അച്ഛനെടുത്ത 13 ലക്ഷത്തിന്റെ വായ്പ അടയ്ക്കാന്‍ അവള്‍ ഗോദയില്‍ തീ പാറിച്ചു; സ്വര്‍ണവും കൊണ്ട് തിരികെ പോന്നു

കടം വന്നു മുന്നില്‍ കൂമ്പാരും കൂടിയിട്ടും പിന്മാറാന്‍ നവ്‌ജോദിന്റെ പിതാവ് സുഖ്‌ചെയിന്‍ തയ്യാറല്ല
അച്ഛനെടുത്ത 13 ലക്ഷത്തിന്റെ വായ്പ അടയ്ക്കാന്‍ അവള്‍ ഗോദയില്‍ തീ പാറിച്ചു; സ്വര്‍ണവും കൊണ്ട് തിരികെ പോന്നു

പഞ്ചാബിലെ ബോര്‍ഡര്‍ ടൗണായ തര്‍ന്‍ തരനിലെ ഒരു പിതാവ് മകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ആശ്രയം കണ്ടെത്തിയത് ബാങ്ക് ലോണുകളിലൂടെയായിരുന്നു. അന്താരാഷ്ട്ര ഗുസ്തി വേദികളില്‍ ഇന്ത്യയുടെ മുഖമായിരുന്ന നവ്‌ജോദ് കൗറിന്റെ പിതാവായിരുന്നു അത്. അങ്ങിനെ വായ്പ എടുത്ത് 13 ലക്ഷത്തിലേക്കെത്തി.

വായ്പ തിരിച്ചടക്കാന്‍ പിതാവ് വിഷമിച്ചിരിക്കുന്ന ഘട്ടത്തില്‍ തന്നെ നവ്‌ജോദ് കൗര്‍ ഗോദയില്‍ ശക്തമായ കാറ്റായി വീശി. സീനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിട്ടായിരുന്നു നവ്‌ജോദ് പെണ്‍കരുത്തില്‍ തിളങ്ങിയത്. 

65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ കാറ്റഗറിയില്‍ ജപ്പാന്റെ മിയാ ഇമയിനെ 9-1നായിരുന്നു നവ്‌ജോദ് തറപറ്റിച്ചത്. കടം വന്നു മുന്നില്‍ കൂമ്പാരും കൂടിയിട്ടും പിന്മാറാന്‍ നവ്‌ജോദിന്റെ പിതാവ് സുഖ്‌ചെയിന്‍ തയ്യാറല്ല. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ രാജ്യത്തേക്ക് കൊണ്ടുവരുവാനാണ് ഈ പിതാവ് മകളോട് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. 

കായിക ഇനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ലെന്ന് വിശ്വസിക്കുന്ന ഗ്രാമത്തില്‍ നിന്നുമാണ് നവ്‌ജോദിന്റെ വരവ്. നവ്‌ജോദിനെ മാത്രമല്ല, സഹോദരിയേയും ഗോദയിലേക്ക് ഇറക്കാന്‍ ഇവരുടെ പിതാവിന് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഇതിന് മുന്‍പ് സീനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ 13 തവണ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍ വന്നു എങ്കിലും സ്വര്‍ണത്തിലേക്ക് എത്തിപ്പിടിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. 2013ല്‍ നവ്‌ജോദും ഫൈനലിലെത്തിയിരുന്നു.

സാമ്പത്തികമാണ് നവജോദിനെ അലട്ടുന്ന പ്രശ്‌നം. 2014ലെ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതിന് പിന്നാലെ നവ്‌ജോദിനെ റെയില്‍വേയില്‍ സീനിയര്‍ ക്ലര്‍ക്ക് പോസ്റ്റിലേക്ക് നിയമിച്ചിരുന്നു. എന്നാല്‍ ഒരു ഗുസ്തി താരത്തിന് മാസം ഒരു ലക്ഷം രൂപ എങ്കിലും പരിശീലനത്തിനായി വേണ്ടി വരുമെന്നാണ് നവ്‌ജോദ്  പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com