ടണലില്‍ വെച്ച് മെസി റഫറിയെ സമ്മര്‍ദ്ദത്തിലാക്കി; റഫറിയും മെസിയും ഒത്തുകളിച്ചെന്ന് റയല്‍ നായകന്‍

സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കളിയില്‍ മെസിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് റയല്‍ നായകന്‍ സെര്‍ജിയോ റാമോസ്
ടണലില്‍ വെച്ച് മെസി റഫറിയെ സമ്മര്‍ദ്ദത്തിലാക്കി; റഫറിയും മെസിയും ഒത്തുകളിച്ചെന്ന് റയല്‍ നായകന്‍

കിരീടത്തിനായുള്ള പോരാട്ടം അല്ലായിരുന്നു എങ്കില്‍ പോലും എല്‍ക്ലാസിക്കോ എന്നത് ആരാധകര്‍ക്ക് നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നുതന്നെയാണ്. ലോകത്തിലെ ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം കളിക്കളത്തിലെ കളിക്കാരന്റെ സമ്മര്‍ദ്ദത്തിനൊപ്പം വലിച്ചിടുന്ന എല്‍ ക്ലാസിക്കോ...തോല്‍വി അറിയാതെ മുന്നേറുന്ന ബാഴ്‌സയെ തളയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു റയല്‍ ഇറങ്ങിയതെങ്കിലും സമനിലയില്‍ കുരുക്കാന്‍ മാത്രമെ സിദാന്റെ സംഘത്തിനായുള്ളു. 

സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന കളിയില്‍ മെസിക്കെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് റയല്‍ നായകന്‍ സെര്‍ജിയോ റാമോസ്. റഫറിയെ മെസി ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കി. രണ്ടാം പകുതിയില്‍ കളിക്കളത്തില്‍ റഫറിയുടെ ഭാഗത്ത് നിന്നുമുണ്ടായതെല്ലാം ഇതിന്റെ പ്രതിഫലനമാണെന്നാണ് റാമോസിന്റെ ആരോപണം. 

ആദ്യ പകുതിക്ക് ശേഷമുള്ള ഇടവേളയ്ക്കിടെ ടണലില്‍ വെച്ച് മെസി റഫറിയെ സമ്മര്‍ദ്ദത്തിലാക്കി. അവിടെ ക്യാമറ ഉണ്ടോ എന്നെനിക്ക് അറിയില്ല. രണ്ടാം പകുതിയില്‍ മറ്റൊരു വഴിയെ കളി നിയന്ത്രിക്കാന്‍ മെസിയുടെ ഈ സമ്മര്‍ദ്ദം കാരണമായിട്ടുണ്ടാകും എന്നും റാമോസ് ആരോപിക്കുന്നു. 

എട്ട് മഞ്ഞക്കാര്‍ഡായിരുന്നു മത്സരത്തില്‍ കണ്ടത്. ആദ്യ പകുതിയില്‍ ബാഴ്‌സയുടെ സെര്‍ജിയോ റോബര്‍ട്ടോവിന് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോവേണ്ടിയും വന്നിരുന്നു. മെസി റഫറിയോട് എല്ലാം പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇത് ഫുട്‌ബോളാണ്. ഇവിടെ എല്ലാം കളിക്കളത്തില്‍ തന്നെ നില്‍ക്കണമെന്നും റാമോസ് ചൂണ്ടിക്കാണിക്കുന്നു. 

കളി തുടങ്ങി പത്താം മിനിറ്റില്‍ തന്നെ സുവാരസിലൂടെ ബാഴ്‌സ മുന്നിലെത്തി. എന്നാല്‍ നാല് മിനിറ്റിന്റെ മാത്രം ഇടവേളയില്‍ ക്രിസ്റ്റ്യാനോ റയലിനെ ഒപ്പത്തിനൊപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മെസി വീണ്ടും ബാഴ്‌സയെ മുന്നിലെത്തിച്ചെങ്കിലും 72ാം മിനിറ്റിലെ ബെയ്‌ലിന്റെ ഗോളിലൂടെ റയല്‍ സമനില പിടിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com