രണ്ടാമൂഴം; ഇത്തവണ തന്ത്രമോതുവാൻ; മൊണാക്കോയിൽ ഹെൻറി യു​ഗം വീണ്ടും

ഇതിഹാസ ഫ്രഞ്ച് താരം തിയറി ഹെൻറി ലീ​ഗ് വൺ മുൻ ചാംപ്യൻമാരായ എഎസ് മൊണാക്കോയുടെ പുതിയ പരിശീലകൻ
രണ്ടാമൂഴം; ഇത്തവണ തന്ത്രമോതുവാൻ; മൊണാക്കോയിൽ ഹെൻറി യു​ഗം വീണ്ടും

പാരീസ്: ഇതിഹാസ ഫ്രഞ്ച് താരം തിയറി ഹെൻറി ലീ​ഗ് വൺ മുൻ ചാംപ്യൻമാരായ എഎസ് മൊണാക്കോയുടെ പുതിയ പരിശീലകൻ. അഞ്ച് വർഷത്തോളം മൊണാക്കോയുടെ ജേഴ്സിയിൽ കളത്തിലെത്തിയ താരത്തിന്റെ ടീമിലേക്കുള്ള രണ്ടാം വരവാണിത്. സീസണിലെ മോശം ഫോമിനെ തുടർന്ന് ലിയനാർഡോ ജാർഡിമിനെ ക്ലബ് പുറത്താക്കിയിരുന്നു. പകരമാണ് ഹെൻറിയുടെ വരവ്. 

ക്ലബുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്. ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട മൊണാക്കോയിലേക്ക് അദ്ദേഹം സ്വതന്ത്ര പരിശീലകനായി തുടക്കമിടാൻ എത്തുകയാണെന്ന പ്രത്യേകതയും ഈ വരവിനുണ്ട്. ഇത്രയും വലിയൊരു അവസരം മൊണാക്കോ തനിക്കു നല്‍കിയതില്‍ നന്ദിയുണ്ടെന്ന് ഹെൻറി പ്രതികരിച്ചു. തനിക്ക് ഏറെ സ്‌പെഷ്യലായ ക്ലബാണ് മൊണാക്കോ. അവിടേക്കു തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മുന്നിലുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ താന്‍ സജ്ജനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്‌ബോള്‍ കരിയറിനോട് ഗുഡ്‌ബൈ പറഞ്ഞ ശേഷം പരിശീലക റോളിലേക്ക് മാറിയ ഹെൻറി യൂറോപ്പിലെ മുന്‍നിര ടീമായ ബെല്‍ജിയത്തിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ബെല്‍ജിയം. ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരുടെ നിരയിലാണ് ഹെൻറിയുടെ സ്ഥാനം. ഇംഗ്ലീഷ് വമ്പന്‍മാരായ ആഴ്‌സനലിന്റെ ഇതിഹാസ താരമായി വളർന്ന അദ്ദേഹം യുവന്റസ്, ബാഴ്‌സലോണ തുടങ്ങി യൂറോപ്പിലെ കരുത്തരായ ടീമുകള്‍ക്ക് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. 

ഫ്രാൻസിന്റെ 1998ലെ ലോകകപ്പ് നേട്ടത്തിൽ നിർണായക സാന്നിധ്യമായിരുന്നു ഹെൻറി. രാജ്യത്തിനായി 123 മത്സരങ്ങൾ കളിച്ച 41കാരനായ താരം 51 ​ഗോളുകൾ നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com