രമായ ക്ലേറിന്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നത്. 

ഒന്നാമത്തേത്, ടീമിന് ഇണങ്ങുന്ന തന്ത്രങ്ങളും ശൈലിയുമുള്ള പുതിയ പരിശീലകനെ കണ്ടെത്തണം. ടീമില്‍ തനിക്ക് വ്യക്തമായ സ്ഥാനം വേണമെന്നതാണ് രണ്ടാമത്തെ ആവശ്യം. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന് ഉള്ളിലുള്ള അഴിമതിയും മറ്റ് പ്രശ്‌നങ്ങളും പരിഹരിച്ച് കളിക്കാര്‍ക്ക് നല്ല അന്തരീക്ഷം ഒരുക്കണം എന്നതാണ് മെസി ഉന്നയിച്ചിരിക്കുന്ന മൂന്നാമത്തെ ആവശ്യം. 

മെസി വീണ്ടും അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കാന്‍ എത്തുമോ എന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. മാഷറാനോ, ലുകാസ് ബിഗ്ലിയ എന്നീ താരങ്ങള്‍ ഇല്ലാത്ത അര്‍ജന്റീനിയന്‍ ടീമിലായിരിക്കും ഇനി മെസിക്ക് കളിക്കേണ്ടി വരിക. ഹിഗ്വിനും, ഡി മരിയയും, അഗ്യൂറോയുമെല്ലാം പ്രായത്തിന്റെ പിടിയിലേക്ക് വീണിരിക്കുന്നു എന്നതും മെസിക്ക് വെല്ലുവിളിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com