ഇതുപോലെ നിര്‍ഭയനായ കളിക്കാരന്‍ വേറെയുണ്ടോ? ശാസ്ത്രി ചോദിക്കുന്നു

ഒരുപാട് നാളുകള്‍ക്ക് ശേഷം തിരിച്ചു വന്ന് കളിക്കുമ്പോള്‍ ടീമില്‍ നമ്മുടെ സ്ഥാനം നിലനിര്‍ത്തുന്നതിനായി സൂക്ഷിച്ചായിരിക്കും നമ്മുടെ കളി. നമ്മളില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്യും
ഇതുപോലെ നിര്‍ഭയനായ കളിക്കാരന്‍ വേറെയുണ്ടോ? ശാസ്ത്രി ചോദിക്കുന്നു

പരിചയ സമ്പത്തിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നമുക്ക് കാട്ടിത്തരികയായിരുന്നു റെയ്‌നയെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ റെയ്‌ന 27 പന്തില്‍ 43 റണ്‍സ് അടിച്ചെടുത്തും, ഒരു വിക്കറ്റ് വീഴ്ത്തിയുമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വിന്റി20യില്‍ ഇന്ത്യയ്ക്ക് നിര്‍ണായക ജയത്തിന് വഴി ഒരുക്കിയത്. 

തിരിച്ചു വരവില്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡും നേടിയ റെയ്‌നയെ നിര്‍ഭയനായ ക്രിക്കറ്റ് കളിക്കാരന്‍ എന്നാണ് രവി ശാസ്ത്രി വിശേഷിപ്പിക്കുന്നത്. പരിചയ സമ്പത്തില്‍ നിറഞ്ഞ കളിക്കാരനാണ് റെയ്‌ന. ആ പരിചയ സമ്പത്തിന് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നമുക്ക് അദ്ദേഹം കാണിച്ചു തന്നു. റെയ്‌നയുടെ നിര്‍ഭയത്വമാണ് എനിക്കേറ്റവും ഇഷ്ടവുമെന്നും ശാസ്ത്രി പറയുന്നു. 

ഒരുപാട് നാളുകള്‍ക്ക് ശേഷം തിരിച്ചു വന്ന് കളിക്കുമ്പോള്‍ ടീമില്‍ നമ്മുടെ സ്ഥാനം നിലനിര്‍ത്തുന്നതിനായി സൂക്ഷിച്ചായിരിക്കും നമ്മുടെ കളി. നമ്മളില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാവുകയും ചെയ്യും. എന്നാല്‍ ടീമില്‍ നിന്നും മാറി നില്‍ക്കേണ്ടി വരാത്ത ഒരു കളിക്കാരനെ പോലെയായിരുന്നു റെയ്‌നയുടെ കളിയെന്നും ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു. 

ദക്ഷിണാഫ്രിക്കയിലെ മൂന്ന് ട്വിന്റി20യില്‍ നിന്നും 153.44 സ്‌ട്രൈക്ക് റേറ്റില്‍ 89 റണ്‍സാണ് റെയ്‌ന സ്‌കോര്‍ ചെയ്തത്. 12 ബൗണ്ടറിയും രണ്ട് സിക്‌സും ദക്ഷിണാഫ്രിക്കയില്‍ റെയ്‌ന അടിച്ചു പറത്തി. ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുത്ത് ഏകദിന ടീമില്‍ സ്ഥാനം നേടാനായിരിക്കും തന്റെ ശ്രമമെന്ന് റെയ്‌നയും വ്യക്തമായി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com