വിനീതിനെ നിലനിര്‍ത്താതിരുന്നതിന് ബംഗളൂരുവിന് ഇപ്പോള്‍ ന്യായീകരണമുണ്ട്, ലോക്കല്‍ ഹീറോ ലോക്കല്‍ ബോയ് മാത്രമായ കഥ

ബോള്‍ കണക്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ട വിനീതിന്റെ ഈ പിഴവുകള്‍ ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ തല്ലിക്കെടുത്തിയവയുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്
വിനീതിനെ നിലനിര്‍ത്താതിരുന്നതിന് ബംഗളൂരുവിന് ഇപ്പോള്‍ ന്യായീകരണമുണ്ട്, ലോക്കല്‍ ഹീറോ ലോക്കല്‍ ബോയ് മാത്രമായ കഥ

2016ല്‍ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വിനീതിന്റെ വരവ് ഓര്‍മയില്ലേ? ഗോവയ്‌ക്കെതിരെ 85ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങി മത്സരത്തിന്റെ 95ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ 2-1ന് ബ്ലാസ്‌റ്റേഴ്‌സിന് ജയം നേടിത്തന്നായിരുന്നു  ആ വരവ്. പിന്നാലെ വന്ന ചെന്നൈയ്‌ക്കെതിരായ മത്സരവും മഞ്ഞപ്പട കൂട്ടം മറക്കാനിടയില്ല. 85ാം മിനിറ്റിലും, 87ാം മിനിറ്റിലും വലകുലുക്കി വിനീത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ ജയത്തിലെത്തിച്ചു. 

2016ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായിട്ട്‌ മഞ്ഞക്കുപ്പായത്തിലേക്കെത്തിയ വിനീത് 9 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളടിച്ച് ഇന്ത്യന്‍ താരങ്ങളുടെ ഇടയില്‍ മുന്നില്‍ നിന്നു.  അഞ്ച് ഗോളുകളോടെ വിനീത് കളം നിറഞ്ഞപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലേക്ക് എത്തുന്നതിനൊപ്പം ആരാധകരുടെ ഉള്ളില്‍ ഹീറോ പരിവേശത്തിലേക്ക് ഉയരുകയുമായിരുന്നു വിനീത്. ആ സീസണിലെ ഐലീഗിലും ബംഗളൂരുവിനെ വേണ്ടി തുടക്കത്തില്‍ മികച്ച കളി പുറത്തെടുക്കാന്‍ വിനീതിനായി. 

മുംബൈ എഫ്‌സിക്കെതിരായ ഹാട്രിക്കും, 2017 ഫെഡറേഷന്‍ കപ്പ് ഫൈനലിലെ ഗോളും, ദേശീയ ടീമിലേക്കുള്ള കയറ്റവുമെല്ലാം വിനീതിന്റെ താരപരിവേശം വളര്‍ത്തി. ഐഎസ്എല്‍ 2017ല്‍ പണം കളിച്ചപ്പോള്‍ സുനില്‍ ഛേത്രിയേയും ഉദന്റ സിങ്ങിനേയും മാത്രം ടീമില്‍ നിലനിര്‍ത്താനായിരുന്നു ബംഗളൂരു എഫ്‌സിയുടെ തീരുമാനം. പണമെറിഞ്ഞ് വിനീതിനെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ  കൂടാരത്തിലേക്ക് എത്തിച്ചു.  

ലോക്കല്‍ ഹീറോ മഞ്ഞക്കുപ്പായത്തിലേക്കെത്തുന്നത് മഞ്ഞപ്പട ആഘോഷിച്ചു. എന്നാല്‍ അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോള്‍ ലോക്കല്‍ പയ്യന് ഹീറോ പരിവേശമില്ല. ഛേത്രിക്കൊപ്പം വിനീതിനെ ടീമില്‍ നിലനിര്‍ത്താതിരുന്ന വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്റെ തീരുമാനം ശരിയായിരുന്നു എന്നും ഐഎസ്എല്‍ നാലാം സീസണ്‍ തെളിയിക്കുന്നു. 

പരിക്ക് അലട്ടിയ സീസണില്‍ ഇതുവരെ നാല് ഗോളുകള്‍ മാത്രമാണ് ടീമിനായി നേടാനായത്. ഇഞ്ചുറി ടൈമില്‍ ചെന്നൈയ്‌ക്കെതിരെ സമനില പിടിച്ച ഗോളും, പുനെയ്‌ക്കെതിരെ നേടിയ വിജയ ഗോളും ഒഴിച്ചാല്‍ ടീം ആവശ്യപ്പെട്ട നിമിശങ്ങളില്‍ വിനീത് പൂര്‍ണ പരാജയമായി. 

പ്രതികൂല സാഹചര്യങ്ങളില്‍ മനക്കരുത്തോടെ കളിക്കാന്‍ സാധിക്കുമെന്ന വിശ്വാസവും വിനീത്  തകര്‍ക്കുന്നതായിരുന്നു ഈ സീസണ്‍. നോര്‍ത്ത് ഈസ്റ്റിനെതിരേയും, ചെന്നൈയ്‌ക്കെതിരേയും റിബൗണ്ട് ചെയ്ത് കാലിലേക്കെത്തിയ പന്ത് വലയിലേക്ക് തട്ടിയിടുകയേ വിനീതിന് വേണ്ടിയിരുന്നുള്ളു. ബോള്‍ കണക്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ട വിനീതിന്റെ ഈ പിഴവുകള്‍ ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യതകള്‍ തല്ലിക്കെടുത്തിയവയുടെ കൂട്ടത്തില്‍ മുന്നില്‍ തന്നെയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com