റണ്ണേഴ്‌സ് അപ്പുകള്‍ക്ക് അര്‍ജന്റീനയില്‍ സ്ഥാനമില്ല, ഞങ്ങളങ്ങിനെയാണ്; മാരക്കാനയിലെ മുറിവുണക്കുമെന്നും ഫുട്‌ബോള്‍ മിശിഹ

നിരാശകളുടെ കൂമ്പാരവും, കാത്തിരിപ്പിന്റെ അസ്വസ്ഥതയുമെല്ലാം റഷ്യയില്‍ ഉപേക്ഷിച്ചു പോരുവാന്‍ വേണ്ടിയാണ് അര്‍ജന്റീനിയന്‍ ആരാധകരുടെ ഇപ്പോഴത്തെ കാത്തിരിപ്പ്
റണ്ണേഴ്‌സ് അപ്പുകള്‍ക്ക് അര്‍ജന്റീനയില്‍ സ്ഥാനമില്ല, ഞങ്ങളങ്ങിനെയാണ്; മാരക്കാനയിലെ മുറിവുണക്കുമെന്നും ഫുട്‌ബോള്‍ മിശിഹ

2014ല്‍ ജര്‍മനിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നതിന്റെ നിരാശ അര്‍ജന്റീനിയന്‍ ആരാധകരില്‍ നിന്ന് ഇപ്പോഴും വിട്ടുപോയിട്ടുണ്ടാവില്ല. കോപ അമേരിക്കന്‍ ഫൈനലില്‍ തുടര്‍ച്ചയായി കാലിടറിയത്, മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം..ഇങ്ങനെ അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് ഞെട്ടലിന്റേയും നിരാശയുടേയും ദിനങ്ങളായിരുന്നു അന്ന്. 

ആ നിരാശകളുടെ കൂമ്പാരവും, കാത്തിരിപ്പിന്റെ അസ്വസ്ഥതയുമെല്ലാം റഷ്യയില്‍ ഉപേക്ഷിച്ചു പോരുവാന്‍ വേണ്ടിയാണ് അര്‍ജന്റീനിയന്‍ ആരാധകരുടെ ഇപ്പോഴത്തെ കാത്തിരിപ്പ്. മുപ്പതാം വയസിലെത്തി നില്‍ക്കുമ്പോള്‍ തനിക്ക് മുന്നിലുള്ള അവസാന സാധ്യതകളെ കുറിച്ച് പറയുകയാണ് ഫുട്‌ബോള്‍ മിശിഹ ഇപ്പോള്‍. 

അര്‍ജന്റീനയില്‍ റണ്ണേഴ്‌സ് അപ്പുകള്‍ക്ക് സ്ഥാനമില്ല. ഓരോ തോല്‍വികള്‍ക്ക് ശേഷവും അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ ദയയില്ലാതെ വിമര്‍ശിക്കുന്നതിനെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോഴായിരുന്നു മെസിയുടെ ഈ വാക്കുകള്‍. മൂന്ന് ഫൈനലുകളില്‍ എത്തി എന്നത് ഒരു അര്‍ഥവുമില്ലാത്ത കാര്യമാണ്. അര്‍ജന്റീന അങ്ങിനെയാണ്. അവിടെ റണ്ണേഴ്‌സ് അപ്പുകള്‍ക്ക് സ്ഥാനമില്ലെന്ന് മെസി പറയുന്നു. 

വമ്പന്‍ ഫുട്‌ബോള്‍ രാജ്യങ്ങള്‍ക്കാണ് റഷ്യയിലും സാധ്യത. ജര്‍മനി കിരീടം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യും. ടൂര്‍ണമെന്റില്‍ വളരെ ദൂരം സഞ്ചരിക്കാനുള്ള ശേഷിയുണ്ട് സ്‌പെയിനിന്. യോഗ്യതാ മത്സരങ്ങളില്‍ മികച്ച കളി പുറത്തെടുത്താണ് ബ്രസീലും പോര്‍ച്ചുഗലും വരുന്നത്. ഫ്രാന്‍സിന്റേയും കാര്യത്തില്‍ പ്രതീക്ഷ വയ്ക്കാമെന്നും മെസി വിലയിരുത്തുന്നു. 

എന്റെ സ്വപ്‌നത്തിന് ഒരു മാറ്റവും ഇപ്പോള്‍ ഇല്ല. ഫൈനലിലേക്കെത്തി കിരീടം ഉയര്‍ത്തുക. എന്നാല്‍ ഫൈനല്‍ വരെ എത്തുക എന്നത് ചില്ലറ കാര്യമല്ല. 2014ല്‍ ഞങ്ങളത് അനുഭവിച്ചതാണ്. 2014 ഞങ്ങള്‍ ആവര്‍ത്തിക്കും. പക്ഷേ അന്നത്തെ ഫലത്തില്‍ മാത്രം ഇത്തവണ മാറ്റമുണ്ടാകും. ഞങ്ങള്‍ക്ക്, അര്‍ജന്റീനിയന്‍ ഫുട്‌ബോളിലെ എന്റെ തലമുറക്കാര്‍ക്ക് ഇത് ലോക കിരീടത്തില്‍ മുത്തമിടാനുള്ള അവസാന സാധ്യയാണെന്നതും മെസി ഒാര്‍മിപ്പിക്കുന്നു. 

മാരക്കാനയിലെ മുറിവ് ഉണങ്ങിയിട്ടില്ല. അത് അങ്ങിനെ തന്നെ തുടരും. സ്വപ്‌നത്തിലേക്ക് ഞങ്ങള്‍ അവിടെ വളരെ അടുത്ത് എത്തിയിരുന്നു. എന്നാല്‍ മികച്ച ടീമിനായിരിക്കില്ല ജയം പലപ്പോഴും. അന്ന് ഞങ്ങള്‍ കരഞ്ഞു, ഞാന്‍ കരഞ്ഞു. എല്ലാ അര്‍ജന്റീനിയക്കാരും കരഞ്ഞു. ആ വേദന ഇപ്പോഴും ഉള്ളിലുണ്ടെന്ന് ഫുട്‌ബോള്‍ മിശിഹ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com