2014ല്‍ വില്ലനായ പരിക്ക് 2018ലും; അന്ന് നെയ്മറില്ലാതെ വട്ടപൂജ്യമായിരിക്കും, പക്ഷേ ഇന്നങ്ങിനെയല്ല

ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയ്‌ക്കെതിരായ മത്സരത്തിലെ പരിക്കായിരുന്നു അന്ന് നെയ്മര്‍ക്ക് വില്ലനായത്
2014ല്‍ വില്ലനായ പരിക്ക് 2018ലും; അന്ന് നെയ്മറില്ലാതെ വട്ടപൂജ്യമായിരിക്കും, പക്ഷേ ഇന്നങ്ങിനെയല്ല

പരിക്കിന്റെ പിടിയിലേക്ക് വീണ ബ്രസീല്‍ താരം നെയ്മര്‍ക്ക് ചിലപ്പോള്‍ ലോക കപ്പ് നഷ്ടമായേക്കുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍. കാലിന് ശസ്ത്രക്രീയയ്ക്ക് വിധേയനായാല്‍ ഒരുപക്ഷേ മൂന്ന് മാസത്തിലധികം വിശ്രമം നെയ്മര്‍ക്ക് വേണ്ടി വന്നേക്കുമെന്ന് ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം ഡോക്ടര്‍ പറയുന്നു. 

വലതു കാലിലെ വിരലിലെ പരിക്കാണ് നെയ്മര്‍ക്കും ബ്രസീലിനും തിരിച്ചടിയാവുന്നത്. ഫ്രഞ്ച് ലീഗില്‍ മാര്‍സെല്ലിക്കെതിരായ മത്സരത്തിലായിരുന്നു പിഎസ്ജി സ്‌ട്രൈക്കര്‍ പരിക്കേറ്റ് വീഴുന്നത്. 

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രസീലിന്റെ മണ്ണില്‍ നടന്ന ലോക കപ്പിലും ടീമിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി പരിക്കിലേക്ക് വീഴുകയായിരുന്നു നെയ്മര്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയ്‌ക്കെതിരായ മത്സരത്തിലെ പരിക്കായിരുന്നു അന്ന് നെയ്മര്‍ക്ക് വില്ലനായത്. എന്നാല്‍ 2014ലേത് പോലെ നെയ്മറെ മാത്രം ആശ്രയിച്ചിരിക്കുന്ന ടീമല്ല ബ്രസീല്‍ ഇപ്പോള്‍. 

ബ്രസീലിന്റെ സൂപ്പര്‍ സ്റ്റാര്‍ ഇല്ലാതെ തന്നെ ശക്തമായ ടീമിനെയാണ് ടിറ്റേ ലോക കപ്പിലേക്കായി കരുതി വയ്ക്കുന്നത്. 2016ലെ കോപ അമേരിക്കയിലെ മോശം പ്രകടനത്തിന് പിന്നാലെ ദുംഗയെ മാറ്റി ടിറ്റേ വന്നതോടെ മുന്‍ വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ടിരുന്ന ലക്ഷ്യബോധവും, സാങ്കേതിക തികവും ബ്രസീല്‍ ടീമിലേക്ക് തിരിച്ചെത്തി. തങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് ലോക കപ്പ് യോഗ്യതാ മത്സരങ്ങളിലൂടെ തന്നെ അവര്‍ വ്യക്തമാക്കിയിരുന്നു. 

ഈ സീസണില്‍ 10 ഗോളുകളും നാല് അസിസ്റ്റുകളുമായി മാഞ്ചസ്റ്റര്‍ സിറ്റിക്കു വേണ്ടി കളിക്കുന്ന ഗബ്രിയേല്‍ ജീസസും, കുട്ടിഞ്ഞോയും, റോബര്‍ട്ടോ ഫിര്‍മിനോയും വില്ലിയാനുമുള്‍പ്പെടെയുള്ള താരങ്ങള്‍ നെയ്മറിന്റെ വിടവ് നികത്താന്‍ പ്രാപ്തമായ തരത്തില്‍ വളര്‍ന്നു നില്‍ക്കുകയുമാണ്. നെയ്മറില്ലാതെ വരുമ്പോള്‍ ഇടത് വിങ്ങിലേക്ക് മാറും കുട്ടിഞ്ഞോ എന്നതാണ് ബ്രസീല്‍ ടീമിലുണ്ടാകുന്ന മാറ്റം. എന്നാല്‍ തന്ത്രങ്ങള്‍ മെനയുന്നതില്‍ ടിറ്റേയെ പിന്നോട്ടടിക്കും നെയ്മറിന്റെ അസാന്നധ്യം എന്ന് വ്യക്തം.

ലോക കപ്പിലേക്കുള്ള 23 അംഗ സംഘത്തിലേക്ക് ഏഴ് കളിക്കാരെയാണ് ഇനി കണ്ടെത്തേണ്ടതെന്നായിരുന്നു ടിറ്റേ പറഞ്ഞത്. ഡാനി അല്‍വെസിനു പകരക്കാരനേയും, അറ്റാക്കിങ് മിഡ്ഫീല്‍ഡറേയുമാണ് ടീമിലേക്ക് കണ്ടെത്താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും കോച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നെയ്മര്‍ക്ക് പരിക്കേല്‍ക്കുന്നതിന് മുന്‍പായിരുന്നു ഇത്. അടുത്ത നടക്കുന്ന ബ്രസീലിന്റെ സൗഹൃദ മത്സരങ്ങളില്‍ യുവന്റ്‌സില്‍ കളിക്കുന്ന കോസ്റ്റയേയും, ശക്തര്‍ ഡോനെസ്‌കിനേയും ടിറ്റേ പരീക്ഷിച്ചേക്കും.

എന്നാല്‍ എത്രമാത്രം പ്രധാനപ്പെട്ടതാണ് ബ്രസീലിന് നെയ്മര്‍ എന്ന് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നത് നമുക്ക് തള്ളിക്കളയാനുമാകില്ല. ടിറ്റേയ്ക്ക് കീഴില്‍ നെയ്മര്‍ കളിക്കാനിറങ്ങിയ 13 കളികളില്‍ പത്തിലും അവര്‍ ജയിച്ചു കയറിയിരുന്നു. ഒരു കളിയില്‍ പോലും പരാജയപ്പെട്ടിട്ടുമില്ല. നെയ്മറില്ലാതെ ഇറങ്ങിയപ്പോഴാകട്ടെ മൂന്ന് ജയവും ഒരു തോല്‍വിയും. 

ലോക കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ജിസസായിരുന്നു ബ്രസീലിന്റെ ടോപ് സ്‌കോറര്‍. ഏഴ് ഗോളുകള്‍ ജിസസ് അടിച്ചപ്പോള്‍ നെയ്മറുടെ കാലുകളില്‍ നിന്നും പിറന്നത് ആറ് ഗോളുകളും, ഏഴ് അസിസ്റ്റുകളുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com