ബെര്‍ബറ്റോവും, ബ്രൗണും സൂപ്പര്‍ കപ്പിനുണ്ടാകില്ലേ? ഇല്ലെങ്കിലെന്താ?

ക്ലിക്ക് ആവാതെ പോയ ബെര്‍ബയെ മാറ്റണമെന്നാണ് ഒരു പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ബെര്‍ബറ്റോവില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഒരുകൂട്ടം ആരാധകരുമുണ്ട്
ബെര്‍ബറ്റോവും, ബ്രൗണും സൂപ്പര്‍ കപ്പിനുണ്ടാകില്ലേ? ഇല്ലെങ്കിലെന്താ?

ബംഗളൂരുവിനെതിരെ ആരാധകര്‍ ആഗ്രഹിച്ച ജയം പോലും നല്‍കാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചപ്പോഴും സൂപ്പര്‍ കപ്പിലേക്ക് നോക്കി വീണ്ടും പ്രതീക്ഷകള്‍ പടുത്തുയര്‍ത്തുകയാണ് മഞ്ഞപ്പട കൂട്ടം. അടുത്ത സീസണില്‍ ടീമില്‍ നിലനിര്‍ത്തേണ്ടതും, ടീമില്‍ നിന്നും ഒഴിവാക്കേണ്ടതുമായ താരങ്ങളെ കുറിച്ച്  ആരാധകര്‍ ഇപ്പോള്‍ തന്നെ മാനേജ്‌മെന്റിന് മുന്നില്‍ ആവശ്യങ്ങള്‍ വെച്ചു കഴിഞ്ഞു. എന്നാല്‍ ബെര്‍ബറ്റോവിനെ ടീമില്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് ആരാധകര്‍ക്കിടയില്‍. 

ക്ലിക്ക് ആവാതെ പോയ ബെര്‍ബയെ മാറ്റണമെന്നാണ് ഒരു പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ബെര്‍ബറ്റോവില്‍ ഇപ്പോഴും വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഒരുകൂട്ടം ആരാധകരുമുണ്ട്. ഐഎസ്എല്ലില്‍ കാണാന്‍ കഴിയാതെ പോയ ബെര്‍ബറ്റോവിന്റെ മികച്ച പ്രകടനം സൂപ്പര്‍ കപ്പില്‍ കാണമെന്ന് കണക്കുകൂട്ടിയിരുന്ന ആരാധകര്‍ക്ക് പക്ഷേ ഇപ്പോള്‍ അത്ര ശുഭകരമായ വാര്‍ത്തയല്ല വരുന്നത്. 

ബെര്‍ബയും, വെസ് ബ്രൗണും സൂപ്പര്‍ കപ്പ് കളിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ് തന്നെ വ്യക്തമാക്കുന്നു. ഐഎസ്എല്‍ സീസണ്‍ അവസാനത്തോടടുത്തപ്പോഴായിരുന്നു സൂപ്പര്‍ കപ്പിന്റെ ചര്‍ച്ചകള്‍ സജീവമാകുന്നത്. അതിനാല്‍ കുറച്ച് ആഴ്ചകള്‍ കൂടി ടീമിന്റെ ഭാഗമായി തുടരുന്നത് സംബന്ധിച്ച് ടീം അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് സാധിക്കണം. 

എനിക്കാദ്യം ഇരുവരുമായും ഇക്കാര്യം ചര്‍ച്ച നടത്തണം. സൂപ്പര്‍ കപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈകിയാണ് നമുക്ക് ലഭിക്കുന്നത്. ഇരുവരും ടീമിന്റെ ഭാഗമായി തുടരാന്‍ സമ്മതിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ഡേവിഡ് ജെയിംസ് പറയുന്നു. 

ബെര്‍ബറ്റോവിന്റെ കാര്യത്തില്‍ ആരാധകര്‍ക്കുള്ള ഭിന്നാഭിപ്രായം പക്ഷേ ബ്രൗണിന്റെ കാര്യത്തില്‍ ഉണ്ടാകാനിടയില്ല. ബെര്‍ബറ്റോവിന്റേത് പോലെയല്ല വെസ് ബ്രൗണ്‍. പരിചയ സമ്പത്ത് മുതലാക്കി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പ്രതിരോധ നിരയില്‍ മികച്ച കളി പുറത്തെടുക്കാന്‍ ബ്രൗണിനായിരുന്നു. 90 മിനിറ്റും നിറഞ്ഞു കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിരുന്നു.

ഐഎസ്എല്ലില്‍ ആദ്യ ആറ് സ്ഥാനത്തെത്തുന്ന ടീമുകളാണ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക. ആദ്യ ആറില്‍ എത്താത്ത ടീമുകള്‍ക്ക് യോഗ്യതാ മത്സരം എന്ന കടമ്പ കടക്കണം.പോയിന്റ് ടേബിളില്‍ നിലവില്‍ ആറാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന് ഒരു മത്സരം ബാക്കിയുള്ള മുംബൈയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com