കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനുമാകാതെ യുവന്റസ്; ബാധ്യത ആകുമോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ...?

ഈ സീസണില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള വരവ് വന്‍ ലോക ശ്രദ്ധ നേടിയ വിഷയമായിരുന്നു
കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനുമാകാതെ യുവന്റസ്; ബാധ്യത ആകുമോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ...?


മിലാന്‍: ഈ സീസണില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള വരവ് വന്‍ ലോക ശ്രദ്ധ നേടിയ വിഷയമായിരുന്നു. ഒരുപക്ഷേ സീരി എ പോരാട്ടങ്ങള്‍ക്ക് വലിയ ആരാധക പിന്തുണ അധികമില്ലാത്ത മലയാളികളായ ഫുട്‌ബോള്‍ പ്രേമികളെപ്പോലും ആ ചേക്കേറല്‍ സീരി എയിലേക്ക് അടുപ്പിക്കുകയുണ്ടായി. 

വന്‍ തുക മുടക്കി റയല്‍ മാഡ്രിഡില്‍ നിന്ന് സൂപ്പര്‍ താരത്തെ ടീമിലെത്തിച്ചതോടെ യുവന്റസിന്റെ വിപണി മൂല്യത്തിലും വന്‍ കുതിപ്പാണുണ്ടായത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍ അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയെന്ന 34കാരിയുടെ ലൈംഗിക പീഡന ആരോപണം താരത്തെ മാത്രമല്ല യുവന്റസ് ടീമിനെയും ബാധിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്.

താരത്തിന്റെ വരവ് ക്ലബിന്റെ വിപണി മൂല്യം വന്‍ തോതില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പീഡന ആരോപണം വന്നതോടെ ഇക്കാര്യത്തില്‍ വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ് യുവന്റസ്. മിലാന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ യുവന്റസിന്റെ പത്ത് ശതമാനം ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി. 9.92 ശതമാനത്തില്‍ 1.19 യൂറോ നഷ്ടം രേഖപ്പെടുത്തിയാണ് വ്യാപാരം ഇന്നലെ ക്ലോസ് ചെയ്തത്.  

ആഗോള ഭീമന്‍മാരായ നൈകിയുമായി ആജീവനാന്ത പരസ്യ കരാറാണ് ക്രിസ്റ്റ്യാനോയ്ക്കുള്ളത്. വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംഭവങ്ങളുടെ നിജസ്ഥിതി കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. 

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട  ഓണ്‍ലൈന്‍ ഗെയിമായ ഫിഫ 19ന്റെ കവറിലും ക്രിസ്റ്റ്യാനോയുടെ ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ആരോപണം നിനില്‍ക്കുന്ന സാഹചര്യത്തില്‍ ഗെയിമിന്റെ പബ്ലിഷര്‍ ആയ ഇലക്ട്രോണിക് ആര്‍ട്‌സും വിവാദത്തെ കാര്യമായി നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. താരങ്ങളുടെ കളത്തിന് പുറത്തെ ജീവിതവും മറ്റും തങ്ങളുടെ കമ്പനിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് അവരുള്ളത്. 

2009ല്‍ അമേരിക്കയിലെ ഒരു നിശാ ക്ലബില്‍ വച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തുവെന്ന് മയോര്‍ഗ വെളിപ്പെടുത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. എന്നാല്‍ തന്റെ പേര് ദുരുപയോഗം ചെയ്ത് പ്രശസ്തി നേടുകയാണ് മയോര്‍ഗയുടെ ലക്ഷ്യം എന്നായിരുന്നു ക്രിസ്റ്റിയാനോയുടെ ആദ്യ പ്രതികരണം. എന്നാല്‍ ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ മയോര്‍ഗ പുറത്തുവിട്ടതോടെ വിവാദം കനത്തു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കന്‍ പൊലീസ് പരാതി വീണ്ടും അന്വേഷിക്കാനുള്ള ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ കൂടുതല്‍ മറുപടികളുമായി ക്രിസ്റ്റ്യാനോ രംഗത്തെത്തി. താന്‍ നിരപരാധിയാണെന്ന് താരം ആവര്‍ത്തിച്ചു. 

താരത്തെ പിന്തുണച്ച് യുവന്റസ് കഴിഞ്ഞ ദിവസം കുറിപ്പ് പ്രസിദ്ധീകരിച്ചെങ്കിലും ടീം തിരഞ്ഞെടുപ്പിനെ ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം ബാധിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ന് ഇറ്റാലിയന്‍ സീരി എയില്‍ ഉദീനിസയെ നേരിടാനൊരുങ്ങുന്ന യുവന്റസ് ടീമില്‍ ക്രിസ്റ്റ്യാനോ ഉണ്ടാകുമോ എന്നാണ് ആരാധകര്‍ നോക്കുന്നത്. താരം കളിക്കുമെന്ന് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി ഉറപ്പ് പറയാത്തതും അവ്യക്തത പടര്‍ത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com