ട്വന്‍റി- 20 പൂരത്തിന് ഇന്ന് തുടക്കം ; പുതുനിരയുമായി ഇന്ത്യ, മാനം കാക്കാൻ വിൻഡീസ്

വിരാട് കോഹ്‍ലിയും എം.എസ്. ധോണിയും ഇല്ലാതെയാണ് ട്വന്റി 20 ലോക ചാംപ്യന്‍മാരായ വിന്‍ഡീസിനെതിരെ ഇന്ത്യ ഇറങ്ങുന്നത്
ട്വന്‍റി- 20 പൂരത്തിന് ഇന്ന് തുടക്കം ; പുതുനിരയുമായി ഇന്ത്യ, മാനം കാക്കാൻ വിൻഡീസ്

കൊല്‍ക്കത്ത: ഇന്ത്യ വിൻഡീസ് ട്വന്‍റി- 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ വൈകിട്ട് ഏഴിനാണ് മൽസരം ആരംഭിക്കുക.  വിരാട് കോഹ്‍ലിയും എം.എസ്. ധോണിയും ഇല്ലാതെയാണ് ട്വന്റി 20 ലോക ചാംപ്യന്‍മാരായ വിന്‍ഡീസിനെതിരെ ഇന്ത്യ ഇറങ്ങുന്നത്. രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നായകന്‍.   

ടെസ്റ്റ് ഏകദിന പരമ്പരകൾ സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. പന്ത്രണ്ട് അംഗ ടീമിൽ ഉൾപ്പെട്ട ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ ഇന്ന് അരങ്ങേറിയേക്കും. ദിനേശ് കാർത്തിക് ടീമിലുണ്ടെങ്കിലും റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവുമെന്നാണ് സൂചന.കുൽദീപ് യാദവോ യുസ്‍വേന്ദ്ര ചാഹലോ പുറത്തിരിക്കേണ്ടിവരും. പേസും ബൗൺസും ഉള്ള വിക്കറ്റായതിനാൽ ഭുവനേശ്വർ, ബുംറ, ഖലീൽ അഹമ്മദ് എന്നിവർ ഇന്ത്യൻ നിരയിലുണ്ടാവും.

ട്വന്‍റി 20 സ്പെഷ്യലിസ്റ്റുകൾ ടീമിനൊപ്പം ചേർന്ന കരുത്തിൽ ഇന്ത്യക്കെതിരെ വിജയം നേടാമെന്ന പ്രതീക്ഷയിലാണ് വിൻഡീസ് ടീം. കാർലോസ് ബ്രാത്ത് വെയ്റ്റിന്‍റെ നേതൃത്വത്തിലാണ് വിൻഡീസ് ഇറങ്ങുന്നത്. കീറൺ പൊള്ളാർഡ് തിരിച്ചെത്തിയെങ്കിലും ആന്ദ്രേ റസലിന്‍റെ അഭാവം വിൻഡീസിന് തിരിച്ചടിയായേക്കും. ടീമിൽ ഉൾപ്പെടുത്തിട്ടും റസൽ കൊൽക്കത്തയിൽ എത്തിയിട്ടില്ല. റസലിന് പരുക്കേറ്റുവെന്നാണ് സെലക്ഷൻ കമ്മിറ്റിയുടെ വിശദീകരണം. ഒരുവര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബ്രാവോയും പൊള്ളാര്‍ഡും വിന്‍ഡീസ് ജേഴ്സി അണിയുന്നത്. 

കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ചാണ് വിന്‍ഡീസ് കിരീടത്തിലേയ്ക്ക് മുന്നേറിയത്. ഇരുവരും ഏറ്റുമുട്ടിയപ്പോഴും  വിന്‍ഡീസിനാണ് ആധിപത്യം. അഞ്ചുതവണ കരീബിയന്‍ കരുത്തില്‍ കീഴടങ്ങിയ ഇന്ത്യയ്ക്ക് ജയിക്കാനായത് രണ്ടുതവണ മാത്രം. ഇതും വിൻഡീസിന് പ്രതീക്ഷയേകുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com