അര്‍ജന്റീനയെ ലോക കപ്പില്‍ പങ്കെടുപ്പിക്കരുത്; തിരിച്ചടിക്കൊരുങ്ങി ഇസ്രായേല്‍

അര്‍ജന്റീനയുടെ ഭാഗത്ത് നിന്നുമുണ്ടായത് മതപരമായ വിവേചനം ആണെന്ന് ചൂണ്ടിക്കാട്ടി മെസിയേയും സംഘത്തേയും ലോക കപ്പില്‍ നിന്നും പുറത്താക്കണം
അര്‍ജന്റീനയെ ലോക കപ്പില്‍ പങ്കെടുപ്പിക്കരുത്; തിരിച്ചടിക്കൊരുങ്ങി ഇസ്രായേല്‍

ഇസ്രായേലുമായുള്ള സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറിയതിന് പിന്നാലെ അര്‍ജന്റീനയെ ലോക കപ്പില്‍ നിന്നും വിലക്കണം എന്ന ആവശ്യം ഉന്നയിച്ച് ഇസ്രായേലിന്റെ നീക്കം. അര്‍ജന്റീനയുടെ ഭാഗത്ത് നിന്നുമുണ്ടായത് മതപരമായ വിവേചനം ആണെന്ന് ചൂണ്ടിക്കാട്ടി മെസിയേയും സംഘത്തേയും ലോക കപ്പില്‍ നിന്നും പുറത്താക്കണം എന്ന ആവശ്യമാണ് ഇസ്രായേലി കമ്പനിയായ കോംടെക് ഫിഫയ്ക്ക് മുന്‍പാകെ വയ്ക്കാന്‍ ഒരുങ്ങുന്നത്. 

ഇസ്രായേല്‍-അര്‍ജന്റീന സൗഹൃദ മത്സരം ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള അവകാശം കോംടെക് ഗ്രൂപ്പിനായിരുന്നു. പാലസ്ഥീനില്‍ നിന്നുമുയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്ന് അര്‍ജന്റീന മത്സരത്തില്‍ നിന്നും പിന്മാറിയത് ഇസ്രായേലിന് കനത്ത തിരിച്ചടിയായിരുന്നു. മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജെറുസലേമില്‍ അര്‍ജന്റീന കളിക്കുന്നതിനെതിരെ നിലപാടെടുക്കുകയായിരുന്നു. 

സൂറിച്ചില്‍ വെച്ച് ഫിഫ വൃത്തങ്ങളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ അര്‍ജന്റീനയെ ലോക കപ്പില്‍ പങ്കെടുപ്പിക്കരുത് എന്ന ആവശ്യം കോംടെക് ഗ്രൂപ്പ് ഉന്നയിക്കും. മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറുന്നതിന് മുന്‍പ് 45,000 ടിക്കറ്റുകള്‍ തങ്ങള്‍ വിറ്റിരുന്നു എന്നും, 2 മില്യണ്‍ ഡോളര്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന് തങ്ങള്‍ നല്‍കിയിരുന്നു എന്നും കോംടെക് ഗ്രൂപ്പ് ഫിഫ അധികൃതരെ അറിയിക്കുമെന്നാണ് ടിവൈസി സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട്. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കമ്പനി തള്ളി. മത്സരം ഒഴിവാക്കിയതിനെ തുടര്‍ന്നുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് അര്‍ജന്റീനിയന്‍ ഫ്രാഞ്ചൈസിയായ ടുറാനസ് കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ലോക കപ്പിന് ശേഷം ഇസ്രായേലില്‍ കളിക്കുന്നതിനായി പുതിയ തിയതി നിശ്ചയിക്കുന്നതില്‍ അര്‍ജന്റീനിയന്‍ ടീമിന്റെ ഭാഗത്ത നിന്നും അനുകൂല പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും കമ്പനി വാദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com