ട്വന്റി20 പരമ്പരയും പിടിക്കാന്‍ ഇന്ത്യ, വീണ്ടെടുപ്പിനുറച്ച് വിന്‍ഡിസ്; രണ്ടാം ട്വന്റി20 ഇന്ന്‌

വിന്‍ഡിസിന് മേല്‍ മൂന്ന് ഫോര്‍മാറ്റിലും സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കുക ലക്ഷ്യമിട്ട് രോഹിത്തും സംഘവും ഇന്നിറങ്ങും
ട്വന്റി20 പരമ്പരയും പിടിക്കാന്‍ ഇന്ത്യ, വീണ്ടെടുപ്പിനുറച്ച് വിന്‍ഡിസ്; രണ്ടാം ട്വന്റി20 ഇന്ന്‌

വിന്‍ഡിസിന് മേല്‍ മൂന്ന് ഫോര്‍മാറ്റിലും സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കുക ലക്ഷ്യമിട്ട് രോഹിത്തും സംഘവും ഇന്നിറങ്ങും. ഇന്ത്യ-വിന്‍ഡിസ് രണ്ടാം ട്വന്റി20ക്ക് മുന്നോടിയായി എക്‌നാ രാജ്യാന്തര സ്‌റ്റേഡിയത്തിന്റെ പേര് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഭാരത് രത്‌ന അടല്‍ ബിഹാരി വാജ്പേയി എന്ന് മാറ്റി. പാര്‍ലമെന്റില്‍ വാജ്പേയി പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു ലഖ്‌നൗ. 

ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് നടക്കുന്ന ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരമാണ് ഇത്. കളിക്കളത്തിലെ കളിയിലേക്ക് വരുമ്പോള്‍ വിന്‍ഡിസിന് ടെസ്റ്റും, ഏകദിനവും കഴിഞ്ഞ ട്വന്റി20യിലേക്ക് എത്തിയിട്ടും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുന്നില്ല. ആദ്യ ട്വന്റി20യില്‍ തട്ടിയും മുട്ടിയുമാണ് ഇന്ത്യ ജയിച്ചു കയറിയത്. അത് തിരിച്ചറിഞ്ഞ് വിന്‍ഡിസ് ടീം ജയത്തിനായി ലഖ്‌നൗവില്‍ ശ്രമിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. 

ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ആദ്യ ട്വന്റി20യിലെ ജയത്തിന് മുന്‍പ് 2014 മാര്‍ച്ച് 23നായിരുന്നു ഇന്ത്യ അവസാനമായി വിന്‍ഡിസിനെ ട്വന്റി20യില്‍ തോല്‍പ്പിക്കുന്നത്. പിന്നീട് നാല് വട്ടം തുടര്‍ച്ചയായി വിന്‍ഡിസ് ഇന്ത്യയെ കീഴടക്കി. ഇന്ത്യയ്ക്ക് മേല്‍ ട്വന്റി20യില്‍ വിന്‍ഡിസിനുള്ള വിജയ കുതിപ്പാണ് ആദ്യ ട്വന്റി20യില്‍ തന്നെ രോഹിത്തും സംഘവും അവസാനിപ്പിച്ചത്. 

ഈഡന്‍ ഗാര്‍ഡനില്‍ രോഹിത്തും, ധവാനും, രാഹുലും, പന്തും, പാണ്ഡേയും പരാജയപ്പെട്ടിരുന്നു. ഗാസ്ട്രിക് പ്രശ്‌നത്തെ തുടര്‍ന്ന് ആദ്യ ട്വന്റി20 നഷ്ടപ്പെട്ട ഭുവി ലഖ്‌നൗവില്‍ ടീമിലേക്ക് തിരികെ എത്തിയേക്കും. ഭുവിക്കൊപ്പം ഭൂമ്രയും യുവതാരം ഖലീല്‍ അഹ്മദും പ്ലേയിങ് ഇലവനിലേക്കെത്തും. കിരണ്‍ പൊള്ളാര്‍ഡും, ഡാരന്‍ ബ്രാവോയും മടങ്ങി എത്തിയിട്ടും വിന്‍ഡിസിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com