വൈദ്യുതി ബന്ധം തടസ്സപ്പെട്ടു; ബ്ലാസ്റ്റേഴ്‌സ് - ബംഗളുരു എഫ് സി മത്സരം നിര്‍ത്തിവച്ചു

കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് -  ബംഗളുരു എഫ്‌സി മത്സരം തടസ്സപ്പെട്ടു
വൈദ്യുതി ബന്ധം തടസ്സപ്പെട്ടു; ബ്ലാസ്റ്റേഴ്‌സ് - ബംഗളുരു എഫ് സി മത്സരം നിര്‍ത്തിവച്ചു

കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളുരു എഫ്‌സി
മത്സരം തടസ്സപ്പെട്ടു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ നേടി സമനിലയിലായിരുന്നു. രണ്ടാം പകുതി തുടങ്ങി മിനിറ്റുകള്‍ക്കുളളിലാണ് വൈദ്യുതി തടസ്സപ്പെട്ടത്. 

കളിയുടെ പതിനേഴാം മിനിട്ടില്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ബംഗലൂരുവിനെ മുപ്പതാം മിനിട്ടില്‍ സ്ലാവിസ്ല സ്‌റ്റോജനോവിക് നേടിയ പെനല്‍റ്റി ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില പിടിച്ചത്.പെനല്‍റ്റി ബോക്‌സില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ബംഗലൂരു താരം നിഷുകുമാര്‍ വീഴ്ത്തിയതിനാണ് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. കിക്കെടുത്ത് സ്‌റ്റോജനോവിക്കിന് പിഴച്ചില്ല. പതിനേഴാം മിനുറ്റില്‍ മിക്കുവിന്റെ പാസില്‍ നിന്നായിരുന്നു ബംഗലൂരുവിനായി ഛേത്രിയുടെ മനോഹര ഫിനിഷിംഗ്.

കളിയുടെ മൂന്നാം മിനിട്ടില്‍ ബ്ലാസ്‌റ്റേഴ്‌സിനാണ് ഗോളിലേക്ക് ആദ്യ അവസരം ലഭിച്ചത്. ബോക്‌സിനകത്തുനിന്ന് പ്രശാന്ത് നല്‍കിയ ലോ ക്രോസ് കണക്ട് ചെയ്ത് വിനീത് തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ആക്രമിച്ച് കളിച്ച ബംഗലൂരുവിന്റെ മുന്നേറ്റമാണ് ആദ്യപകുകിയില്‍ കാണാനായത്. ആദ്യഗോള്‍ വീണതിന് പിന്നാലെ ഫ്രീ കിക്കില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കിയിരുന്നു.

തൊട്ടു പിന്നാലെ സി കെ വിനീത് ബംഗലുരൂ ഗോള്‍ കീപ്പര്‍ സന്ധുവിനെ കീഴടക്കിയെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ പന്ത് പുറത്ത് പോയി. ആദ്യ പകുതി തീരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിയിരിക്കെ പ്രശാന്തിന്റെ ക്രോസില്‍ നിന്ന് ലെന്‍ ഡംഗല്‍ തൊടുത്ത ഗോളന്നുറച്ച ഷോട്ട് ഗുര്‍പ്രീത് സിംഗ് സന്ധു തട്ടിയയകറ്റിയത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അവിശ്വസനീയതയോടെയാണ് കണ്ടിരുന്നത്.

ആദ്യ ഇലവനില്‍ സി കെ വിനീതിനെയും സഹല്‍ അബ്ദുള്‍ സമദിനെയും കെ പ്രശാന്തിനെയും ഉള്‍പ്പെടുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പുനെ സിറ്റി എഫ്‌സിക്കെതിരായ കഴിഞ്ഞ മല്‍സരത്തിലും സഹലും വിനീതും ആദ്യ ഇലവനിലുണ്ടായിരുന്നു. പ്രശാന്തിനെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇത്തവണ ആദ്യ ഇലവനില്‍ മൂന്ന് മലയാളികളായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com