കേരളപ്പിറവി ദിനത്തില്‍ ഇന്ത്യയുടെ പോരാട്ടം തിരുവനന്തപുരത്ത്

വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ തീരുമാനം
കേരളപ്പിറവി ദിനത്തില്‍ ഇന്ത്യയുടെ പോരാട്ടം തിരുവനന്തപുരത്ത്

മുംബൈ: നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പോരാട്ടം നേരില്‍ കാണാന്‍ മലയാളികള്‍ക്ക് അവസരം. വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ തീരുമാനം. ഇതുള്‍പ്പെടെ വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്ന് ടി20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. 

ഒരുക്കങ്ങളുടെ ഭാഗമായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കോര്‍പറേറ്റ് ബോക്‌സുകളുടെ നിര്‍മാണവും ഗാലറിയിലെ ഗേറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്. ടിക്കറ്റ് വില്‍പനയ്ക്കു പ്രഫഷനല്‍ ഏജന്‍സികളുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 

ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് കളി തിരുവനന്തപുരത്ത് തന്നെയാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചത്. കൊച്ചിയില്‍ കളി നടത്താനുള്ള നീക്കങ്ങളുടെ പേരില്‍ കലൂര്‍ സ്‌റ്റേഡിയത്തിലെ രാജ്യാന്തര ഫുട്‌ബോള്‍ മൈതാനം കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. വിവാദമുയര്‍ന്നതോടെ ഇക്കാര്യത്തില്‍ ബിസിസിഐ ഇടപെടുകയായിരുന്നു. സര്‍ക്കാരും തിരുവനന്തപുരത്ത് മത്സരം നടത്തണമെന്ന നിലപാട് എടുത്തതോടെ കെസിഎ വഴങ്ങുകയായിരുന്നു. 

മത്സരക്രമം

ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്- രാജ്‌കോട്ട് (ഒക്ടോബര്‍ 4-8)
രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്- ഹൈദരാബാദ് (ഒക്ടോബര്‍ 12-16)

ഒന്നാം ഏകദിനം- ഗുവാഹത്തി (ഒക്ടോബര്‍ 21)
രണ്ടാം ഏകദിനം- ഇന്‍ഡോര്‍ (ഒക്ടോബര്‍ 24)
മൂന്നാം ഏകദിനം- പൂനെ (ഒക്ടോബര്‍ 27)
നാലാം ഏകദിനം- മുംബൈ (ഒക്ടോബര്‍ 29)
അഞ്ചാം ഏകദിനം- തിരുവനന്തപുരം (നവംബര്‍ ഒന്ന്)

ഒന്നാം ടി20- കൊല്‍ക്കത്ത (നവംബര്‍ നാല്)
രണ്ടാം ടി20- ലഖ്‌നൗ (നവംബര്‍ ആറ്)
മൂന്നാം ട്വന്റി20- ചെന്നൈ (നവംബര്‍ 11)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com