കൊലവിളിയുമായി വീണ്ടും മാഫിയാ സംഘം; തോക്കിന്‍ മുനയില്‍ നിന്ന് ക്വിന്റേറോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊളംബിയന്‍ ദേശീയ ഫുട്‌ബോള്‍ താരം യുവാന്‍ സെബാസ്റ്റിയന്‍ ക്വിന്റേറോ വെടി വയ്പ്പിനെ അതിജീവിച്ച് കഷ്ടിച്ച് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ്
കൊലവിളിയുമായി വീണ്ടും മാഫിയാ സംഘം; തോക്കിന്‍ മുനയില്‍ നിന്ന് ക്വിന്റേറോ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബൊഗോട്ട: ആരാധകരെന്ന് അവകാശപ്പെടുന്ന മാഫിയാ സംഘത്തില്‍ നിന്ന് കൊളംബിയന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നിരന്തരം ഭീഷണികളും മറ്റും നേരിടേണ്ടി വരാറുണ്ട്. ഇക്കഴിഞ്ഞ ലോകകപ്പില്‍ നിന്ന് കൊളംബിയ പുറത്തായപ്പോഴും ടീമിലെ പല താരങ്ങള്‍ക്കും വധ ഭീഷണിയും സാമൂഹിക മാധ്യമങ്ങളിലൂടെ തെറി വിളിയടക്കമുള്ളവയും നേരിടേണ്ടി വന്നിരുന്നു. 

1994 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരെ സെല്‍ഫ് ഗോള്‍ നേടിയതിനെ തുടര്‍ന്ന് കൊളംബിയന്‍ താരം ആന്ദ്രെ എസ്‌കോബാറിനെ അക്രമികള്‍ വെടി വച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം അന്ന് വന്‍ പ്രതിഷേധങ്ങളൊക്കെ ഉണ്ടായെങ്കിലും ഇത്ര കാലം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒന്നും മാറ്റം സംഭവിച്ചിട്ടില്ലെന്ന് അടുത്തിടയുള്ള സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇപ്പോഴും കളിക്കാര്‍ക്കു നേരെ മാഫിയകളുടെ ഭീഷണി പതിവാണ്.

ഇപ്പോഴിതാ കൊളംബിയന്‍ ദേശീയ ഫുട്‌ബോള്‍ താരം യുവാന്‍ സെബാസ്റ്റിയന്‍ ക്വിന്റേറോ വെടി വയ്പ്പിനെ അതിജീവിച്ച് കഷ്ടിച്ച് ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ്. ഡിപ്പോര്‍ട്ടീവോ കാലിയുടെ കളിക്കാരനായ ക്വിന്റേറോയ്ക്ക് നേരെ രണ്ട് പേര്‍ ആക്രമണം നടത്തുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് താരം രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ഡിപ്പോര്‍ട്ടീവോ ഫസ്റ്റ് ഡിവിഷന്‍ പ്ലേ ഓഫിന് സ്ഥാനം നേടാത്തതിനെ തുടര്‍ന്നാണ് ആക്രമണം. പാസ്‌തോയുമായുള്ള കളിക്കു ശേഷം സഹോദരനുമൊത്ത് ക്വിന്റേറോ ഫഌറ്റിലേക്ക് കാറോടിച്ച് തിരികെ പോവുകയായിരുന്നു. ഇതിനിടെ രണ്ട് പേര്‍ ബൈക്കിലെത്തി വെടിവയ്ക്കുകയായിരുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജമുണ്ടിയില്‍ വച്ചാണ് താരത്തിനെയും സഹോദരനേയും ബൈക്കിലെത്തിയവര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തിയത്. കാറിനെടുത്തെത്തിയ ബൈക്ക് യാത്രികര്‍ ഡോറില്‍ മുട്ടുമ്പോള്‍ തോക്ക് കണ്ടതോടെ താന്‍ അതിവേഗം വാഹനം ഓടിക്കുകയായിരുന്നുവെന്ന് താരം പറഞ്ഞു. ബുള്ളറ്റുകള്‍ ഡോറില്‍ കൊണ്ടെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഫുട്‌ബോള്‍ ഒരു കളി മാത്രമാണ്. ഇന്ന് താനാണെങ്കില്‍, നാളെ മറ്റൊരാളായിരിക്കും ആക്രമണത്തിനിരയാവുകയെന്നും താരം പറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com