ഈ ഐപിഎല്‍ സീസണില്‍ യുവിയുടെ ഗതിയെന്താകും? യുവിയെ കൂടെ കൂട്ടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍

ബാംഗ്ലൂര്‍ ടീമില്‍ ഒരു ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇല്ലെന്നിരിക്കെ യുവിക്ക് വേണ്ടി ബാംഗ്ലൂര്‍ എത്താനുള്ള സാധ്യത കൂടുതലാണ്
ഈ ഐപിഎല്‍ സീസണില്‍ യുവിയുടെ ഗതിയെന്താകും? യുവിയെ കൂടെ കൂട്ടാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍

പ്ലേയിങ് ഇലവനില്‍ പോലും സ്ഥാനം ലഭിക്കാതെ യുവി മാറ്റി നിര്‍ത്തപ്പെട്ടിരുന്നു പതിനൊന്നാം ഐപിഎല്‍ സീസണില്‍. ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുത്ത് ഇന്ത്യന്‍ ടീമിലേക്ക് എത്താമെന്ന യുവിയുടെ കണക്കു കൂട്ടലുകളെല്ലാം ഒറഞ്ച് കുപ്പായത്തിനുള്ളില്‍ തകര്‍ന്നടിഞ്ഞു. പന്ത്രണ്ടാം ഐപിഎല്‍ സീസണ്‍ യുവിക്ക് എങ്ങിനെയാവും എന്നാണ് ആരാധകരുടെ ആശങ്ക. 

പഞ്ചാബ് ഒഴിവാക്കിയതോടെ ഡിസംബറില്‍ നടക്കുന്ന ലേലത്തില്‍ ആരാകും യുവിയെ സ്വന്തമാക്കാന്‍ മുന്നോട്ടു വരിക? 2019 ലോക കപ്പ് യുവിയുടെ സ്വപ്‌നമാണ്. ലോക കപ്പിന് മുന്നേ വരുന്ന ഐപിഎല്‍ എന്നത് താരത്തിന് അത്രമാത്രം പ്രധാനപ്പെട്ടതുമാണ്. താര ലേലത്തില്‍ യുവരാജ് സിങ്ങിനായി മുന്നോട്ടു വരുവാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ഇവയാണ്...

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

കടുത്ത നിരാശയിലാണ് ബാംഗ്ലൂര്‍ കഴിഞ്ഞ സീസണ്‍ അവസാനിപ്പിച്ചത്. ബാറ്റിങ്, ബൗളിങ് നിരകള്‍ ബാംഗ്ലൂരിനെ ചതിച്ചു. ബ്രണ്ടന്‍ മക്കല്ലം, കോറേയ് ആന്‍ഡേഴ്‌സന്‍, ക്രിസ് വോക്‌സ് എന്നിവരെയാണ് ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് ബാംഗ്ലൂര്‍ തീരുമാനിച്ചത്. 

ബാംഗ്ലൂര്‍ ടീമില്‍ ഒരു ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇല്ലെന്നിരിക്കെ യുവിക്ക് വേണ്ടി ബാംഗ്ലൂര്‍ എത്താനുള്ള സാധ്യത കൂടുതലാണ്. 2014 സീസണില്‍ ബാംഗ്ലൂരിന് ഒപ്പമായിരുന്നു യുവി. അന്ന് 14 മത്സരങ്ങളില്‍ നിന്നും 376 റണ്‍സ് യുവി സ്‌കോര്‍ ചെയ്തിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ പിച്ച് യുവിയോട് ഇണങ്ങുന്നതാണ്. ബാംഗ്ലൂരിലേക്കെത്തിയാല്‍ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുന്നതിന് കൂടിയുള്ള സാഹചര്യം സൃഷ്ടിക്കാം യുവിക്ക്. 

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഏറെ സീസണുകളായി ഐപിഎല്ലില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് ഒരു രക്ഷയുമില്ല. മാനേജ്‌മെന്റ് ടീമില്‍ പല പല മാറ്റങ്ങള്‍ പരീക്ഷിച്ചുവെങ്കിലും രക്ഷയുണ്ടായില്ല. അതിനാല്‍ ടീമില്‍ വലിയ അഴിച്ചു പണിയാണ് ഡല്‍ഹി ലക്ഷ്യം വയ്ക്കുന്നത്. ഗംഭീര്‍, ജാസന്‍ റോയ്, ജുനിയര്‍ ദാല, ലിയാം പ്ലങ്കറ്റ്, മുഹമ്മദ് ഷമി, സയന്‍ ഘോഷ്, ഡാനിയല്‍ ക്രിസ്റ്റിയന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ഗുര്‍കീറാത് സിങ്, നമാന്‍ ഓജ എന്നിവരെ ഡല്‍ഹി ഒഴിവാക്കി കഴിഞ്ഞു. 

നിലവില്‍ മികച്ച പരിചയ സമ്പത്തുള്ള താരം ഡല്‍ഹിയില്‍ ഇല്ലെന്നിരിക്കെ അവര്‍ യുവരാജ് സിങ്ങിനെ ലക്ഷ്യം വെച്ചേക്കും. 2015 ഐപിഎല്‍ സീസണില്‍ യുവി ഡല്‍ഹിക്ക് വേണ്ടി കളിച്ചിരുന്നു. 249 റണ്‍സാണ് ഡല്‍ഹിക്ക് വേണ്ടി യുവി അന്ന് സ്‌കോര്‍ ചെയ്തത്. എങ്കിലും പരിചയ സമ്പത്തുള്ള താരത്തെ പരിഗണിക്കുമ്പോള്‍ യുവിക്ക് മുന്‍ തൂക്കം ലഭിച്ചേക്കും. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 

ദിനേഷ് കാര്‍ത്തിക്കിന്റെ നായകത്വത്തില്‍ ഭേദപ്പെട്ട സീസണായിരുന്നു കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞ വട്ടം. എട്ട് ജയങ്ങളോടെ മൂന്നാം സ്ഥാനത്ത് എത്താനായി. മിച്ചല്‍ സ്റ്റാര്‍ക്, മിച്ചല്‍ ജോണ്‍സണ്‍, ടോം കുറാന്‍ എന്നീ താരങ്ങളെയാണ് കൊല്‍ക്കത്ത ഒഴിവാക്കിയത്. ആറ് മത്സരങ്ങളില്‍ നിന്നും ജോണ്‍സന് നേടാനായത് രണ്ട് വിക്കറ്റ് മാത്രം. 

ആേ്രന്ദ റസലും, സുനില്‍ നരേയ്‌നും ഓള്‍ റൗണ്ടര്‍മാരായി ഉണ്ടെങ്കിലും, ഇന്ത്യന്‍ ഓള്‍ റൗണ്ടറിന് വേണ്ടി കൊല്‍ക്കത്ത തിരഞ്ഞാല്‍ യുവിക്ക് അവസരം ലഭിക്കും. സ്പിന്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന ഈഡനിലെ പിച്ചും, യുവിയുടെ ഓള്‍ റൗണ്ടര്‍ മികവും കൊല്‍ക്കത്തയെ പഞ്ചാബ് താരത്തിന് അടുത്തേക്ക് എത്തിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com