സൗജന്യ ടിക്കറ്റിനായി വാശി തുടരുന്നു; വിന്‍ഡിസ് പരമ്പരയ്ക്കുള്ള വേദികളില്‍ അനിശ്ചിതത്വം നീങ്ങുന്നില്ല

രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിലെ 90 ശതമാനം ടിക്കറ്റും വില്‍പ്പനയ്ക്ക് വയ്ക്കണം എന്നതാണ് പുതിയ നിബന്ധന
സൗജന്യ ടിക്കറ്റിനായി വാശി തുടരുന്നു; വിന്‍ഡിസ് പരമ്പരയ്ക്കുള്ള വേദികളില്‍ അനിശ്ചിതത്വം നീങ്ങുന്നില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്ക് പത്ത് ദിവസം മാത്രം ശേഷിക്കെ മത്സര വേദികളില്‍ അനിശ്ചിതത്വം തുടരുന്നു. മൂന്നാം ട്വന്റി20ക്ക് വേദിയാവില്ലെന്നാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ നിലപാട്. നാലാം ഏകദിനത്തിന് വേദിയാവില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനും ബിസിസിഐയെ അറിയിച്ചു കഴിഞ്ഞു. 

പെയ്‌മെന്റിന് വേണ്ട ചെക്കുകളില്‍ ഒപ്പിടുവാന്‍ ഓഫീസില്‍ ഉദ്യോഗസ്ഥരുണ്ടാവില്ല എന്ന കാരണം പറഞ്ഞാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തിന് വേദിയാവില്ലെന്ന നിലപാട് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിക്കുന്നത്. എന്നാല്‍ മത്സരം മുംബൈയില്‍ നിന്നും മാറ്റാതെ, പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പ് സാധ്യമാകുമെന്ന് സുപ്രീംകോടതി നിയോഗിച്ച ഭരണ നിര്‍വഹണ സമിതി തലവന്‍ വിനോദ് റായി പറഞ്ഞു. 

തങ്ങള്‍ ആവശ്യപ്പെട്ട സൗജന്യ പാസുകള്‍ നല്‍കാത്തതാണ് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ പ്രകോപിപ്പിച്ചത്. രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിലെ 90 ശതമാനം ടിക്കറ്റും വില്‍പ്പനയ്ക്ക് വയ്ക്കണം എന്നതാണ് പുതിയ നിബന്ധന. ബിസിസിഐക്കുള്ള സൗജന്യ ടിക്കറ്റിന്റെ എണ്ണം 1200ല്‍ നിന്നും 604ലേക്ക് ഭരണനിര്‍വഹണ സമിതി വെട്ടിക്കുറച്ചിരുന്നു. 

എന്നാല്‍ നൂറ് ടിക്കറ്റ് അധികം നല്‍കിയാല്‍ പോലും നിലപാടില്‍ നിന്നും പിന്മാറില്ലെന്നാണ് തമിഴ്‌നാട് വ്യക്തമാക്കുന്നത്. 23000 കാണികളെയാണ് എംഎ ചിദംബരം സ്റ്റേഡിയം ഉള്‍ക്കൊള്ളുക. അതില്‍ 15,000 ടിക്കറ്റുകള്‍ മാത്രം കാണികള്‍ക്കായി വില്‍പ്പനയ്ക്ക് വെച്ചാല്‍ മതിയെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന്റെ വേദിയായി ഇന്‍ഡോറായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോംപ്ലിമെന്ററി പാസില്‍ കൊണ്ടുവന്ന നിയമം പിന്തുടരാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയതോടെ മത്സരം വിശാഖപട്ടണത്തേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com