ഐപിഎല്ലില്‍ കളിക്കരുതെന്ന് ഇന്ത്യന്‍ പേസര്‍മാരോട് കോഹ് ലി; ലോക കപ്പിന് ഒരുങ്ങാന്‍ നിര്‍ദേശം

ലോക കപ്പിന് വേണ്ടി ഐപിഎല്ലില്‍ നിന്നും പിന്മാറുന്ന കളിക്കാര്‍ക്ക് വേണ്ട നഷ്ടപരിഹാരം ബിസിസിഐ നല്‍കണം എന്നാണ് ആവശ്യം
ഐപിഎല്ലില്‍ കളിക്കരുതെന്ന് ഇന്ത്യന്‍ പേസര്‍മാരോട് കോഹ് ലി; ലോക കപ്പിന് ഒരുങ്ങാന്‍ നിര്‍ദേശം

ഇന്ത്യന്‍ ടീമിലെ പ്രധാനപ്പെട്ട ഫാസ്റ്റ് ബൗളര്‍മാരോട് ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ച് നായകന്‍ വിരാട് കോഹ് ലി. ലോക കപ്പ് മുന്നില്‍ കണ്ടാണ് കോഹ് ലിയുടെ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോഹ് ലിയുടെ നിര്‍ദേശത്തില്‍ ബിസിസിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. 

സുപ്രീംകോടതി നിയോഗിച്ച ഭരണാധികാര സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോഹ് ലി ഈ നിര്‍ദേശവും മുന്നോട്ടു വെച്ചത്. ജസ്പ്രിത് ഭൂമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിങ്ങനെ ഇന്ത്യയ്ക്ക് വേണ്ടി ലോക കപ്പ് കളിക്കാന്‍ സാധ്യതയുള്ള ഫാസ്റ്റ് ബൗളര്‍മാരോടാണ് കോഹ് ലിയുടെ നിര്‍ദേശം. 

മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ലോക കപ്പ്. ഐപിഎല്‍ ഏപ്രിലില്‍ ആരംഭിച്ച് മെയ് മൂന്നാം വാരത്തോടെ അവസാനിക്കും. ലോക കപ്പിന് വേണ്ടി ഐപിഎല്ലില്‍ നിന്നും പിന്മാറുന്ന കളിക്കാര്‍ക്ക് വേണ്ട നഷ്ടപരിഹാരം ബിസിസിഐ നല്‍കണം എന്നാണ് ആവശ്യം. എന്നാല്‍ ഈ പേസര്‍മാര്‍ ഒന്നുകില്‍ ഐപിഎല്ലിന്റെ ആദ്യ പാതത്തിലോ, രണ്ടാം പാതത്തിലോ മാത്രം കളിക്കണം എന്നാണ് കോഹ് ലിയുടെ നിര്‍ദേശത്തിന് ബദലായി ചിലര്‍ ഉന്നയിക്കുന്നത്. 

കോഹ് ലിയുടെ ഈ ആവശ്യം, പേസര്‍മാരെ വാങ്ങിയിട്ടുള്ള ഫ്രാഞ്ചൈസികളെ പ്രതികൂലമായി ബാധിക്കും. എന്നാല്‍ അത് സംബന്ധിച്ച് തീരുമാനം കളിക്കാരെ കൈമാറുന്നതിനുള്ള സമയം അവസാനിക്കുന്ന നവംബര്‍ 15ന് മുന്‍പ് ഫ്രാഞ്ചൈസികളെ അറിയിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. 

കോഹ് ലിയുടെ ആവശ്യം നടപ്പിലായാല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക മുംബൈ ഇന്ത്യന്‍സിനെയാവും. ഭൂമ്രയേയും ഹര്‍ദിക് പാണ്ഡ്യയേയും അവര്‍ക്ക് നഷ്ടമാകും. ബാറ്റ്‌സ്മാന്‍മാരുടെ കാര്യത്തില്‍ കോഹ് ലി സമാനമായ ആവശ്യം ഉന്നയിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com