ഇന്ത്യയെ കറക്കി വീഴ്ത്തി പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്; വിജയം 60 റണ്‍സിന്

മികച്ച ബൗളിങിലൂടെ ഇന്ത്യയുടെ ചറുത്തുനില്‍പ്പ് 184 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് 60 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്
ഇന്ത്യയെ കറക്കി വീഴ്ത്തി പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്; വിജയം 60 റണ്‍സിന്

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി വഴങ്ങി ഇന്ത്യ പരമ്പര അടിയറവ് വച്ചു. മികച്ച ബൗളിങിലൂടെ ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് 184 റണ്‍സില്‍ അവസാനിപ്പിച്ച്‌ ഇംഗ്ലണ്ട് 60 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ ഇംഗ്ലണ്ട് 3-1ന് പിടിച്ചെടുത്തു. ഇനി അവസാന ടെസ്റ്റില്‍ വിജയിച്ച് മുഖം രക്ഷിക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലെ ഏക വഴി. 

245 റണ്‍സ് വിജലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 184 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 246 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 271 റണ്‍സുമാണ് കണ്ടെത്തിയത്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 273 റണ്‍സെടുത്ത് നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. 

വിജയത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ തുടക്കത്തില്‍ തന്നെ തകര്‍ന്നുപോയി. 22 റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടമായി. പിന്നീട് ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (58), വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (51) എന്നിവര്‍ ചെറുത്തുനിന്നത് പ്രതീക്ഷ സമ്മാനിച്ചെങ്കിലും ഇരുവരേയും പുറത്താക്കി മോയിന്‍ അലിയാണ് കളി വീണ്ടും ഇംഗ്ലണ്ടിന് അനുകൂലമാക്കിയത്. 

ഓപണര്‍ ലോകേഷ് രാഹുല്‍ (0), ഒന്നാം ഇന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ ചേതേശ്വര്‍ പൂജാര (അഞ്ച്), ശിഖര്‍ ധവാന്‍ (17), ഹര്‍ദിക് പാണ്ഡ്യ (പൂജ്യം), റിഷഭ് പന്ത് (18), ഇഷാന്ത് ശര്‍മ (പൂജ്യം), മുഹമ്മദ് ഷമി (എട്ട്) എന്നിവരെല്ലാം അധികം ചെറുത്തുനില്‍പ്പില്ലാതെ കീഴങ്ങി. വാലറ്റത്ത് അശ്വിന്‍ ചെറുത്തുനില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതിനും ആയുസുണ്ടായില്ല. അശ്വിന്‍ 25 റണ്‍സിന് പുറത്തായി. ബുമ്‌റ പുറത്താകാതെ നിന്നു. 

നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മോയിന്‍ അലിയുടെ ബൗളിങാണ് ഇന്ത്യയെ വെട്ടിലാക്കിയത്. ആന്‍ഡേഴ്‌സന്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളെടുത്തു. സ്റ്റുവര്‍ട്ട് ബ്രോഡ, സാം കുറന്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 

നേരത്തെ, എട്ടിന് 260 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 11 റണ്‍സ് എടുക്കുന്നതിനിടെ ശേഷിച്ച രണ്ട് വിക്കറ്റുകളും നഷ്ടമായി. നാലാം ദിനം ആദ്യ പന്തില്‍ത്തന്നെ സ്റ്റുവര്‍ട്ട് ബ്രോഡിനെ പുറത്താക്കി ഇന്ത്യയ്ക്കു മികച്ച തുടക്കം സമ്മാനിച്ച മുഹമ്മദ് ഷമി, നാല് വിക്കറ്റ് സ്വന്തമാക്കി. 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും രണ്ടാം റണ്ണിനോടി സാം കുറന്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിന് 271 റണ്‍സില്‍ തിരശീല വീണു. കുറന്‍ 83 പന്തില്‍ ആറ് ബൗണ്ടറിയോടെ 46 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ ഒന്നും ജസ്പ്രീത് ബുമ്‌റ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com