മൈക്ക് ഹസിയും കോഹ് ലിയും പറയുന്നു, ഇനി ധോനിയെ പിടിച്ചാല്‍ കിട്ടില്ല

ഐപിഎല്ലിന് മുന്‍പ് കഴിഞ്ഞ രാജ്യാന്തര ട്വിന്റി20 മത്സരങ്ങളിലെ മഹേന്ദ്ര സിങ് ധോനിയുടെ പ്രകടനം വിമര്‍ശകരുടെ വാദങ്ങള്‍ക്ക ശക്തി കൂട്ടിയിരുന്നു
മൈക്ക് ഹസിയും കോഹ് ലിയും പറയുന്നു, ഇനി ധോനിയെ പിടിച്ചാല്‍ കിട്ടില്ല

ഇന്ത്യയെ ലോക കിരീടത്തിലേക്ക് എത്തിച്ച നായകന്റെ പ്രായം 36 കടന്നു. ഈ പ്രായത്തിലേക്കെത്തിയാല്‍ വിമര്‍ശകര്‍ കളിക്കാര്‍ക്ക് ചുറ്റും കഴുകന്മാരെ പോലെ വട്ടം ചുറ്റുന്നത് ക്രിക്കറ്റ് ലോകത്ത് പുതുമയുള്ള കാഴ്ചയല്ല. ഐപിഎല്ലിന് മുന്‍പ് കഴിഞ്ഞ രാജ്യാന്തര ട്വിന്റി20 മത്സരങ്ങളിലെ മഹേന്ദ്ര സിങ് ധോനിയുടെ പ്രകടനം വിമര്‍ശകരുടെ വാദങ്ങള്‍ക്ക ശക്തി കൂട്ടിയിരുന്നു. എന്നാലവരുടെയെല്ലാം വയടപ്പിച്ചാണ് ധോനി ഐപിഎല്‍ തകര്‍ത്തു കളിക്കുന്നത്. 

മൂന്ന് അര്‍ധ സെഞ്ചുറികളാണ് ധോനി ഈ സീസണില്‍ ഇതുവരെ നേടിയത്. ആറ് തവണ വിജയ റണ്‍ നേടി ടീമിനെ ജയത്തിലേക്ക് എത്തിക്കുകയും ചെയ്തു.165.89 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റിങ് ആവറേജ് 90ല്‍ നില്‍ക്കുന്ന ധോനി റണ്‍ വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാമതുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിന് ഇടയിലെ ധോനിയുടെ മികച്ച ഫോം ഇപ്പോഴാണ് താന്‍ കാണുന്നതെന്നായിരുന്നു ചെന്നൈ കോച്ച് മൈക്ക് ഹസിയുടെ പ്രതികരണം. 

കളിക്കളത്തിന് അകത്തും പുറത്തും ധോനി ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട താരമാണ്. നായകനായി നിന്നും വിക്കറ്റിന് പിന്നില്‍ നിന്നും, ബാറ്റേന്തിയും ചെന്നൈയെ മുന്നില്‍ നിന്ന് നയിക്കുകയാണ് ധോനി. ധോനി ഉണ്ടെങ്കിലാണ് മൈതാനം നിറയുന്നത്. കളിക്കളത്തിന് പുറത്ത് ശാന്തനാണ് ധോനി എപ്പോഴുമെന്നും ഹസി പറയുന്നു. 

ധോനിയുടെ ബാറ്റിങ് കാണുവാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഇന്ത്യന്‍ ക്രിക്കറ്റിനുള്ള ശുഭ സൂചനയാണ് ധോനിയുടെ മികച്ച ഫോം. ഞങ്ങളെല്ലാ്ം അതില്‍ സന്തുഷ്ടരാണെന്നുമായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി പറഞ്ഞത്. ബാംഗ്ലൂരിന് എതിരായ ധോനിയുടെ 70 റണ്‍സ് പ്രകടനമായിരുന്നു പഴയ ധോനി തിരിച്ചെത്തുന്നതിന്റെ സൂചന ആരാധകര്‍ക്ക് നല്‍കിയത്. 27 സിക്‌സുകളും 17 ഫോറുകളുമാണ് ധോനിയുടെ ബാറ്റില്‍ നിന്നും ഇതുവരെ പിറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com