അഥവാ പെനാല്‍റ്റി എടുത്താലോ; സകല തയ്യാറെടുപ്പുകളുമായി പിക്ക്‌ഫോര്‍ഡ്

മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അമേരിക്കയെ പരാജയപ്പെടുത്തി മത്സരം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു
അഥവാ പെനാല്‍റ്റി എടുത്താലോ; സകല തയ്യാറെടുപ്പുകളുമായി പിക്ക്‌ഫോര്‍ഡ്

ലണ്ടന്‍: കഴിഞ്ഞ ദിവസം അരങ്ങേറിയ ഇംഗ്ലണ്ട്- യുഎസ്എ സൗഹൃദ ഫുട്‌ബോള്‍ പോരാട്ടം വെയ്ന്‍ റൂണിയെന്ന ഇതിഹാസ താരത്തിന്റെ വിട വാങ്ങല്‍ മത്സരമെന്ന നിലയിലാണ് ശ്രദ്ധേയമായത്. മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അമേരിക്കയെ പരാജയപ്പെടുത്തി മത്സരം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. 

മത്സരത്തിലെ തന്ത്രങ്ങളുടെ ഭാഗമായി താരങ്ങള്‍ പല തരത്തിലുള്ള കണക്കുകൂട്ടലുകളും പദ്ധതികളും ആവിഷ്‌കരിക്കാറുണ്ട്. ഓരോ മത്സരത്തിനും മത്സരത്തിനും മുന്‍പ് താരങ്ങള്‍ നന്നായി ഗൃഹപാഠം നടത്താറുമുണ്ട്. ഇംഗ്ലണ്ട്- അമേരിക്ക മത്സരത്തിനിടെ അത്തരത്തിലൊരു തന്ത്രത്തിന്റെ ഭാഗമായുള്ള കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. 

ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡാണ് കഥാപാത്രം. അമേരിക്കക്കെതിരായ മത്സരത്തിന് മുന്‍പ് യുഎസ് ടീമിലെ ആരൊക്കെയാണ് പെനാല്‍റ്റി എടുക്കുന്നതില്‍ വിദഗ്ധന്‍മാരെന്ന് മനസിലാക്കി വച്ച പിക്ക്‌ഫോര്‍ഡ് അവരുടെ പേരുകള്‍ മൈതാനത്തേക്കെടുക്കുന്ന വാട്ടര്‍ ബോട്ടിലിന് മുകളില്‍ കുറിച്ചുവച്ചു. ഓരോ താരവും എടുക്കുന്ന കിക്കുകള്‍ ഏത് വശത്തേക്ക് ചാടി തടുക്കാം എന്നെല്ലാം താരം കുറിച്ചുവച്ചിരുന്നു. 

ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊളംബിയക്കെതിരെ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലേക്ക് നയിക്കുന്നതില്‍ പിക്ക്‌ഫോര്‍ഡിന് നിര്‍ണായക പങ്കുണ്ടായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോള്‍ കാര്‍ലോസ് ബക്കയെടുത്ത കിക്ക് തടഞ്ഞാണ് പിക്ക്‌ഫോര്‍ഡ് ഹീറോയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com