നായികയുടെ തോളിലേറി ടീം ഇന്ത്യ, 51 പന്തില്‍ 103 റണ്‍സ് ; ട്വന്റി ട്വന്റി ലോകകപ്പില്‍ ജയത്തോടെ തുടക്കം, ന്യൂസിലന്‍ഡിനെ 34 റണ്‍സിന് തോല്‍പ്പിച്ചു

ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറി മികവില്‍ വനിതാ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് വിജയ തുടക്കം
നായികയുടെ തോളിലേറി ടീം ഇന്ത്യ, 51 പന്തില്‍ 103 റണ്‍സ് ; ട്വന്റി ട്വന്റി ലോകകപ്പില്‍ ജയത്തോടെ തുടക്കം, ന്യൂസിലന്‍ഡിനെ 34 റണ്‍സിന് തോല്‍പ്പിച്ചു

ഗയാന: ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറി മികവില്‍ വനിതാ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യക്ക് വിജയ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ അകമ്പടിയില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് അടിച്ചുകൂട്ടിയത്. ട്വന്റി ട്വന്റി വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ ന്യൂസിലന്‍ഡിന് നിശ്ചിത ഓവറില്‍ 160 റണ്‍സ് എടുക്കാന്‍ മാത്രമേ സാധിച്ചുളളൂ. 

ഇതിനിടെ കീവിസിന്റെ ഒന്‍പതു വിക്കറ്റുകളും ഇന്ത്യന്‍ ബൗളര്‍മാര്‍ പിഴുതെടുത്തു. അരങ്ങേറ്റ മത്സരത്തില്‍ മൂന്നു വിക്കറ്റ് നേടിയ ഹേമലതയുടെ പ്രകടനമാണ് ഇന്ത്യന്‍ ബൗളിങില്‍ തിളങ്ങി നിന്നത്. ഇതിന് പുറമേ എതിരാളിയുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പൂനം യാദവും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. കൗണ്ടി ക്രിക്കറ്റില്‍ കളിച്ച മികവുമായെത്തിയ ഹര്‍മന്‍പ്രീത് 51 പന്തില്‍ ഏഴു ഫോറിന്റേയും എട്ടു സിക്‌സിന്റേയും അകമ്പടിയോടെ 103 റണ്‍സാണ് അടിച്ചെടുത്തത്. ട്വന്റി ട്വന്റിയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും ഹര്‍മന്‍പ്രീത് സ്വന്തമാക്കി. പതിനെട്ടുകാരിയായ അരങ്ങേറ്റ താരം ജെമീമ റോഡ്രിഗസ് ഇന്ത്യന്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. 45 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 59 റണ്‍സാണ് ജെമീമ നേടിയത്. ഇരുവരും നാലാം വിക്കറ്റില്‍ 134 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇത് ഇന്ത്യയുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഒമ്പത് റണ്‍സെടുക്കുന്നതിനിടയില്‍ ഓപ്പണര്‍ ടാനിയ ഭാട്ടിയയെ നഷ്ടപ്പെട്ടു. സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ സ്മൃതി മന്ദാനയും ക്രീസ് വിട്ടു. രണ്ട് റണ്‍സായിരുന്നു മന്ദാനയുടെ സമ്പാദ്യം. പിന്നീട് 15 റണ്‍സെടുത്ത ദയാലന്‍ ഹേമലതയുടെ ഊഴമായിരുന്നു. ഇതോടെ മൂന്ന് വിക്കറ്റിന് 40 റണ്‍സെന്ന നിലയിലായി ഇന്ത്യ. പിന്നീടാണ് ഹര്‍മന്‍പ്രീതും ജെമീമയും ഒത്തുചേര്‍ന്നത്. വേദ കൃഷ്ണമൂര്‍ത്തി രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം ഒരു പന്ത് നേരിട്ട് രാധാ യാദവുമുണ്ടായിരുന്നു.കിവീസിനായി ലീ തഹൂഹു രണ്ട് വിക്കറ്റ് വീഴ്ത്തി. വാറ്റ്കിന്‍, കസ്‌പേര്‍ക്, ഡെവിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com