വനിതാ ട്വന്റി20 ലോക കപ്പിന് ഇന്ന് തുടക്കം; കീവീസിനെ പറത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

സ്മൃതി മന്ദാന, മിതാലി രാജ്, ജെമിമ റോഡ്രിഗ്‌സ് എന്നിവര്‍ അടങ്ങുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്
വനിതാ ട്വന്റി20 ലോക കപ്പിന് ഇന്ന് തുടക്കം; കീവീസിനെ പറത്താന്‍ ഇന്ത്യ ഇന്നിറങ്ങുന്നു

സ്വന്തം മണ്ണില്‍ നാണം കെട്ട് കളി അവസാനിപ്പിക്കേണ്ടി വന്നിരുന്നു ഇന്ത്യന്‍ വനിതകള്‍ക്ക് 2016ലെ ട്വന്റി20 ലോക കപ്പില്‍. എന്നാല്‍ ഇംഗ്ലണ്ട് ലോക കപ്പില്‍ ഫൈനലിലേക്ക് കുതിച്ചായിരുന്നു ഇന്ത്യന്‍ പെണ്‍പടയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഒരു വര്‍ഷത്തിന് ഇപ്പുറം കരിബീയന്‍ മണ്ണിലേക്ക് കുട്ടിക്രിക്കറ്റിന്റെ പൂരം എത്തുമ്പോള്‍, ഇതുവരെ വനിതാ ക്രിക്കറ്റിനോട് ഇല്ലാത്ത വിധം ആകാംക്ഷയും ആവേശവും രാജ്യത്തെ ക്രിക്കറ്റ് പ്രേമികളില്‍ നിറയ്ക്കുകയാണ് അവര്‍. 

കരുത്ത് ബാറ്റിങ്ങില്‍

ഗ്രൂപ്പ് ബിയില്‍ ഇന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുന്നതോടെ ടൂര്‍ണമെന്റിന് തുടക്കമാകും. സ്മൃതി മന്ദാന, മിതാലി രാജ്, ജെമിമ റോഡ്രിഗ്‌സ് എന്നിവര്‍ അടങ്ങുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്. മിന്നും ഫോമിലാണ് മൂവരും. ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ തകര്‍ത്തടിച്ച മന്ദാന കരീബിയന്‍ മണ്ണിലും തീപാറിച്ചാല്‍ ഇന്ത്യ കുതിക്കുമെന്നുറപ്പ്. 

ലോക കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ഇംഗ്ലണ്ടിനെതിരെ 32 ബോളിലായിരുന്നു 6 ഫോറും മൂന്ന് സിക്‌സും പറത്തി ഹര്‍മന്‍ 62 റണ്‍സ് എടുത്തത്. ഹര്‍മനും ഫോമിലേക്ക് എത്തിയതോടെ ബാറ്റിങ്ങില്‍ ടൂര്‍ണമെന്റിലെ കരുത്തരായി ഇന്ത്യ. 

പിടിച്ചു കെട്ടും ബൗളിങ് പട

സ്പിന്‍ ബൗളിങ്ങിലും ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് ഇടയില്ല. പൂനം യാദവും, രാധാ യാദവും, ദീപ്തി ശര്‍മയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കി വിക്കറ്റ് വീഴ്ത്തുന്നു. പരിചയസമ്പത്തില്ലാത്ത പേസ് നിരയാണെങ്കിലും വിശ്വസ്തരാണ് ഇന്ത്യയുടെ പേസ് നിര. അരുന്ധതി റെഡ്ഡി, വസ്ട്രാക്കര്‍ എന്നിവരുടെ പക്കല്‍ കിടിലന്‍ ബൗണ്‍സറുകളും ഔട്ട്‌സ്വിങ്ങറുമുണ്ട്. ഓഫ് കട്ടറിലാണ് ജോഷിയുടെ കരുത്ത്.

സന്നാഹ മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട് കോച്ച് പുകഴ്ത്തിയത് തന്നെ ഇന്ത്യന്‍ ബൗളിങ് നിരയെയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഞങ്ങളെ എറിഞ്ഞിടുകയായിരുന്നു എന്നാണ് ഇംഗ്ലണ്ട് കോച്ച് മാര്‍ക്ക് റോബിന്‍സന്‍ പറഞ്ഞത്.

പ്രായവും പരിചയവും കുറവ്‌

യുവ നിരയാണ് ഇന്ത്യയുടേത്. ടീമിലെ ആറ് താരങ്ങള്‍ ആദ്യമായി ലോക കപ്പ് കളിക്കുന്നു. ടീമിന്റെ ശരാശരി പ്രായം 24 വയസ്. മിതാലിയും ബിഷ്തും മാത്രമാണ് 30ല്‍ നില്‍ക്കുന്നത്. മൂന്ന് കൗമാരക്കാര്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ അഞ്ച് താരങ്ങളുടെ പ്രായം 25 ആണ്. ടീമിലെ അഞ്ചില്‍ അധികം താരങ്ങള്‍ ഇതുവരെ കളിച്ചിരിക്കുന്നത് 15 മത്സരങ്ങള്‍ മാത്രം. 

കീവീസില്‍ ബെറ്റ്‌സിനെ പൂട്ടണം

2016 ലോക കപ്പിലും കീവീസ് തന്നെയായിരുന്നു ഇന്ത്യയുടെ ആദ്യ എതിരാളി. അന്ന് കീവീസിനെ തറപറ്റിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. അത് ഇന്ന് ഇന്ത്യന്‍ നിരയ്ക്ക് ആത്മവിശ്വാസം നല്‍കും. അന്ന് ലോക കപ്പ് കളിച്ച പല താരങ്ങളും ഇന്നും കീവീസ് നിരയിലുണ്ട്. അവരില്‍ ബെറ്റ്‌സാണ് ഇന്ത്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നത്. നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ് ബെറ്റ്‌സിന്റെ ബാറ്റിങ്. ഡൊമസ്റ്റിക് സീസണില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടിയാണ് ലോക കപ്പിലേക്ക് ബെറ്റ്‌സ് വന്നിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com