സൂപ്പര്‍ കപ്പിലെങ്ങാനും ഫൈനലില്‍ എത്തിയാല്‍ ക്ലബുകള്‍ കടക്കെണിയിലാവും; ഈ തമാശയ്ക്ക് ഞങ്ങളില്ലെന്ന് മിനര്‍വ പഞ്ചാബ്‌

ഇനി സൂപ്പര്‍ കപ്പിന്റെ ഫൈനലിലേക്ക് നമ്മള്‍ എത്തുകയാണെങ്കിലോ? ഈ ചിലവ് 55 മുതല്‍ 60 ലക്ഷം രൂപ വരെയാകുന്നു
സൂപ്പര്‍ കപ്പിലെങ്ങാനും ഫൈനലില്‍ എത്തിയാല്‍ ക്ലബുകള്‍ കടക്കെണിയിലാവും; ഈ തമാശയ്ക്ക് ഞങ്ങളില്ലെന്ന് മിനര്‍വ പഞ്ചാബ്‌

സൂപ്പര്‍ കപ്പിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ്, ജംഷഡ്പൂര്‍ ടീമുകളുടെ പരിശീലകര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു എങ്കിലും സൂപ്പര്‍ കപ്പുമായി മുന്നോട്ടു പോവുകയായിരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഐലീഗ് ടീമുകളില്‍ പലതും സൂപ്പര്‍ കപ്പില്‍ പങ്കെടുക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ആശങ്കകള്‍ നിലനില്‍ക്കെ തന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സൂപ്പര്‍ കപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ഷെഡ്യൂളും, യോഗ്യതാ മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവിട്ടു. 

സൂപ്പര്‍ കപ്പിനെ കുറിച്ച് ഐഎസ്എല്‍, ഐലീഗ് ടീമുകളെ പൂര്‍ണമായും ബോധ്യപ്പെടുത്താന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് മിനര്‍വ പഞ്ചാബില്‍ നിന്നും വരുന്നത്. സൂപ്പര്‍ കപ്പ് എന്നത് ഒരു തമാശയാണെന്നാണ് മിനര്‍വാ പഞ്ചാബിന്റെ ഉടമ രഞ്ജിത് ബജാജ് പറയുന്നത്. 

സൂപ്പര്‍ കപ്പിന്റെ ഘടന അനുസരിച്ച് ഒരു മത്സരത്തില്‍ മോശം പ്രകടനം നടത്തിയാല്‍ തന്നെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകും എന്ന അവസ്ഥയാണ്. എന്നാല്‍ കളിക്കാനെത്തുന്ന താരങ്ങള്‍ക്ക് രണ്ട് മാസത്തെ പ്രതിഫലം നല്‍കണം. കളിക്കാനായി പോകുന്നതിന്റെ യാത്ര ചിലവുകള്‍ ഉള്‍പ്പെടെ ടീം തന്നെ വഹിക്കണം. സബ്‌സിഡി അവര്‍ തരുന്നില്ല. അത്രയും ചിലവ് ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. എന്റെ കണക്കു കൂട്ടല്‍ അനുസരിച്ച് സൂപ്പര്‍ കപ്പിനായി 40 ലക്ഷം രൂപയാണ് ടീമിനുള്ള ചിലവായി വേണ്ടി വരുന്നതെന്നും രഞ്ജിത് ബജാജ് ചൂണ്ടിക്കാണിക്കുന്നു. 

ഇനി സൂപ്പര്‍ കപ്പിന്റെ ഫൈനലിലേക്ക് നമ്മള്‍ എത്തുകയാണെങ്കിലോ? ഈ ചിലവ് 55 മുതല്‍ 60 ലക്ഷം രൂപ വരെയാകുന്നു. എനിക്ക് ഇത്രയും ചിലവുകള്‍ വഹിക്കാനാവില്ല എന്നത് കൊണ്ട് തന്നെ സൂപ്പര്‍ കപ്പിന്റെ ഭാഗമാവാന്‍ താത്പര്യമില്ലെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിക്കുമെന്ന് മിനര്‍വ പഞ്ചാബ് ഉടമ വ്യക്തമാക്കി. 

സൂപ്പര്‍ കപ്പ് നടക്കുന്ന ഏപ്രിലില്‍ 42 ഡിഗ്രിയിലായിരിക്കും ഭുബനേശ്വറിലെ ചൂട്. ഐഎസ്എല്‍ ടീമുകളില്‍ ഉള്‍പ്പെട്ട വിദേശ താരങ്ങളെ ഈ ചൂടില്‍ കളിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മറുപടി പറയേണ്ടി വരുമെന്നും രഞ്ജിത് ബജാജ് ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com