ബെയ്‌ലിനെ റയലില്‍ നിന്നും ഒഴിവാക്കാമെന്ന വാക്കില്‍ നിന്നും ടീം തലവന്‍ പെരസ് പിന്നോട്ടു പോയതാണ് സിനദിന്‍ സിദാന്‍ ബെര്‍ണാബ്യുവിടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണ്‍ അവസാനിക്കുമ്പോള്‍ ബെയ്‌ലിനെ ടീമില്‍ നിന്നും പുറത്താക്കാമെന്നായിരുന്നു പെരസിന്റെ ഉറപ്പ്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരായ തകര്‍പ്പന്‍ ഗോള്‍ ബെയ്‌ലില്‍ നിന്നും വന്നതോടെ പെരസ് വാക്ക് മാറ്റുകയായിരുന്നു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്നാം വട്ടവും റയലിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതിന് പിന്നാലെയായിരുന്നു ആരാധകരെ ഞെട്ടിച്ച് സിദാന്‍ ക്ലബ് വിട്ടത്. ക്രിസ്റ്റ്യാനോയേക്കാള്‍ ഭേദം ബെയ്ല്‍ ആണെന്ന നിലപാടാണ് പെരസ് സ്വീകരിച്ചതെന്നാണ് സ്പാനിഷ് മാധ്യമമാണ് എല്‍ പെയ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബെയ്‌ലിനെ വിറ്റ്, മുഹമ്മദ് സല, ഹസാര്‍ഡ്, ഹാരി കെയ്ന്‍ എന്നിവരില്‍ ഒരാളെ ടീമില്‍ എത്തിക്കുകയായിരുന്നു സിദാന്റെ ലക്ഷ്യം. പെരസ് ഇതിനോട് യോജിച്ചുവെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ബെയ്‌ലിന്റെ ഗോളിന് പിന്നാലെ നിലപാട് മാറ്റുകയായിരുന്നു. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിപണിയില്‍ സല, നെയ്മര്‍, എംബാപ്പെ എന്നിങ്ങനെ താരങ്ങളെ റയല്‍ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും വലിയ സൈനിങ്ങുകള്‍ നടന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ