ഡിവില്ല്യേഴ്സ് തിരിഞ്ഞും ചരിഞ്ഞും ബാറ്റ് ചെയ്യുമ്പോൾ മിസ്റ്റർ 360; പക്ഷേ ബൗളർമാരോ...? നിയമ സാധുത തേടി ശിവ സിങ്

360 ഡിഗ്രിയിൽ വട്ടം കറങ്ങി പന്തെറിഞ്ഞ് ഉത്തർപ്രദേശ് താരം ശിവ സിങ് എന്ന പത്തൊൻപതുകാരൻ ക്രിക്കറ്റ് പണ്ഡിതർക്കിടയിൽ വൻ ചർച്ചകൾക്ക് വഴിതുറന്നിരുന്നു
ഡിവില്ല്യേഴ്സ് തിരിഞ്ഞും ചരിഞ്ഞും ബാറ്റ് ചെയ്യുമ്പോൾ മിസ്റ്റർ 360; പക്ഷേ ബൗളർമാരോ...? നിയമ സാധുത തേടി ശിവ സിങ്

മുംബൈ: 360 ഡിഗ്രിയിൽ വട്ടം കറങ്ങി പന്തെറിഞ്ഞ് ഉത്തർപ്രദേശ് താരം ശിവ സിങ് എന്ന പത്തൊൻപതുകാരൻ ക്രിക്കറ്റ് പണ്ഡിതർക്കിടയിൽ വൻ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ബം​ഗാളിനെതിരെ ആ പന്തെറിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. തന്റെ പന്തിനു നിയമ സാധുത നൽകണമെന്ന ആവശ്യവുമായി നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ സമീപിച്ചിരിക്കുകയാണ് ശിവ സിങ്.

സികെ നായിഡു ട്രോഫിക്കിടെയാണ് താരത്തിന്റെ വട്ടംകറങ്ങിയുള്ള കൗതുകമായി മാറിയ പന്തേറ്. റണ്ണപ്പിന് ശേഷം 360 ‍ഡ‍ിഗ്രിയിൽ വട്ടം കറങ്ങിയാണ് ശിവ സിങ് പന്ത് റിലീസ് ചെയ്തത്. ആ പന്ത് പ്രത്യേകിച്ച് ഒരു ചലനവും മൈതാനത്തുണ്ടാക്കിയില്ല. പക്ഷേ അംപയറായിരുന്ന വിനോദ് ശേഷൻ അതു ഡെഡ് ബോൾ ആയി വിധിച്ചു.

അമ്പരന്ന ശിവ സിങും ഉത്തർ പ്രദേശ് നായകൻ ശിവം ചൗധരിയും ഇക്കാര്യം സംസാരിച്ചെങ്കിലും സഹ അംപയർ രവിശങ്കറുമായി സംസാരിച്ച് അതു ഡെഡ് ബോളാണെന്ന തന്റെ നിലപാടിൽ വിനോദ് ശേഷൻ ഉറച്ചുനിന്നു. ബാറ്റ്സ്മാനെയോ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന താരത്തെയോ മനഃപൂർവം കബളിപ്പിക്കാനുള്ള ശ്രമം ബോളർ നടത്തുന്ന സാഹചര്യത്തിൽ പന്ത് ഡെഡ് ബോൾ ആയി വിധിക്കാമെന്ന ഐസിസി നിയമത്തിന്റെ ചുവടുപിടിച്ചാണ് ശിവ സിങ്ങിന്റെ 360 ഡിഗ്രി ബോൾ ഡെഡ് ആണെന്നു കണ്ടെത്തിയത്. എന്നാൽ, ബൗളർമാരെ മാത്രം ഇത്തരത്തിൽ നിയന്ത്രിക്കുന്നതിന്റെ സാംഗത്യമാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് ഇത്തരം കളിയുടെ പേരിൽ മിസ്റ്റർ 360 എന്നാണ് അറിയപ്പെടുന്നതു പോലും. 

തന്റെ ബൗളിങ് ആക്ഷൻ ബിസിസിഐ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് താരം പറഞ്ഞു. ഇത്തരത്തിൽ ബൗളർക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതു ശരിയല്ല. നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചല്ലാതെ ബാറ്റ് ചെയ്യുന്ന എത്രയോ താരങ്ങളുണ്ട്. അവരെക്കുറിച്ച് എന്താണു പറയാനുള്ളത്? തന്റെ ആക്ഷനിൽ ഒരു കുഴപ്പവുമില്ലെന്നാണ് ഇപ്പോഴും നിലപാട്. മുൻപ് പല പ്രാദേശിക മത്സരങ്ങളിലും ഈ ആക്ഷൻ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. അന്നൊന്നും അംപയർമാർ ഡെഡ് ബോൾ വിളിച്ചിട്ടില്ല. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ ഇതേ ആക്ഷൻ ഉപയോഗിച്ചപ്പോഴും യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്നും താരം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com