ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ ചെന്ന് ഞാന്‍ പറഞ്ഞു, കൈവിട്ടു പോകുമെന്ന്; മങ്കിഗേറ്റില്‍ വെളിപ്പെടുത്തലുമായി സൈമണ്ട്‌സ്

അന്ന് മുതലാണ് എന്റെ തകര്‍ച്ച ആരംഭിച്ചു തുടങ്ങിയത് എന്നാണ് സൈമണ്ട്‌സ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്
ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ ചെന്ന് ഞാന്‍ പറഞ്ഞു, കൈവിട്ടു പോകുമെന്ന്; മങ്കിഗേറ്റില്‍ വെളിപ്പെടുത്തലുമായി സൈമണ്ട്‌സ്

സിഡ്‌നി: 2008ലെ ഇന്ത്യയുടെ ഓസീസ് പരമ്പര സംഭവ ബഹുലമായിരുന്നു. ആ വിവാദത്തോടെ തന്റെ ജീവിതവും കയ്യില്‍ നിന്നു വഴുതി പോവുകയായിരുന്നു എന്നാണ് ഓസീസ് മുന്‍ ഓള്‍ റൗണ്ടര്‍ ആന്‍ഡ്ര്യു സൈമണ്ട്‌സ് ഇപ്പോള്‍ പറയുന്നത്.

സിഡ്‌നിയില്‍ നടന്ന ന്യൂ ഇയര്‍ ടെസ്റ്റിനിടെ സൈമണ്ട്‌സിനെ ഹര്‍ഭജന്‍ കുരങ്ങന്‍ എന്ന് വിളിച്ചതായി ആരോപണം ഉയര്‍ന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഹര്‍ഭജന്‍ സിങ്ങിനെ മൂന്ന് കളിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പരമ്പരയില്‍ നിന്നും പിന്മാറുമെന്ന ഭീഷണിയുമായി ഇന്ത്യ എത്തിയിരുന്നു. പക്ഷേ സൈമണ്ട്‌സ്, തന്നെ ഹര്‍ഭജന്‍ രണ്ട് മൂന്ന് വട്ടം കുരങ്ങന്‍ എന്ന് വിളിച്ചു എന്ന വാദത്തില്‍ ഉറച്ചു നിന്നു. 

അന്ന് മുതലാണ് എന്റെ തകര്‍ച്ച ആരംഭിച്ചു തുടങ്ങിയത് എന്നാണ് സൈമണ്ട്‌സ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്റെ ടീം അംഗങ്ങളേ കൂടി ആ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതില്‍ എനിക്ക് കുറ്റബോധം തോന്നി. അതിന് ശേഷം എന്റെ മദ്യപാനം വര്‍ധിച്ചു. തെറ്റായ സമീപനമായിരുന്നു എന്റേത് എന്നും സൈമണ്ട്‌സ് പറയുന്നു. 

മദ്യപാനം മൂലമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന്, 2009 ജൂണില്‍ സൈമണ്ട്‌സുമായുള്ള കരാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ റദ്ദാക്കുകയായിരുന്നു. ലോക കപ്പ് ട്വന്റി20ക്കു പിന്നാലെയായിരുന്നു ഇത്. അന്ന് സിഡ്‌നിയില്‍ വെച്ച് മങ്കി എന്ന് വിളിച്ചത് മാത്രമല്ല, അതിന് മുന്‍പും ഹര്‍ഭജന്‍ തന്നെ കുരങ്ങന്‍ എന്ന് വിളിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോപ്പറേഷന് അനുവദിച്ച അഭിമുഖത്തില്‍ സൈമണ്ട്‌സ് പറയുന്നു. 

ഇന്ത്യയുടെ ഡ്രസിങ് റൂമിലേക്ക് ഞാന്‍ പോയി ഹര്‍ഭജനോട് സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു. ഹര്‍ഭജന്‍ വന്നപ്പോള്‍ ഞാന്‍ വ്യക്തമായി പറഞ്ഞു, ഈ പേര് എന്നെ വിളിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കയ്യില്‍ നിന്നും വിട്ടുപോകും എന്ന്, സൈമണ്ട്‌സ് വെളിപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com