കത്തിക്കയറി ജഡേജയുടെ കന്നി സെഞ്ച്വറി; പടുകൂറ്റന്‍ സ്‌കോറില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു
കത്തിക്കയറി ജഡേജയുടെ കന്നി സെഞ്ച്വറി; പടുകൂറ്റന്‍ സ്‌കോറില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 649 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. പൃഥ്വി ഷായ്ക്കും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും പിന്നാലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സെഞ്ച്വറി നേടിയതോടെയാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. ജഡേജ സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. 

ടെസ്റ്റ് കരിയറിലെ ജഡേജയുടെ കന്നി സെഞ്ച്വറിയാണ് രാജ്‌കോട്ടില്‍ പിറന്നത്. 132 പന്തുകള്‍ നേരിട്ട് അഞ്ച് വീതം സിക്‌സും ഫോറും തൂക്കി ജഡേജ 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്നിങ്‌സ് അവസാനിപ്പിക്കുമ്പോള്‍ മുഹമ്മദ് ഷമിയായിരുന്നു രണ്ട് റണ്‍സുമായി ജഡേജയ്‌ക്കൊപ്പം ക്രീസില്‍. 22 റണ്‍സുമായി ഉമേഷ് യാദവ് ജഡേജയ്ക്ക് പിന്തുണ നല്‍കിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 600 കടന്നത്. 

നേരത്തെ കോഹ്‌ലി 230 പന്തില്‍ പത്ത് ഫോറിന്റെ അകമ്പടിയോടെ 139  റണ്‍സുമായി മടങ്ങി. കോഹ്‌ലിയുടെ 24ാം ടെസ്റ്റ് ശതകമാണിത്.

അതേസമയം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു റിഷഭ് പന്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ദിനത്തില്‍ ആദ്യം നഷ്ടമായത്. ഏകദിന ശൈലിയില്‍ ബാറ്റേന്തിയ പന്ത് 84 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം 92 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന താരത്തെ ദേവേന്ദ്ര ബിഷുവാണ് മടക്കിയത്.

നേരത്തെ ആദ്യ ദിനത്തില്‍ പൃഥ്വി ഷാ (134), ചേതേശ്വര്‍ പൂജാര (86), അജിന്‍ക്യ രഹാനെ (41) എന്നിവരും ഇന്ത്യക്കായി തിളങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com