ഫോബ്‌സ് ലിസ്റ്റ്; ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരില്‍ ഇന്ത്യയില്‍ നിന്ന് കോഹ് ലി മാത്രം, ആദ്യ നൂറില്‍ പേരിന് പോലും പെണ്ണില്ല

ഇന്ത്യയില്‍ നിന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരേയൊരു കായിക താരമാണ് കോഹ് ലി
ഫോബ്‌സ് ലിസ്റ്റ്; ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവരില്‍ ഇന്ത്യയില്‍ നിന്ന് കോഹ് ലി മാത്രം, ആദ്യ നൂറില്‍ പേരിന് പോലും പെണ്ണില്ല

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നൂറ് കായിക താരങ്ങളുടേതായി ഫോബ്‌സ് തയ്യാറാക്കിയ ലിസ്റ്റില്‍ ഇടംപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി. ഇന്ത്യയില്‍ നിന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരേയൊരു കായിക താരമാണ് കോഹ് ലി. 

24 മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി ലിസ്റ്റില്‍ 83ാം സ്ഥാനത്താണ് കോഹ് ലി. സമ്പന്നരായ നൂറ് കായിക താരങ്ങളുടെ ലിസ്റ്റില്‍ ഒരു വനിതാ താരം പോലും ഉള്‍പ്പെട്ടിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. 11 വ്യത്യസ്ത കായിക ഇനങ്ങളിലെ കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റില്‍ എന്‍ബിഎ താരങ്ങളാണ് ആധിപത്യം പുലര്‍ത്തുന്നത്. 

നൂറ് പേരുടെ ലിസ്റ്റില്‍ നാല്‍പ്പതും ബാസ്‌കറ്റ് ബോള്‍ താരങ്ങളാണ്. 2016ല്‍ ഈ ലിസ്റ്റില്‍ 18 ബാസ്‌കറ്റ് ബോള്‍ താരങ്ങള്‍ മാത്രം ഉണ്ടായിരുന്നിടത്ത് നിന്നാണ് ഇത്തവണ നാല്‍പത് പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2018ലെ ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന താരം മെയ്വെതറാണ്. 285 മില്യണ്‍ ഡോളറാണ് മെയ്വതറിന്റെ പ്രതിഫലം. 

18 താരങ്ങളോടെ എന്‍എഫ്എല്ലാണ് ലിസ്റ്റില്‍ രണ്ടാമത് ആധിപത്യം നേടുന്നത്. ബേസ്‌ബോള്‍-17, ഫുട്‌ബോള്‍-9, ഗോള്‍ഫ്-5, ബോക്‌സിങ്, ടെന്നീസ് നാല് പേര്‍ വീതം, റേസിങ്-3. ഇത് മൂന്നാം വര്‍ഷമാണ് കോഹ് ലി ഫോബ്‌സിന്റെ പ്രതിഫലത്തില്‍ മുന്നില്‍ നില്‍ക്കുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. 

ടെന്നീസ് താരങ്ങളായ, ലി നായും സെറീന വില്യംസും മരിയ ഷറപ്പോവയുമായിരുന്നു ലിസ്റ്റില്‍ ഇടംപിടിക്കാറുള്ളത് എങ്കിലും ലി വിരമിച്ചതും, ഷറപ്പോവയുടെ വിലക്കും ഇരുവര്‍ക്കും തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം ലിസ്റ്റില്‍ ഇടംപിടിച്ച വനിത സെറീനയായിരുന്നു എങ്കിലും കുഞ്ഞിന് ജന്മം നല്‍കി തിരിച്ചെത്തിയ സെറീനയുടെ സമ്മാനത്തുക 8 മില്യണ്‍ ഡോളറില്‍ നിന്നും 62000 ഡോളറായി ചുരുങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com