റോമയില്‍ നിന്നും മാല്‍ക്കോമിനെ റാഞ്ചിയത് വെറുതെയല്ല; ആ കണ്ണീരും ആദ്യ ഗോളും അതിന് തെളിവെന്ന് ആരാധകര്‍

83ാം മിനിറ്റില്‍ മാല്‍ക്കോം വല കുലുക്കി. മാല്‍ക്കോം കളിക്കളത്തില്‍ കാല്‍ കുത്തിയിട്ട് 90 സെക്കന്‍ഡ് മാത്രമേ അപ്പോള്‍ പിന്നിട്ടിരുന്നുള്ളു
റോമയില്‍ നിന്നും മാല്‍ക്കോമിനെ റാഞ്ചിയത് വെറുതെയല്ല; ആ കണ്ണീരും ആദ്യ ഗോളും അതിന് തെളിവെന്ന് ആരാധകര്‍

സ്വപ്‌നം കണ്ടിരുന്ന നിമിഷം മുന്നിലെത്തുമ്പോള്‍ അതിനോടുള്ള പ്രതികരണം പലര്‍ക്കും പല വിധമാകും. കളിക്കളത്തിലും അങ്ങിനെ തന്നെ. ബാഴ്‌സാ താരം മാല്‍ക്കോമിനും ഇന്നലെ തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ ദിവസമായിരുന്നു. ബാഴ്‌സ കുപ്പായത്തില്‍ ആദ്യമായി വല കുലുക്കി മാല്‍ക്കോം അത് ആഘോഷിച്ചത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു. 

ഇന്റര്‍മിലാനെതിരെ 80ാം മിനിറ്റില്‍ വാല്‍വെര്‍ദെ മാല്‍ക്കോമിനെ ഡെംബെലെയ്ക്ക് പകരക്കാരനായി ഇറക്കി. 83ാം മിനിറ്റില്‍ മാല്‍ക്കോം വല കുലുക്കി. മാല്‍ക്കോം കളിക്കളത്തില്‍ കാല്‍ കുത്തിയിട്ട് 90 സെക്കന്‍ഡ് മാത്രമേ അപ്പോള്‍ പിന്നിട്ടിരുന്നുള്ളു.

കുട്ടിഞ്ഞോയുടെ പാസില്‍ നിന്നും ഇന്റര്‍മിലാന്‍ ഗോളി ഹാന്‍ഡനോവിച്ചിനെ മറികടന്ന് മാല്‍ക്കോം ഇടത് കാല്‍ കൊണ്ട് പന്ത് ഗോള്‍വലയ്ക്കുള്ളിലേക്കിട്ടു. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 41 മില്യണ്‍ യൂറോയ്ക്ക് ബാഴ്‌സയിലേക്ക് എത്തിയ മാല്‍ക്കോമിന് പക്ഷേ നല്ല നാളുകളായിരുന്നില്ല ക്യാംപ്‌നൗവില്‍. 

ഇന്റര്‍മിലാനെതിരെ സമനിലയ്ക്ക് സഹായിച്ച ഗോള്‍ പിറന്നത് മാല്‍ക്കോമിന്റെ ബാഴ്‌സയ്ക്ക് വേണ്ടിയുള്ള നാലാമത്തെ കളിയില്‍ നിന്നും. ഈ ഗോളിലൂടെ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാന്‍ സാധിക്കുമെന്നാണ് മാല്‍ക്കോമിന്റേയും ആരാധകരുടേയും കണക്കു കൂട്ടല്‍. 

മാല്‍ക്കോമിന്റെ ബാഴ്‌സയിലേക്കുള്ള വരവും വിവാദം നിറഞ്ഞതായിരുന്നു.  മാല്‍ക്കോമിനെ റോമയ്ക്ക് നല്‍കാന്‍ ബോര്‍ഡ്യുക്‌സ് സമ്മതിച്ച് നില്‍ക്കെയായിരുന്നു ബാഴ്‌സ കൂടുതല്‍ തുക വാഗ്ദാനം ചെയ്ത് എത്തുന്നത്. ഇതോടെ ബാഴ്‌സയും റോമയും തമ്മിലുള്ള നിയമയുദ്ധത്തിലേക്കും കാര്യങ്ങള്‍ എത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com