വീറും വാശിയും പകയുമായി ആ ടീമുകള്‍ വീണ്ടും; രക്തം ചിന്തുന്ന ഓര്‍മകളുമായി സൂപ്പര്‍ ക്ലാസിക്കോ

അര്‍ജന്റീന ക്ലബുകളായ റിവര്‍ പ്ലേറ്റും ബോക്ക ജൂനിയേഴ്‌സും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ 
വീറും വാശിയും പകയുമായി ആ ടീമുകള്‍ വീണ്ടും; രക്തം ചിന്തുന്ന ഓര്‍മകളുമായി സൂപ്പര്‍ ക്ലാസിക്കോ

ബ്യൂണസ് അയേഴ്‌സ്: ലോകത്തിലെ ഏറ്റവും വാശിയേറിയ ഫുട്‌ബോള്‍ പോരാട്ടമേതെന്ന് ചോദിച്ചാല്‍ നിരവധി ഉത്തരങ്ങളുണ്ടാകും. റയല്‍- ബാഴ്‌സ, മാഞ്ചസ്റ്റര്‍ ടീമുകളുടെ നാട്ടുവൈരം തുടങ്ങി അനവധി ഉദാഹരണങ്ങള്‍. എന്നാല്‍ അതൊന്നുമല്ല. ലാറ്റിനമനേരിക്കയില്‍ അരങ്ങേറുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണത്. 

അര്‍ജന്റീന ക്ലബുകളായ റിവര്‍ പ്ലേറ്റും ബോക്ക ജൂനിയേഴ്‌സും തമ്മിലുള്ള സൂപ്പര്‍ ക്ലാസിക്കോ പോരാട്ടമാണത്. പല കാലത്തും കളത്തിലെയും സ്റ്റേഡിയത്തിലേയും അക്രമ സംഭവങ്ങളുടെ പേരിലടക്കം വന്‍ വിവാദങ്ങളാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുമ്പോള്‍ സംഭവിക്കുന്നത്. 

ലാറ്റിനമേരിക്കയിലെ  ചാംപ്യന്‍സ് ലീഗ് എന്നറിയപ്പെടുന്ന കോപ്പ ലിബര്‍ട്ടഡോറസ് പോരാട്ടത്തിലാണ് അര്‍ജന്റീനയിലെ ഏറ്റവും പ്രസിദ്ധമായ രണ്ട് ബദ്ധവൈരരികള്‍ കൂടിയായ ടീമുകള്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായാണ് ലിബര്‍ട്ടഡോറസിന്റെ ഫൈനലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവും ആവേശവും അപകടവും നിറഞ്ഞ ഡെര്‍ബി പോരാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഈ ടീമുകള്‍ തമ്മിലുള്ള മത്സരം. ഇതാണ് ഇക്കുറി ഭൂഖണ്ഡത്തിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള കലാശപ്പോരില്‍ അരങ്ങേറാനിരിക്കുന്നത്. അര്‍ജന്റീനയിലെ 70 ശതമാനത്തിലേറെ ആരാധകരും ഈ രണ്ട് ക്ലബുകളിലായി വിഭജിച്ചിരിക്കുകയാണ്. അതുതന്നെയാണ് ഇരു ടീമുകളുടേയും മത്സരം ആവേശം പകരുന്നത്. 

ലാറ്റിനമേരിക്കന്‍ ചാംപ്യന്‍സ് ലീഗ് എന്ന വിളിപ്പേരുണ്ടെങ്കിലും കലാശപ്പോരിലും ഹോം എവേ മത്സരങ്ങള്‍ കോപ്പാ ലിബെര്‍ട്ടഡോറസിനുണ്ട് എന്നൊരു വ്യത്യാസമുണ്ട്.  അതിനാല്‍ തന്നെ മത്സരത്തിന് ഇരട്ടി ആവേശമായിരിക്കും. സെമിയില്‍ ബ്രസീല്‍ ക്ലബുകളായ ഗ്രെമിയോ, പാല്‍മിറസ് എന്നിവരെ തോല്‍പ്പിച്ചാണ് അര്‍ജന്റീന ടീമുകള്‍ ഫൈനലിന് എത്തുന്നത്. ഈ മാസം 10, 24 തീയതികളിലാണ് ഇരു പാദ പോരാട്ടങ്ങള്‍. ബൊക്ക ജൂനിയേഴ്‌സ് പാല്‍മിറെസിനെ ഇരു പാദങ്ങളിലായി 4-2ന് കീഴടക്കി. റിവര്‍പ്ലേറ്റ് ഇരു പാദങ്ങളിലായി ഗ്രെമിയോയെ 2-0ത്തിന് കീഴടക്കുകയായിരുന്നു. 

1968ല്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് 71 ആരാധകര്‍ കൊല്ലപ്പെട്ടിരുന്നു. ഇരു ക്ലബുകളും അന്ന് പരസ്പരം കുറ്റപ്പെടുത്തുകയാണുണ്ടായത്. 

2015ലാണ് അവസാനമായി ഇരു ടീമുകളും തമ്മില്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന് ബൊക്ക ജൂനിയേഴ്‌സ് താരങ്ങളുടെ ആക്രമണത്തില്‍ പരുക്കേറ്റ് റിവര്‍ പ്ലേറ്റ് താരങ്ങളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. കരുമുളക് സ്‌പ്രേയടിച്ചാണ് ആരാധകര്‍ അന്ന് പരസ്പരം ഏറ്റുമുട്ടിയത്. മത്സരം ആദ്യ പകുതി പിന്നിട്ടപ്പോഴായിരുന്നു അന്ന് വ്യാപക അക്രമമുണ്ടായത്. ഇതോടെ മത്സരം ഉപേക്ഷിച്ചു. തൊട്ടുപിന്നാലെ ബൊക്ക ജൂനിയേഴ്‌സിനെ ലീഗ് പോരാട്ടത്തില്‍ നിന്ന് അന്ന് അയോഗ്യരാക്കുകയുമുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com