കളിക്കാരേക്കാള്‍ ഉയര്‍ന്ന പ്രതിഫലം അമ്പയര്‍മാര്‍ക്ക്; എതിര്‍പ്പുമായി ക്രിക്കറ്റ് അസോസിയേഷനുകള്‍

അമ്പയര്‍ക്ക് ട്വിന്റി20 ഒഴികെയുള്ള ഒരു മത്സരത്തില്‍ നിന്നും 40,000 രൂപ ലഭിക്കും. ട്വിന്റി20യില്‍ പ്രതിഫലം 10,000ല്‍ നിന്നും 20,000ലേക്ക് ഉയര്‍ത്തി
കളിക്കാരേക്കാള്‍ ഉയര്‍ന്ന പ്രതിഫലം അമ്പയര്‍മാര്‍ക്ക്; എതിര്‍പ്പുമായി ക്രിക്കറ്റ് അസോസിയേഷനുകള്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന കളിക്കാരേക്കാള്‍ ഉയര്‍ന്ന മാച്ച് ഫീ അമ്പയര്‍മാര്‍ക്കും ക്യുറേറ്റര്‍മാര്‍ക്കും പ്രതിഫലമായി പ്രഖ്യാപിച്ച ബിസിസിഐ നടപടിക്കെതിരെ ബിസിസിഐയില്‍ നിന്നും രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നും എതിര്‍പ്പ്. കളിക്കാര്‍ക്ക ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അമ്പയര്‍മാര്‍ക്ക്‌ നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയരുന്നത്. 

മുന്‍ ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ ഏതിര്‍പ്പുയര്‍ത്തി പരസ്യമായി രംഗത്തെത്തി. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍, കേരള, നാഷണല്‍ ക്രിക്കറ്റ് ക്ലബ് എന്നിവര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക ജനറല്‍ മീറ്റിങ് ചേരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏപ്രില്‍ 12ന് ചേര്‍ന്ന ബിസിസിഐയുടെ ഭരണകാര്യ സമിതിയായിരുന്നു അമ്പയര്‍, റഫറി, ക്യുറേറ്റര്‍ എന്നിവരുടെ പ്രതിഫലം ഇരട്ടിയാക്കാന്‍ തീരുമാനിച്ചത്. ഇതോടെ അമ്പയര്‍ക്ക് ട്വിന്റി20 ഒഴികെയുള്ള ഒരു മത്സരത്തില്‍ നിന്നും 40,000 രൂപ ലഭിക്കും. ട്വിന്റി20യില്‍ പ്രതിഫലം 10,000ല്‍ നിന്നും 20,000ലേക്ക് ഉയര്‍ത്തി. 

എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്ന കളിക്കാരന് ഒരു ദിവസത്തെ കളിക്ക് 35,000 രൂപയാണ് പ്രതിഫലം. അമ്പയറുടെ മാച്ച് ഫീ ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കളിക്കാരേക്കാള്‍ ഉയര്‍ന്ന തുക അമ്പയര്‍മാര്‍ക്ക് നല്‍കുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നായിരുന്നു നിരഞ്ജന്‍ ഷായുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com