ഇനിയും പ്രീതി സിന്റയുമായി ഉടക്കാനില്ല, കിങ്‌സ് ഇലവന്‍ വിടുന്നുവെന്ന് സെവാഗ്‌

കഴിഞ്ഞ സീസണില്‍ ടീം ഉടമ പ്രീതി സിന്റയുമായി സെവാഗ് ഇടഞ്ഞിരുന്നു
ഇനിയും പ്രീതി സിന്റയുമായി ഉടക്കാനില്ല, കിങ്‌സ് ഇലവന്‍ വിടുന്നുവെന്ന് സെവാഗ്‌

പ്രതീക്ഷിച്ചിരുന്നത് പോലെ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് ഗുഡ്‌ബൈ പറഞ്ഞ് വീരേന്ദര്‍ സെവാഗ്. കഴിഞ്ഞ സീസണില്‍ ടീം ഉടമ പ്രീതി സിന്റയുമായി സെവാഗ് ഇടഞ്ഞിരുന്നു. പതിനൊന്നാം ഐപിഎല്‍ സീസണില്‍ വലിയ മുന്നേറ്റം നടത്താനും പഞ്ചാബിന് സാധിച്ചിരുന്നില്ല. 

ഇതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മെന്റര്‍ സ്ഥാനത്ത് അടുത്ത സീസണില്‍ സെവാഗ് ഉണ്ടാവില്ലെന്ന് ഏറെ കുറേ വ്യക്തമായിരുന്നു. 2016ലെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു സെവാഗ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമാകുന്നത്. എല്ലാ നല്ലതിനും ഒരു അവസാനം ഉണ്ടാവണം എന്ന് ട്വിറ്ററില്‍ കുറിച്ചായിരുന്നു പഞ്ചാബിനോട് സെവാഗ് വിടപറയുന്നുവെന്ന് ആരാധകരെ അറിയിച്ചത്. 

കളിക്കാരനായി രണ്ട് സീസണിലും, മെന്ററായി മൂന്ന് സീസണിലും പഞ്ചാബിനൊപ്പമുള്ള യാത്ര മനോഹരമായിരുന്നു. കിങ്‌സ് ഇലവനുമായുള്ള ബന്ധം അവസാനിക്കുന്നു, ടീമിന് എല്ലാ ഭാവുകങ്ങളും നല്‍കുന്നു എന്നും സെവാഗ് ട്വീറ്റ് ചെയ്തു. പതിനൊന്നാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വി നേരിട്ടതിന് ശേഷം ഡ്രസിങ് റൂമില്‍ വെച്ച് സെവാഗും പ്രീതിസിന്റയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ സീസണില്‍ മികച്ച തുടക്കം പഞ്ചാബിന് ലഭിച്ചുവെങ്കിലും പ്ലേ ഓഫിലേക്ക് കടക്കാനായില്ല. പതിനാല് കളികളില്‍ നിന്നും ആറ് ജയവും എട്ട് തോല്‍വിയുമായി അവസാന സ്ഥാനത്തായിരുന്നു പഞ്ചാബിന്റെ നില്‍പ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com