ഫുട്‌ബോള്‍ മാച്ച് റിപ്പോര്‍ട്ടിങ്ങിനിടെ ആരാധകന്റെ അതിക്രമം; മൈക്ക് തന്നെ ആയുധമാക്കി വനിതാ റിപ്പോര്‍ട്ടര്‍

സ്‌റ്റേഡിയത്തിന് പുറത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ ആരാധകര്‍ ക്യാമറയ്ക്ക് മുന്നില്‍ ആഹ്ലാദപ്രകടനവുമായി തിങ്ങി
ഫുട്‌ബോള്‍ മാച്ച് റിപ്പോര്‍ട്ടിങ്ങിനിടെ ആരാധകന്റെ അതിക്രമം; മൈക്ക് തന്നെ ആയുധമാക്കി വനിതാ റിപ്പോര്‍ട്ടര്‍

ഫുട്‌ബോള്‍ മാച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറായ മരിയ ഫെര്‍നാഡ മോറ. ടൊറന്റോ എഫ്‌സിക്കെതിരായ ഗുവാഡലാജാരായുടെ വിജയത്തെ കുറിച്ച് സ്‌റ്റേഡിയത്തിന് പുറത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇടയില്‍ ആരാധകര്‍ ക്യാമറയ്ക്ക് മുന്നില്‍ ആഹ്ലാദപ്രകടനവുമായി തിങ്ങി. ഒടുവില്‍ ഒരു ആരാധകന് നേര്‍ക്ക് റിപ്പോര്‍ട്ടറായ മരിയ കയ്യിലിരുന്ന മൈക്ക് തന്നെ ആയുധമാക്കി അടിക്കുകയായിരുന്നു. അതും ലൈവ് ടെലികാസ്റ്റിന് ഇടയില്‍. 

മെക്‌സിക്കോയിലായിരുന്നു സംഭവം. മരിയയ്ക്കു ചുറ്റും നിന്ന ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതിന് ഇടയില്‍ ഒരു വിരുതന്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും, ഇതിനെ തുടര്‍ന്നാണ് മറ്റൊന്ന് ആലോചിക്കാതെ താന്‍ പ്രതികരിച്ചതെന്നുമാണ് അവര്‍ പറയുന്നത്. ഈ സംഭവമെല്ലാം തത്സമയം പ്രേക്ഷകര്‍ കണ്ടു. സംഭവം വിവാദമായതോടെ ആരാധകനെ അടിക്കുന്ന റിപ്പോര്‍ട്ടറുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി പടരുകയും ചെയ്തിട്ടുണ്ട്. 

പിറകില്‍ നിന്നിരുന്ന ആരാധകന്റെ ഭാഗത്ത് നിന്നുമുണ്ടായ മോശം പ്രവര്‍ത്തിയാണ് മാധ്യമപ്രവര്‍ത്തകയെ പ്രകോപിപ്പിച്ചതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് നേരിട്ടത് എല്ലാ സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണെന്ന് പിന്നീട് നിലപാട് വ്യക്തമാക്കിയെത്തിയ മരിയ പറയുന്നു. എല്ലാം സ്ത്രീകള്‍ക്കും ഇത് അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ എനിക്ക് ഇത് ലൈവ് ടെലികാസ്റ്റിന് ഇടയില്‍ നേരിടേണ്ടി വന്നു എന്ന പ്രശ്‌നം മാത്രമേയുള്ളു. സ്വയം പ്രതിരോധിക്കാന്‍ ഞാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് അവിടെ കണ്ടതെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com