ടിക്കറ്റ് കിട്ടാനുണ്ടോ? ഛേത്രിയുടെ അഭ്യര്‍ഥന വന്നതിന് പിന്നാലെ ടിക്കറ്റ് മുഴുവന്‍ കാലി

ഇന്ത്യന്‍ ഫുട്‌ബോളിനോട് മുഖം തിരിക്കുന്ന ആരാധകര്‍ അത്തരമൊരു ഗതികേടിലേക്ക് ഇന്ത്യന്‍ നായകനെ കൊണ്ടുവന്നെത്തിച്ചെങ്കിലും അതിനിപ്പോള്‍ ആരാധകരുടെ മറുപടി വരുന്നുണ്ട്
ടിക്കറ്റ് കിട്ടാനുണ്ടോ? ഛേത്രിയുടെ അഭ്യര്‍ഥന വന്നതിന് പിന്നാലെ ടിക്കറ്റ് മുഴുവന്‍ കാലി

ആദ്യം കളി കാണാന്‍ വരു, എന്നിട്ട് ഞങ്ങളെ വിമര്‍ശിക്കൂ എന്നായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന് ആരാധകരോട് പറയേണ്ടി വന്നത്. ഇന്ത്യന്‍ ഫുട്‌ബോളിനോട് മുഖം തിരിക്കുന്ന ആരാധകര്‍ അത്തരമൊരു ഗതികേടിലേക്ക് ഇന്ത്യന്‍ നായകനെ കൊണ്ടുവന്നെത്തിച്ചെങ്കിലും അതിനിപ്പോള്‍ ആരാധകരുടെ മറുപടി വരുന്നുണ്ട്. 

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ നിര്‍ണായക മത്സരം കളിക്കാന്‍ ഇന്ത്യന്‍ സംഘം ഇറങ്ങുമ്പോള്‍ മുംബൈ ഫുട്‌ബോള്‍ അറീന സ്റ്റാന്‍ഡ് നിറഞ്ഞിരിക്കും. കെനിയയ്‌ക്കെതിരായ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം വിറ്റുപ്പോയി കഴിഞ്ഞു. 

സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയാവുകയും നിരവധി പ്രമുഖരടക്കം ഛേത്രിയുടെ അഭ്യര്‍ഥനയ്ക്ക പിന്തുണയുമായി എത്തുകയും ചെയ്തു. ബിയു നൈക്ക് ആവട്ടെ സ്റ്റാന്‍ഡ് 4 മുഴുവനായി ബുക്ക് ചെയ്ത് സൗജന്യമായി ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുകയാണ്. 

ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ആരാധകരുടെ തള്ളിക്കയറ്റത്തോടെ സൈറ്റ് ഹാങ് ആവുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ നായകന്റെ നൂറാം മത്സരം നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ നടക്കുമെന്ന് ഉറപ്പായി. എനിക്കൊരു ടിക്കറ്റ് കിട്ടുമോയെന്ന ചോദ്യവുമായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയ്ക്കും ഛേത്രിയെ സമീപിക്കേണ്ട ്അവസ്ഥയായി.

ഒഴിഞ്ഞ കാണികള്‍ക്ക് മുന്നിലായിരുന്നു ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരമായി വളര്‍ന്ന ഛേത്രി തകര്‍പ്പന്‍ ഹാട്രിക്കിലൂടെ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. കളിക്ക് ശേഷം ഛേത്രി ആരാധകരോടായി പറഞ്ഞു, ഇന്റര്‍നെറ്റില്‍ ഇരുന്ന് ഞങ്ങളെ വിമര്‍ശിക്കുന്നത് തമാശയല്ല. നിങ്ങള്‍ സ്റ്റേഡിയത്തിലേക്ക് വരു, ഞങ്ങളുടെ കളി കാണു. ഇന്ത്യന്‍ ഫുട്‌ബോളില്‍ പ്രതീക്ഷ പുലര്‍ത്തുന്നവരോടും, പ്രതീക്ഷ നഷ്ടപ്പെട്ടവരോടുമാണ് ഞാന്‍ അഭ്യര്‍ഥിക്കുന്നത്. ഞങ്ങളെല്ലാവരും നല്ല രീതിയില്‍ പരിശ്രമിക്കുന്നുണ്ടെന്നും ഛേത്രി പറഞ്ഞു.

ഛേത്രിയുടെ അഭ്യര്‍ഥനയ്ക്ക് പിന്നാലെ സ്റ്റേഡിയത്തിലേക്കെത്താന്‍ ആരാധകരോട് ആഹ്വാനം ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുമെത്തി. അവര്‍ കഠിനാധ്വാനം ചെയ്യുകയാണ്. കഴിവുള്ള കളിക്കാരാണ് അവര്‍. അതുകൊണ്ട് നമ്മുടെ പിന്തുണ അവര്‍ അര്‍ഹിക്കുന്നുവെന്നും കോഹ് ലി പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com