ട്വിന്റി20 ടെസ്റ്റ് അല്ലല്ലോ, മൂന്നാമനായി ഇറങ്ങുമ്പോള്‍ അതോര്‍ക്കണ്ടേ? സ്വയം പരീക്ഷിച്ച് തോറ്റ് അശ്വിന്‍ 

ക്രിസ് ഗെയ്‌ലിനെ ഒരു റണ്‍സിന് ഗൗതം മടക്കിയതിന് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു മൂന്നാമനായി അശ്വിന്‍ ക്രീസിലേക്ക് എത്തിയത്
ട്വിന്റി20 ടെസ്റ്റ് അല്ലല്ലോ, മൂന്നാമനായി ഇറങ്ങുമ്പോള്‍ അതോര്‍ക്കണ്ടേ? സ്വയം പരീക്ഷിച്ച് തോറ്റ് അശ്വിന്‍ 

നിര്‍ണായകമായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഉണര്‍ന്നു കളിച്ചായിരുന്നു രാജസ്ഥാന്‍ ജയം പിടിച്ചത്. 158 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് ബാറ്റിങ് ഓര്‍ഡറില്‍ തീര്‍ത്ത തന്ത്രങ്ങളെല്ലാം രാജസ്ഥാന്‍ പൊളിച്ചു. അതിലൊന്നായിരുന്നു മൂന്നാമനായി ഇറങ്ങിയ അശ്വിനെ റണ്‍ എടുക്കാന്‍ അനുവദിക്കാതെ പവലിയനിലേക്ക് മടക്കിയത്. 

നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ക്രിസ് ഗെയ്‌ലിനെ ഒരു റണ്‍സിന് ഗൗതം മടക്കിയതിന് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു മൂന്നാമനായി അശ്വിന്‍ ക്രീസിലേക്ക് എത്തിയത്. എന്നാല്‍ രണ്ട് ബോള്‍ മാത്രം നേരിട്ട അശ്വിനെ റണ്‍സ് എടുക്കാന്‍ അനുവദിക്കാതെ ഗൗതം മടക്കി അയക്കുകയായിരുന്നു. 

പവര്‍ പ്ലേയില്‍ ആക്രമിച്ച് കളിച്ച് റണ്‍ റേറ്റ് കൂട്ടുന്നതിന് വേണ്ടിയാണ് ഞാന്‍ മൂന്നാമനായി ഇറങ്ങിയത്. പോകും തോറും വിക്കറ്റ് കടുപ്പമേറിയതാവുകയായിരുന്നു. പവര്‍പ്ലേയില്‍ പരമാവധി സ്‌കോര്‍ ചെയ്ത് കളി ഞങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു ലക്ഷ്യം വെച്ചത്. മൂന്നാമനായി ഞാന്‍ ഇറങ്ങുക എന്നത് ഒരു പരീക്ഷണമായിരുന്നു എന്നാണ് മത്സരത്തിന് ശേഷം അശ്വിന്‍ പ്രതികരിച്ചത്. 

അശ്വിന്റെ ഓള്‍ റൗണ്ട് മികവ് ക്രിക്കറ്റ് ലോകം അംഗീകരിച്ചതാണ്. നാല് സെഞ്ചുറികള്‍ അശ്വിന്റെ പേരിലുണ്ട്. എന്നാല്‍ ലിമിറ്റര്‍ ഓവര്‍ ക്രിക്കറ്റില്‍ എത്രമാത്രം അശ്വിന് അടിച്ചു കളിക്കാന്‍ പറ്റും എന്ന ചോദ്യമാണ് ഉയരുന്നത്. മൂന്നാമനായി അശ്വിന്‍ ഇറങ്ങിയത് കൊണ്ട് പഞ്ചാബ് തോല്‍വിയിലേക്ക് പോയി എന്ന് നമുക്ക് പറയാനാവില്ല. എന്നാല്‍ റണ്‍ റേറ്റ് ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം എങ്കില്‍ മൂന്നാമനായി സ്‌റ്റോയ്‌നിസിനെയോ, അക്‌സര്‍ പട്ടേലിനേയോ പഞ്ചാബിന് ക്രീസിലേക്ക അയക്കുന്നതായിരുന്നു കൂടുതല്‍ ഉചിതം. 

അശ്വിന്റെ പുറത്താകല്‍ പഞ്ചാബിന്റെ ബാറ്റിങ് നിരയെ ഉലച്ചു. പഞ്ചാബിനെ ജയത്തിലേക്ക് എത്തിക്കാന്‍ ഒരറ്റത്ത പിടിച്ചു നിന്ന് രാഹുല്‍ നടത്തിയ ശ്രമങ്ങളും ഫലിച്ചില്ല. രാഹുലിന് പിന്തുണയേകുക ലക്ഷ്യമിട്ടായിരുന്നു അശ്വിന്റെ മൂന്നാമനായുള്ള വരവ്. 121 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച അശ്വിന്റെ റണ്‍ സമ്പാദ്യം 288 റണ്‍സ് ആണ്. ആകെ കളിച്ച 206 ട്വിന്റി20 മത്സരങ്ങളില്‍ അശ്വിന്‍ ബാറ്റിങ്ങിനായി ഇറങ്ങിയത് 69 തവണ. അതില്‍ നിന്നുമുള്ള റണ്‍സ് 542. 

ഈ കണക്കുകള്‍ നോക്കിയാല്‍ മൂന്നാമനായി ഇറങ്ങി ബിഗ് ഹിറ്റുകളിലൂടെ റണ്‍സ് സ്‌കോര്‍ ചെയ്യാമെന്ന അശ്വിന്റെ കണക്കു കൂട്ടലുകള്‍ നടപ്പിലാവുന്ന ഒന്നല്ലയെന്ന് വ്യക്തം. ഇത് ട്വിന്റി20യാണ്. ഏത് നിമിഷവും എന്തും സംഭവിക്കാം എന്നെല്ലാം പറയാം. പക്ഷേ ഇതുവരെ കൂറ്റനടിക്കാരുടെ ലിസ്റ്റിലേക്ക് തന്റെ പേര് ചേര്‍ക്കാന്‍ അശ്വിന് സാധിക്കാത്തിടത്തോളം അതിനുള്ള സാധ്യതകള്‍ വിരളം. 

സുനില്‍ നരെയ്‌നിനെ ഓപ്പണറാക്കി ഇറക്കി ഗംഭീര്‍ പരീക്ഷിച്ച് വിജയിച്ചത് അശ്വിന്റെ കാര്യത്തില്‍ നടപ്പിലായില്ല. നരെയ്‌നാവാന്‍ സ്വയം ശ്രമിച്ച അശ്വിന്റെ മൂന്നാമനായുള്ള വരവിനെ ആരാധകര്‍ നന്നായി ട്രോളുന്നുമുണ്ട് ഇപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com