തലതാഴ്ത്തി മടങ്ങാനില്ല, ഒരേ ഒരു ആവശ്യം ബംഗളൂരുവിനെ തോല്‍പ്പിക്കണം

മുംബൈയാണ് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടുന്നതിനുള്ള  ആദ്യ ആറില്‍ എത്തുന്നതിന് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളി തീര്‍ക്കുന്നത്
തലതാഴ്ത്തി മടങ്ങാനില്ല, ഒരേ ഒരു ആവശ്യം ബംഗളൂരുവിനെ തോല്‍പ്പിക്കണം

ഐഎസ്എല്ലിലെ കളിക്കളത്തിലെ പേര് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ തുടങ്ങിയിരുന്നു ബംഗളൂരുവും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍. ഐഎസ്എല്ലിന് വിസില്‍ മുഴങ്ങുന്നതിന് മുന്‍പ് ബംഗളൂരുവിന്റെ കളി കാണാനായി വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനൊപ്പം ഗ്യാലറിയില്‍ വിനീതും റിനോയും എത്തിയപ്പോഴായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ അധിക്ഷേപിച്ച് ബംഗളൂരു ആരാധകര്‍ ചാന്റ്‌സ് മുഴക്കിയത്. 

ഇത് തന്നെ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കി റിനോയും മുന്നോട്ടു വന്നതോടെ ബംഗളൂരുവിനെതിരായ മത്സരത്തില്‍ കണ്ഡീരവ സ്‌റ്റേഡിയം മഞ്ഞക്കടലാക്കുമെന്ന് പറഞ്ഞായിരുന്നു മഞ്ഞപ്പടക്കൂട്ടം പ്രതികരിച്ചത്.

ഇന്നിപ്പോള്‍ ബംഗളൂരുവും ബ്ലാസ്‌റ്റേഴ്‌സും രണ്ടാം വട്ടം നേര്‍ക്കു നേര്‍ വരുമ്പോള്‍, പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു നില്‍ക്കുമ്പോള്‍, ജയം കൊണ്ട് മഞ്ഞപ്പട കൂട്ടത്തെ ആശ്വസിപ്പിക്കാനായിരിക്കും ഡേവിഡ് ജെയിംസിന്റേയും സംഘത്തിന്റേയും ശ്രമം. 

പ്ലേഓഫ് സാധ്യതകള്‍ മങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ ടീമിനോട് ആവശ്യപ്പെട്ടിരുന്നതും അതായിരുന്നു, ബംഗളൂരുവിനെ തോല്‍പ്പിക്കുക എന്നത്. കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെ ബംഗളൂരു മുട്ടുകുത്തിച്ചത്. 

ഐഎസ്എല്ലില്‍ സെമി സാധ്യതകള്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നില്‍ അവസാനിച്ചു എങ്കിലും, പിന്നാലെ വരുന്ന സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് പ്രവേശനം നേടുക എന്ന ലക്ഷ്യവും ബ്ലാസ്റ്റേഴ്‌സിനുണ്ട്. പരിശീലകന്‍ ഡേവിഡ് ജെയിംസ് തന്നെ അക്കാര്യം വ്യക്തമാക്കുന്നു. ഗോവ-കോല്‍ക്കത്ത മത്സരഫലം ഞങ്ങള്‍ക്ക്  എതിരായേക്കാം. പക്ഷേ ബംഗളൂരുവിനെതിരായ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. സൂപ്പര്‍ കപ്പ് എന്ന മറ്റൊരു ലക്ഷ്യം കൂടി നമുക്ക് മുന്നിലുണ്ടെന്ന് ഡേവിഡ് ജെയിംസ് പറയുന്നു. 

മുംബൈയാണ് സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടുന്നതിനുള്ള  ആദ്യ ആറില്‍ എത്തുന്നതിന് ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളി തീര്‍ക്കുന്നത്. ബംഗളൂരുവിനെതിരെ ജയം  പിടിച്ച് അതും അവസാനിപ്പിക്കാന്‍ ഉറച്ചാവും മഞ്ഞപ്പട ഇറങ്ങുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com