ടെസ്റ്റില്‍ നിന്നും ടോസ് സമ്പ്രദായം എടുത്തു കളഞ്ഞേക്കും; തീരുമാനമെടുക്കാന്‍ ഐസിസി

ആതിഥേയ ടീമിന് ടോസിലൂടെ ലഭിക്കുന്ന ആധികാരീകത നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം
ടെസ്റ്റില്‍ നിന്നും ടോസ് സമ്പ്രദായം എടുത്തു കളഞ്ഞേക്കും; തീരുമാനമെടുക്കാന്‍ ഐസിസി

ക്രിക്കറ്റില്‍ ടോസിനുള്ള പ്രാധാന്യത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ...ടീമിന്റെ ജയത്തെ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ് ടോസ് എന്നാണ് വിശ്വാസം. ടെസ്റ്റിലും ഏകദിനത്തിലും ട്വിന്റി20യിലും അതിന് മാറ്റമില്ല. എന്നാല്‍ ടെസ്റ്റില്‍ നിന്നും ഈ ടോസ് സമ്പ്രദായം എടുത്ത് കളയുന്നതിന്റെ സാധ്യത തേടുകയാണ് ഐസിസി ഇപ്പോള്‍. 

മെയ് 28, 29 തീയതികളില്‍ മുംബൈയില്‍ ചേരുന്ന ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയില്‍ ടെസ്റ്റിലെ ടോസ് വിഷയത്തില്‍ തീരുമാനമുണ്ടാകും. ആതിഥേയ ടീമിന് ടോസിലൂടെ ലഭിക്കുന്ന ആധികാരീകത നീതി നിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നീക്കം. 

ആതിഥേയ ടീം നായകനാണ് ടോസ് ഇടുന്നത്. അതില്‍ ടോസ് വിളിക്കുന്നത് വിസിറ്റിങ് ടീമിന്റെ നായകനും. 1877ല്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ കളിയോടെ ടെസ്റ്റ് ആരംഭിച്ചത് മുതല്‍ ഇന്ന് വരെ ടോസ് ഇട്ടാണ് കളികളെല്ലാം. എന്നാല്‍ വിസിങ്ങിങ് ടീമിന് ടോസ് ഇടാതെ തന്നെ, ബാറ്റിങ്ങ് ആണോ ബൗളിങ് ആണോ വേണ്ടതെന്ന് തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം നല്‍കണം എന്നാണ് ഐസിസിയില്‍ ഒരു വിഭാഗം ഉന്നയിക്കുന്ന ആവശ്യം. 

നിലവിലെ ടോസ് സമ്പ്രദായത്തില്‍ ആതിഥേയ രാജ്യത്തിനാണ് മുന്‍തൂക്കം ലഭിക്കുന്നത്. പിച്ച് ഒരുക്കുന്നതില്‍ വരെ ആതിഥേയ ടീമിനുള്ള സ്വാധീനം ടോസില്‍ പ്രതിഫലിക്കുന്നുവെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 2016ലെ കൗണ്ടി ടൂര്‍ണമെന്റില്‍ ടോസ് ഒഴിവാക്കിയിരുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റിലും ടോസ് ഒഴിവാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെങ്കിലും അവ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇന്ത്യന്‍ മുന്‍ നായകനും കോച്ചുമായിരുന്ന അനില്‍ കുംബ്ലേ, ആന്‍ഡ്ര്യൂ സ്‌ട്രോസ്, മഹേല ജയവര്‍ധന, രാഹുല്‍ ദ്രാവിഡ്, ടിം മെയ്, ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചീഫ് ഡേവിഡ് വൈറ്റ്, അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ, ഷോണ്‍ പൊള്ളക്ക് എന്നിവരാണ് ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയിലെ അംഗങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com