ദേ അനിയന്‍മാരും; ഏഷ്യാ കപ്പ് കിരീടത്തിലേക്ക് ശ്രീലങ്കയ്ക്ക് കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വച്ച് ഇന്ത്യ

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് പോരാട്ടത്തിന്റെ ഫൈനലില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി
ദേ അനിയന്‍മാരും; ഏഷ്യാ കപ്പ് കിരീടത്തിലേക്ക് ശ്രീലങ്കയ്ക്ക് കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വച്ച് ഇന്ത്യ

ധാക്ക: ചേട്ടന്‍മാരുടെ കിരീട നേട്ടത്തിന്റെ ആവേശവുമായി കളിക്കാനിറങ്ങിയ ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് പോരാട്ടത്തിന്റെ ഫൈനലില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ശ്രീലങ്കക്കെതിരായ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ കൗമാരപ്പട നിശ്ചിത 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 304 റണ്‍സ്. ശ്രീലങ്ക 305 റണ്‍സ് വിജയത്തിലേക്ക് ബാറ്റ് ചെയ്യുകയാണ്. 

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയവരെല്ലാം മികച്ച സംഭാവനകള്‍ നല്‍കിയതോടെയാണ് സ്‌കോര്‍ 300 കടന്നത്. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങാണ് മത്സരഗതി മാറ്റി മറിച്ചത്. 

ടോപ് ഓര്‍ഡര്‍ ബാറ്റിങ് മികവിലാണ് ഇന്ത്യ 
കൂറ്റന്‍ സ്‌കോര്‍ നേടിയത്. 40 ഓവര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലിയിലായിരുന്നു. അവസാന പത്തോവറില്‍ നിന്ന് 113 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 

ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാല്‍ (85), അനുജ് റാവത്ത് (57) എന്നിവര്‍ക്കൊപ്പം മലയാളി താരം ദേവദത്ത് പടിക്കല്‍ (31), ക്യാപ്റ്റന്‍ പ്രഭ് സിമ്രാന്‍ സിങ് (65*), ആയുഷ് ബദോനി (52*) എന്നിവരും കൂടി ചേര്‍ന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ബദോനിയും പ്രഭ് സിമ്രാന്‍ സിങും കൂടി ചേര്‍ന്നാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

14 സിക്‌സുകള്‍ പിറന്ന മത്സരത്തില്‍ പ്രഭ് സിമ്രാന്‍ സിങ് നാലും ആയുഷ് ബദോനി അഞ്ചും സിക്‌സുകളാണ് നേടിയത്. വെറും 37 പന്തില്‍ നിന്ന് പ്രഭ് സിമ്രാന്‍ 65 റണ്‍സ് നേടിയപ്പോള്‍ ബദോനി 28 പന്തുകളില്‍ നിന്ന് 52 റണ്‍സ് നേടി. 110 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയത്. 

ശ്രീലങ്കയ്ക്കായി കല്‍ഹാര സേനാരത്‌നേ, കലന പെരേര, ദുലിത് വെല്ലാലാഗെ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com