അന്ന് വന്നത് വിനോദ സഞ്ചാരിയെപ്പോലെ; ഇപ്പോൾ അടിമുടി മാറിയിരിക്കുന്നു; ഉദാഹരണ സഹിതം ഡേവിഡ് ജെയിംസ്

ആദ്യ എെഎസ്എൽ മുതൽ ടൂർണമെന്റ് അടുത്ത് നിന്ന് അറിഞ്ഞ ഡേവിഡ് ജെയിംസിന് അതുകൊണ്ടുതന്നെ അതിന്റെ മാറ്റങ്ങളും ശരിക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്
അന്ന് വന്നത് വിനോദ സഞ്ചാരിയെപ്പോലെ; ഇപ്പോൾ അടിമുടി മാറിയിരിക്കുന്നു; ഉദാഹരണ സഹിതം ഡേവിഡ് ജെയിംസ്

പൂനെ: ഇന്ത്യൻ ഫുട്ബോൾ സംസ്കാരത്തിൽ കാതലായ മാറ്റം വരുത്തിയ ടൂർണമെന്റാണ് ഇന്ത്യൻ സൂപ്പർ ലീ​ഗ്. ഉദ്ഘാടന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് കം കളിക്കാരൻ എന്ന ഇരട്ട റോളിലായിരുന്നു ഇന്ന് ടീമിന്റെ മുഖ്യ പരിശീലകനായ ഡേവി‍ഡ് ജെയിംസ്. ആദ്യ എെഎസ്എൽ മുതൽ ടൂർണമെന്റ് അടുത്ത് നിന്ന് അറിഞ്ഞ ഡേവിഡ് ജെയിംസിന് അതുകൊണ്ടുതന്നെ അതിന്റെ മാറ്റങ്ങളും ശരിക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാല് വർഷം കൊണ്ട് എത്രയോ മെച്ചപ്പെട്ടു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇന്ന് എഫ്സി പൂനെ- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം നടക്കാനിരിക്കവെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഐഎസ്എല്ലിലെ നിലവാരം എത്രയോ ഉയർന്നതായി ഉദാഹരണ സഹിതം അദ്ദേഹം വ്യക്തമാക്കിയത്. 

ഒറ്റ നോട്ടത്തിൽ താരങ്ങൾക്ക് മാറ്റങ്ങൾ കാണാൻ കഴിയുന്നില്ലായിരിക്കും. പക്ഷെ ഒരോ ആഴ്ചയിലും ഐ എസ് എല്ലിന്റെ നിലവാരം വർധിച്ച് വരികയാണ്. 2014ൽ ഐഎസ്എൽ വളരെ മോശമായിരുന്നു. ആദ്യ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം മത്സരത്തിനായി പൂനെയിലെത്തുമ്പോള്‍ കാര്യങ്ങള്‍ ഇപ്പോഴത്തെ പോലെയായിരുന്നില്ല. അന്ന് ഒരു സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു പരിശീലനത്തിന് അവസരം കിട്ടിയത്. തീര്‍ത്തും പരിമിത സൗകര്യത്തിലായിരുന്നു പരിശീലനം. വിനോദസഞ്ചാരത്തിനായി വന്നത് പോലെയായിരുന്നു. സൗകര്യങ്ങള്‍ തീരെ കുറവ്. എന്നാല്‍ ഇപ്രാവശ്യം കഥയാകെ മാറിയിരിക്കുന്നു. ഇന്ന് പൂനെ സിറ്റിയുടെ മികച്ച ട്രെയിനിങ് സെന്ററിൽ പരിശീലനം നടത്താൻ പറ്റുന്നു. ഗ്രൗണ്ടുകളിൽ പുല്ല് വളരെ മികച്ചതായിരിക്കു‌ന്നു. ഇതൊക്കെ വലിയ മാറ്റങ്ങളാണ്.

എെഎസ്എൽ ടീമുകൾ ഇപ്പോൾ പരിശീലനത്തിന് അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നു. വിദഗ്ധരായ കോച്ചുമാരുടെ സേവനം ഉറപ്പാക്കുന്നു. ഐഎസ്എല്‍ പ്രൊഫഷണലിസത്തില്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്തിയിട്ടുണ്ട്. 2014ൽ ഐ എസ് എല്ലിൽ എത്തിയ വിദേശ താരങ്ങളിൽ ഭൂരിഭാഗവും പ്രായം വളരെ കൂടുതൽ ഉള്ളവരായിരുന്നു. എന്നാൽ ഇന്ന് പൊപ്ലാനികിനെയും സ്റ്റൊഹാനോവിചിനെയും പോലെ ഉള്ള യുവരക്തം ശേഷിക്കുന്ന താരങ്ങൾ ഐ എസ് എല്ലിലേക്ക് എത്തുന്നു. പൂനെ നിരയിലെ വിദേശികളിലും യുവ രക്തങ്ങൾ ഉണ്ട്. ഇത് വിദേശ താരങ്ങളുടെ കാര്യത്തിൽ ഐഎസ്എല്ലിന്റെ നിലവാരം വർധിപ്പിക്കുന്നതായും ജെയിംസ് കൂട്ടിച്ചേർത്തു.

ഇന്ന് എവേ പോരാട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് പൂനെയുമായി ഏറ്റുമുട്ടുന്നത്. നാല് കളികളില്‍ ആറുപോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് സമനിലക്കുരുക്കിൽ പെടുന്ന അവസ്ഥ മാറ്റി വിജയ വഴിയിലെത്താനുള്ള പ്രതീക്ഷകളുമായാണ് കളിക്കാനിറങ്ങുന്നത്. മുന്നോട്ടുള്ള യാത്രയില്‍ പൂനെയ്‌ക്കെതിരേ ജയം അനിവാര്യമാണ് ടീമിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com