പൊള്ളാര്‍ഡിന്റെ ഗര്‍ജനത്തിന് പിന്നാലെ മുംബൈ ജേഴ്‌സിയില്‍ രാഹുലും, പഞ്ചാബിന് വേണ്ടി ഹര്‍ദിക്കും; വാങ്കഡേയില്‍ സംഭവിച്ചത്‌

മുംബൈ പൊള്ളാര്‍ഡിലും ഭൂമ്രയിലുമൂന്നിയ ഉയര്‍ത്തെഴുന്നേല്‍ക്കുക കൂടിയായിരുന്നു സ്വന്തം തട്ടകത്തില്‍
പൊള്ളാര്‍ഡിന്റെ ഗര്‍ജനത്തിന് പിന്നാലെ മുംബൈ ജേഴ്‌സിയില്‍ രാഹുലും, പഞ്ചാബിന് വേണ്ടി ഹര്‍ദിക്കും; വാങ്കഡേയില്‍ സംഭവിച്ചത്‌

കെ.എല്‍.രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം ഒരിക്കല്‍ കൂടി പാഴാവുന്നതാണ് വാങ്കടെ സ്റ്റേഡിയത്തില്‍ കണ്ടത് എങ്കില്‍ മുംബൈ പൊള്ളാര്‍ഡിലും ഭൂമ്രയിലുമൂന്നിയ ഉയര്‍ത്തെഴുന്നേല്‍ക്കുക കൂടിയായിരുന്നു സ്വന്തം തട്ടകത്തില്‍. 60 ബോളില്‍ നിന്നും 94 റണ്‍സ് അടിച്ചെടുത്തിട്ടും അനിവാര്യമായ ജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ രാഹുലിനായില്ല. 

നാല് റണ്‍സ് അകലെ വെച്ചായിരുന്നു പഞ്ചാബിന് തോല്‍വി സമ്മതിക്കേണ്ടി വന്നത്. പഞ്ചാബിനെ തോല്‍പ്പിച്ചതാവട്ടെ ഭൂമ്രയുടെ ഒരു രക്ഷയുമില്ലാത്ത ഡെത്ത് ഓവര്‍ ബൗളിങ്ങും. പത്തൊന്‍പതാം ഓവറിലായിരുന്നു ഭൂമ്ര പഞ്ചാബിനെ കുഴക്കിയത്. ഓവറിലെ മൂന്നാമത്തെ ബോളില്‍ രാഹുലിനെ മടക്കിയാണ് ഭൂമ്ര മുംബൈയെ ജയത്തിലേക്ക് എത്തിച്ചത്. 

രാഹുലിന് പിന്നാലെ എത്തിയ യുവരാജ് പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കുമെന്ന് തോന്നിച്ചുവെങ്കിലും മൂന്ന് ബോളുകള്‍ മാത്രം നേരിട്ട് ഒരു റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത് യുവി പവലിയനിലേക്ക് മടങ്ങി. 

മറ്റെല്ലാ ബാറ്റ്‌സ്മാനും പരാജയപ്പെട്ടപ്പോള്‍ അടിച്ചു കളിച്ച പൊള്ളാര്‍ഡിന്റെ മികവിലായിരുന്നു 186 എന്ന ടോട്ടലിലേക്ക് മുംബൈ എത്തിയത്. നാല് സിക്‌സും മൂന്ന് ഫോറും പറത്തിയായിരുന്നു പൊള്ളാര്‍ഡിന്റെ ബാറ്റിങ്. 

മുംബൈയും പഞ്ചാബും തമ്മിലുള്ള മത്സരത്തിന് ശേഷം ആരാധകരെ ആവേശത്തിലാക്കിയ ഒന്നായിരുന്നു ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍.രാഹുലും ജേഴ്‌സി കൈമാറിയത്. ഫുട്‌ബോളില്‍ മത്സരത്തിന് ഒടുവില്‍ ജേഴ്‌സി കൈമാറുക പതിവാണെങ്കിലും ഐപിഎല്ലില്‍ ഇതിന് മുന്‍പ് സമാനമായ കാര്യം നടന്നിട്ടില്ല എന്നതാണ് ആരാധകരുടെ കൗതുകം ഇരട്ടിപ്പിക്കുന്നത്. 

ഒരു മത്സരം കൂടി ആവശേഷിക്കെ തങ്ങളുടെ പോയിന്റ് 12ലേക്ക് മുംബൈ എത്തിച്ചു. പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ് മുംബൈ ഇപ്പോള്‍. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് പിഴുത ഭൂംമ്ര തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. 9 ബോളില്‍ നിന്നും ജയിക്കാന്‍ 20 റണ്‍സ് വേണമെന്നിരിക്കെയാണ് രാഹുലിനെ ഭൂംമ്ര ക്രീസില്‍ നിന്നും മടക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com