രണ്ടാം ട്വന്റി20 നാളെ; ടീം അഴിച്ചുപണി ബാലന്‍സ് കളയും, രാഹുലും ക്രുനാലും തലവേദന

ഓസ്‌ട്രേലിയ എല്ലാ അടവും ജയിക്കുന്നതിനായി പുറത്തെടുത്ത് ശക്തി തെളിയിക്കുമ്പോള്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയാ എട്ടാം പരമ്പര ജയം എന്നത് വെല്ലുവിളിയാണ്
രണ്ടാം ട്വന്റി20 നാളെ; ടീം അഴിച്ചുപണി ബാലന്‍സ് കളയും, രാഹുലും ക്രുനാലും തലവേദന

ഗബ്ബയില്‍ നേരിയ വ്യത്യാസത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ സംഘം രണ്ടാം ട്വന്റി20ക്കായി നാളെ ഇറങ്ങുമ്പോള്‍ ടീമിള്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് സൂചന. അഞ്ച് ദിവസത്തെ ഇടവേളയില്‍ മൂന്ന് ട്വന്റി20 കളിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ ബാറ്റിങ്ങ് ബൗളിങ് കോമ്പിനേഷനുകളില്‍ ഇന്ത്യ മാറ്റം കൊണ്ടുവന്നേക്കും. 

ഏഴ് ട്വന്റി20 പരമ്പരകള്‍ ജയിച്ചാണ് ഇന്ത്യയുടെ നില്‍പ്. ഓസ്‌ട്രേലിയ എല്ലാ അടവും ജയിക്കുന്നതിനായി പുറത്തെടുത്ത് ശക്തി തെളിയിക്കുമ്പോള്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയാ എട്ടാം പരമ്പര ജയം എന്നത് വെല്ലുവിളിയാണ്. തുടര്‍ച്ചയായി പരാജയപ്പെടുന്ന കെ.എല്‍.രാഹുലില്‍ ഊന്നിയായിരിക്കും ഇന്ത്യന്‍ ടീമില്‍ വരുന്ന മാറ്റം. 

ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയതിന് ശേഷം ഇതുവരെ രാഹുലിന് തന്റെ സ്‌കോര്‍ 30ന് മുകളിലെത്തിക്കാനായിട്ടില്ല. മനീഷ് പാണ്ഡേയെ ടീമില്‍ നിന്ന് ഒഴിവാക്കിയും, നായകന്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങിയും ടീം മാനേജ്‌മെന്റ് രാഹുലിന് വേണ്ട അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കൂടി രാഹുല്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സ്ഥിരതയാര്‍ന്ന കളിയാണ് രാഹുലില്‍ നിന്നും വരേണ്ടത്. 

ബൗളിങ് ആക്രമണത്തിലും ടീം മാനേജ്‌മെന്റ് മാറ്റങ്ങള്‍ക്ക് മുതിര്‍ന്നേക്കും. ആറ് സിക്‌സ് ആണ് ക്രുനാല്‍ പാണ്ഡ്യ ഓസീസിനെതിരെ വഴങ്ങിയത്. നാല് ഓവറില്‍ വിട്ടുകൊടുത്തത് 55 റണ്‍സ്. ഗബ്ബയിലെ പിച്ചിന് സമാനമാണ് രണ്ടാം ട്വന്റി20 നടക്കുന്ന എംസിജിയിലേയും. ഈ സാഹചര്യത്തില്‍ ചഹലിനെ കൂടി കളത്തിലിറക്കാന്‍ കോഹ് ലി മുതിര്‍ന്നേക്കും. 

എന്നാല്‍ നേരിയ വ്യത്യാസത്തില്‍ നേരിട്ട തോല്‍വി ആയതിനാല്‍ ടീം മാനേജ്‌മെന്റ് മാറ്റത്തിന് മുതിരാന്‍ തയ്യാറാകാത്ത സാഹചര്യവുമുണ്ട്. ഒരു അഴിച്ചു പണി നടത്തിയാല്‍ ടീം ബാലന്‍സ് പോകും എന്നതിനാലാണ് അത്. ക്രുനാലിനെ മാറ്റിയാല്‍ ഇന്ത്യയ്ക്ക് ഒരു ബാറ്റ്‌സ്മാനെ നഷ്ടപ്പെടും. 

ആദ്യ ട്വന്റി20യിലെ തെറ്റുകളില്‍ നിന്നും പാഠം പഠിച്ച്, കളിയുടെ പ്രധാനപ്പെട്ട ഘട്ടങ്ങളില്‍ മുന്‍തൂക്കം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത് എന്നായിരുന്നു കോഹ് ലി ഗബ്ബയില്‍ പറഞ്ഞത്. കോഹ് ലിയുടെ വാക്കുകളില്‍ നിന്നും ടീമില്‍ മാറ്റമുണ്ടാവില്ലെന്ന സൂചനയാണ് വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com