കുല്‍ദീപ് മാജിക്കിൽ കടപുഴകി വിന്‍ഡീസ്; ഇന്ത്യ ഇന്നിങ്‌സ് ജയത്തിലേക്ക്

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച
കുല്‍ദീപ് മാജിക്കിൽ കടപുഴകി വിന്‍ഡീസ്; ഇന്ത്യ ഇന്നിങ്‌സ് ജയത്തിലേക്ക്

രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോ ഓണ്‍ ചെയ്യുന്ന വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവിന്റെ തന്ത്രപരമായ ബൗളിങിന് മുന്നില്‍ വീന്‍ഡീസ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. 

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 649 റണ്‍സിനു മറുപടിയായി വിന്‍ഡീസിന് ഒന്നാം ഇന്നിങ്‌സില്‍ 181 റണ്‍സ് കണ്ടെത്താനെ സാധിച്ചുള്ളു. ഇന്ത്യ 468 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി വിന്‍ഡീസിനെ ഫോളോ ഓണിന് വിടുകയായിരുന്നു.രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെന്ന നിലയിലാണ്. ഇന്ത്യ ഇന്നിങ്‌സ് ജയം ഏതാണ്ടുറപ്പിച്ച അവസ്ഥയിലാണ്. രണ്ട് വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ വിന്‍ഡീസിന് 283റണ്‍സ് കൂടി വേണം. 

ഓപണറായി ഇറങ്ങിയ കീരന്‍ പവലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന് ആശ്വാസമായത്. 93 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം ഇന്ത്യന്‍ ബൗളിങിനെ കടന്നാക്രമിച്ച പവല്‍ മടങ്ങിയതോടെ സന്ദര്‍ശകര്‍ പ്രതിരോധത്തിലായി. മറ്റൊരാള്‍ക്കും അധിക നേരം ക്രീസില്‍ നിലയുറപ്പിക്കാന്‍ സാധിച്ചതുമില്ല. 13 റണ്‍സുമായി ഡോവ്‌റിച്ച് പുറത്താകാതെ ക്രീസില്‍. 

കുല്‍ദീപ് 14 ഓവറില്‍ 57 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ജഡേജ രണ്ട് വിക്കറ്റുകളും അശ്വിന്‍ ഒരു വിക്കറ്റുമെടുത്തു.  

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 649 റണ്‍സിനു മറുപടിയുമായി മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ വിന്‍ഡീസ് തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയ്ക്ക് ശേഷം മധ്യനിര ബാറ്റ്‌സ്മാന്‍ റോസ്റ്റന്‍ ചേസിന്റേയും വാലറ്റത്ത് കീമോ പോളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ബലത്തില്‍ 100 കടന്നു. നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം വിന്‍ഡീസ് ബാറ്റിങ് തുടങ്ങിയത്.

കൂറ്റനടികളുമായി കീമോ പോള്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയതോടെ തുടക്കത്തില്‍ തന്നെ വിന്‍ഡീസ് കുതിച്ചു. എന്നാല്‍ 49 പന്തില്‍ 47 റണ്‍സെടുത്ത പോളിനെ ഉമേഷ് യാദവ് മടക്കിയതോടെ ഈ കൂട്ടുകെട്ടിന് വിരാമമായി. ഏഴ് ഫോറും രണ്ട് സിക്‌സും സഹിതമാണ് താരം മികച്ച പ്രകടനം പുറത്തെടുത്തത്. എട്ട് ഫോറുകളുടെ അകമ്പടിയില്‍ 53 റണ്‍സുമായി ചേസും പുറത്തായി. 17 റണ്‍സുമായി ദേവേന്ദ്ര ബിഷു പുറത്താകാതെ നിന്നു.

43ാം ഓവറില്‍ ചേസിനേയും പിന്നാലെ ലൂയീസിനേയും മടക്കി അശ്വിനാണ് ഇന്ത്യയെ കളിയിലേക്ക് മടക്കിയെത്തിച്ചത്. അശ്വിന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ഒന്‍പത് വിക്കറ്റിന് 649 റണ്‍സെടുത്ത് ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യദിനം അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായുടെ (134) സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തായതെങ്കില്‍ രണ്ടാംദിനം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (139) രവീന്ദ്ര ജഡേജയും (100*) സെഞ്ച്വറി കണ്ടെത്തി. കരിയറിലെ 24ാമത് സെഞ്ച്വറിയാണ് കോഹ്‌ലി നേടിയത്. എന്നാല്‍ ജഡേജയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണിത്. റിഷഭ് പന്താണ് (92) രണ്ടാം ദിനം ഇന്ത്യന്‍ നിരയില്‍ മികവ് പുലര്‍ത്തിയ മറ്റൊരു താരം. ചേതേശ്വര്‍ പുജാര (86), അജിന്‍ക്യ രഹാനെ (41), ആര്‍ അശ്വിന്‍ (7), കുല്‍ദീപ് യാദവ് (12), ഉമേഷ് യാദവ് (22) എന്നിവരാണ് രണ്ടാംദിനം പുറത്തായ മറ്റു താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com