ഏകദിന മത്സരം തിരുവനന്തപുരത്ത് തന്നെ; സ്വന്തം നാട്ടിലെ സ്റ്റേഡിയത്തില്‍ ഫുട്‌ബോളും ക്രിക്കറ്റും കളിക്കുന്നത് സച്ചിന്‍ കാണുന്നില്ലേയെന്ന് കെസിഎ

ഏകദിന മത്സരം തിരുവനന്തപുരത്ത് തന്നെ; സ്വന്തം നാട്ടിലെ സ്റ്റേഡിയത്തില്‍ ഫുട്‌ബോളും ക്രിക്കറ്റും കളിക്കുന്നത് സച്ചിന്‍ കാണുന്നില്ലേയെന്ന് കെസിഎ

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വേദി നഷ്ടപ്പെടുന്നതില്‍ സച്ചിന് പരിഭവം ഉണ്ടാകും. ഞങ്ങള്‍ക്കും പരിഭവം ഉണ്ട്. 1996 മുതല്‍ ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പിച്ചാണ് കലൂരിലേത്

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്താന്‍ തത്വത്തില്‍ തീരുമാനം. കെസിഎ ഭാരവാഹികളുമായി മന്ത്രി എ.സി.മൊയ്ദീന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഈ ഏകദിനം തിരുവനന്തപുരത്ത് നടക്കട്ടെ എന്ന സര്‍ക്കാരിന്റെ അഭിപ്രായം അംഗീകരിക്കുകയാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ് വ്യക്തമാക്കി. 

വേദിയുടെ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കെസിഎയുടെ ജനറല്‍ ബോഡിയോഗം 24ന് ചേരും. ഈ യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. നവംബറില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ നവംബറിലെ ഇന്ത്യ-വിന്‍ഡിസ് മത്സരം കാര്യവട്ടത്തെ നടക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെസിഎ ഭാരവാഹികള്‍ പറയുന്നു.  

കൊച്ചിയില്‍ ക്രിക്കറ്റിനായി പുതിയ സ്റ്റേഡിയം എന്ന ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിക്കുക കൂടിയാണ് കെസിഎ ഇപ്പോള്‍. കൊച്ചി, തിരുവനന്തപുരം എന്ന് പറഞ്ഞ് പ്രാദേശികവത്കരിക്കേണ്ട കാര്യമില്ല. ശശി തരൂര്‍ വരെ അങ്ങിനെയാണ് പറഞ്ഞു വരുന്നത്. സച്ചിന് വിക്കറ്റുണ്ടാക്കുന്നത് അറിയില്ല. അദ്ദേഹത്തിന്റെ നാടായ മുംബൈയില്‍ ഡിവൈ പട്ടീല്‍ സ്റ്റേഡിയം മികച്ച ഗ്രൗണ്ടെന്ന് ഫിഫ അംഗീകരിച്ചതില്‍ ഒന്നാണ്. അവിടെ ഫുട്‌ബോളും ക്രിക്കറ്റും നടക്കുന്നുണ്ട്. പിന്നെ കൊച്ചിയില്‍ മാത്രമെന്താണ് പ്രശ്‌നമെന്നും കെസിഎ ചോദിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വേദി നഷ്ടപ്പെടുന്നതില്‍ സച്ചിന് പരിഭവം ഉണ്ടാകും. ഞങ്ങള്‍ക്കും പരിഭവം ഉണ്ട്. 1996 മുതല്‍ ഞങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പിച്ചാണ് കലൂരിലേത്. അത് നശിപ്പിച്ചു. 

കലൂരിലെ ഫുട്‌ബോള്‍ ടര്‍ഫ് നശിപ്പിച്ചാണ് ക്രിക്കറ്റിന് പിച്ചൊരുക്കുക എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ തള്ളിക്കൊണ്ട് തന്നെയായിരുന്നു കെസിഎ ഭാരവാഹികളുടെ പ്രതികരണം. ഈ വിക്കറ്റ് കലൂര്‍ സ്റ്റേഡിയത്തില്‍ ഉള്ളപ്പോള്‍ തന്നെയാണ് 2016 ഐഎസ്എല്‍ ഫൈനല്‍ കൊച്ചിയില്‍ നടത്തിയത്. ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പിച്ചുണ്ടായാല്‍ കളിക്കാര്‍ വീഴുമെന്നൊക്കെയുള്ള വാദങ്ങളെല്ലാം തെറ്റാണെന്നും ജയേഷ് ജോര്‍ജ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com