ബെല്‍ഗ്രേഡില്‍ തോറ്റ് തുന്നം പാടി ലിവര്‍പൂള്‍; പിഎസ്ജിയും നാപോളിയും പണി തന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്‌

മിലന്‍ പവ്‌ക്കോവിന്റെ ഇരട്ട ഗോളുകളാണ് ഗ്രൂപ്പ് സിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ എത്തിയ ലിവര്‍പൂളിനെ നിലംപരിശാക്കിയത്
ബെല്‍ഗ്രേഡില്‍ തോറ്റ് തുന്നം പാടി ലിവര്‍പൂള്‍; പിഎസ്ജിയും നാപോളിയും പണി തന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്‌

സെര്‍ബിയന്‍ തലസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കാന്‍ എത്തിയതായിരുന്നു ലിവര്‍പൂള്‍. ഗോള്‍ വല കുലുക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാതെയായിരുന്നു റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ ലിവര്‍പൂളിന്റെ ആധിപത്യമത്രയും. റെഡ്‌സ്റ്റാര്‍ അടിച്ചു കയറ്റിയ രണ്ട് ഗോളിന്റെ ഭാരവും പേറി ബെല്‍ഗ്രേഡ് വിടുകയാണ് ക്ലോപ്പും സംഘവും. 

ബെല്‍ഗ്രേഡിനെതിരായ തോല്‍വിയോടെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടം എന്നത് ഈ സീസണിലും ലിവര്‍പൂളിന് കിട്ടാക്കനിയാകുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ഉടലെടുത്തുന കഴിഞ്ഞു. ഇനി പിഎസ്ജി, നാപോളി എന്നിവരാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍. ഇവര്‍ക്കെതിരായ കളിയില്‍ ജയം പിടിച്ചെങ്കില്‍ മാത്രമേ നോക്ക്ഔട്ട് ഫേസില്‍ ലിവര്‍പൂളിന് എത്താന്‍ സാധിക്കുകയുള്ളു. 

ആന്‍ഫീല്‍ഡില്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജയം പിടിച്ചതിന് പിന്നാലെ ബെല്‍ഗ്രേഡിന്റെ മണ്ണില്‍ നേരിട്ട തോല്‍വിയുടെ ഞെട്ടലിലാണ് ലിവര്‍പൂള്‍. മിലന്‍ പവ്‌ക്കോവിന്റെ ഇരട്ട ഗോളുകളാണ് ഗ്രൂപ്പ് സിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ എത്തിയ ലിവര്‍പൂളിനെ നിലംപരിശാക്കിയത്. 

22ാം മിനിറ്റില്‍ വല കുലുക്കിയ പവ്‌ക്കോവ് 29ാം മിനിറ്റില്‍ 25 വാര അകലെ നിന്നും തൊടുത്ത ഷോട്ടിലൂടെ വീണ്ടും ലിവര്‍പൂളിന്റെ നെഞ്ച് തകര്‍ത്തു. മത്സരത്തിന്റെ എഴുപതാം മിനിറ്റ് വരെ കാത്ത് നില്‍ക്കേണ്ടി വന്നു ലിവര്‍പൂളിന് റെഡ്സ്റ്റാര്‍ ഗോള്‍ കീപ്പറെ അലട്ടുന്നൊരു മുന്നേറ്റം ഗോള്‍ പോസ്റ്റിന് മുന്നില്‍ കാഴ്ച വെക്കാന്‍. റെഡ്സ്റ്റാര്‍ സ്റ്റേഡിയത്തില്‍ പന്ത് കൈവശം വയ്ക്കുന്നതിലും പാസുകളിലും പാസുകളുടെ കൃത്യതയിലും എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം ലിവര്‍പൂളിനുണ്ടായിരുന്നു. പക്ഷേ ടാര്‍ഗറ്റിലേക്കുള്ള ഷോട്ടുകളില്‍ അവര്‍ക്ക് പിഴച്ചു. 

ഫോമിലേക്ക് ഒരുഘട്ടത്തിലും ഉയരാതിരുന്ന സല, വേഗത കൊണ്ടോ പന്തടക്കം കൊണ്ടോ മികവ് കാണിക്കുന്നതില്‍ പരാജയപ്പെട്ട മനേയും സ്റ്ററിഡ്ജും ഉള്‍പ്പെട്ട മുന്നേറ്റ നിരയുമാണ് ലിവര്‍പൂളിന് തലവേദന തീര്‍ത്തത്. 2014ന് ശേഷം ചാമ്പ്യന്‍സ് ലീഗിലെ ഒരു മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ ലിവര്‍പൂള്‍ രണ്ട് ഗോളുകള്‍ വഴങ്ങുന്നത് ഇതാദ്യം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com